ad
Deshabhimani

യുഎസ് താൽപര്യത്തിന് വഴങ്ങി കേന്ദ്രം; ആണവമേഖലയെ സ്വകാര്യവത്കരിക്കുന്ന ശാന്തി ബിൽ ലോക്സഭ പാസാക്കി

Stock nuclear plant

Representative Image

വെബ് ഡെസ്ക്

Published on Dec 17, 2025, 07:02 PM | 2 min read

ന്യൂഡൽഹി: തന്ത്രപ്രധാനമായ ആണവമേഖലയിൽ പൂർണമായും സ്വകാര്യ പങ്കാളിത്തം ലക്ഷ്യംവെച്ചുള്ള ‘സസ്‌റ്റെയിനബിൾ ഹാർനസിങ്‌ ആൻഡ്‌ അഡ്വാൻസ്‌മെന്റ്‌ ഓഫ്‌ ന്യൂക്ലിയർ എനർജി ഫോർ ട്രാൻ-സ്‌ഫോർമിങ്‌ ഇന്ത്യ’ ബിൽ (ശാന്തി ബിൽ) ലോക്സഭയിൽ പാസാക്കി. കടുത്ത പ്രതിപക്ഷ പ്രതിഷേധത്തെ മറികടന്നാണ് നടപടി. കേന്ദ്ര നീക്കത്തില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭവിട്ടിറങ്ങിപ്പോയി.


1962ലെ ആണവോർജ നിയമത്തിനും 2010ലെ ആണവബാധ്യതാ നിയമത്തിനും പകരമാണ്‌ പുതിയ ബിൽ. ഇന്ത്യയുമായി വ്യാപാര കരാറിൽ ഏർപ്പെടുന്നതിന്‌ ട്രംപ്‌ ഭരണകൂടം മുന്നോട്ടുവയ്‌ക്കുന്ന പ്രധാന ഉപാധികളിലെന്നാണ്‌ ആണവോർജ മേഖലയുടെ സ്വകാര്യവൽക്കരണവും ആണവബാധ്യതാ നിയമത്തിലെ ഭേദഗതിയും.​


മോദി സംരക്ഷിക്കുന്നത്‌ യുഎസ്‌ താൽപ്പര്യം


പല യൂറോപ്യൻ രാജ്യങ്ങളും സുരക്ഷാകാരണങ്ങളും മറ്റും കണക്കിലെടുത്ത്‌ ആണവോർജത്തോട്‌ ‘ഗുഡ്‌ബെ’ പറഞ്ഞ ഘട്ടത്തിലാണ്‌ ട്രംപ്‌ ഭരണകൂടത്തിന്റെ സമ്മർദപ്രകാരം ആണവോർജ മേഖലയെ സ്വകാര്യവൽക്കരിക്കാനുള്ള മോദി സർക്കാർ തീരുമാനം. ആണവോർജത്തോടുള്ള എതിർപ്പ്‌ കാരണം നിലവിൽ അമേരിക്കയിൽ പോലും പുതിയ റിയാക്ടറുകൾ സ്ഥാപിക്കാത്ത സാഹചര്യത്തിലാണ്‌ മോദി സർക്കാർ സ്വകാര്യ ആണവകമ്പനികളെ സ്വാഗതം ചെയ്യുന്നത്‌.


ആണവോർജത്തോട്‌ ലോകവ്യാപകമായി തന്നെ എതിർപ്പുയരാൻ കാരണം സുരക്ഷാആശങ്കയാണ്‌. അമേരിക്കയിലെ ത്രീമൈൽ ഐലന്റ്‌ ആണവനിലയത്തിലുണ്ടായ ആണവ ചോർച്ചയും റഷ്യയിലെ ചെർണോബിലുണ്ടായ ആണവദുരന്തവും ജപ്പാനിലെ ഫുക്കുഷിമയിലുണ്ടായ ചോർച്ചയുമെല്ലാം ആണവോർജത്തിന്റെ അപകടസാധ്യത തുറന്നുകാട്ടി.


ഉയർന്നതോതിൽ അണുവികിരണ ശേഷിയുള്ള ആണവാവശിഷ്ടങ്ങൾ സുരക്ഷിതമായി സൂക്ഷിക്കുകയെന്ന വെല്ലുവിളിയുമുണ്ട്‌. മറ്റ്‌ ഉ‍ൗർജസ്രോതസ്സുകളെ അപേക്ഷിച്ച്‌ ഏറ്റവും ചെലവേറിയതാണെന്നതും ആണവോർജത്തിന്റെ ന്യൂനതയാണ്‌. സ‍ൗരോർജമടക്കം ചെലവുകുറഞ്ഞ ആവർത്തനോപയോഗ ഉ‍ൗർജ മേഖലകളുടെ വേഗത്തിലുള്ള വികാസം സംഭവിക്കുന്ന ഘട്ടത്തിൽ ആണവോർജം അനിവാര്യമാണെന്ന നിലപാട്‌ പല ലോകരാഷ്ട്രങ്ങൾക്കുമില്ല.


ആണവനിലയങ്ങളുടെ ആവശ്യകത കുറഞ്ഞതോടെ റിയാക്ടർ നിർമാണരംഗത്തെ യുഎസ്‌ കുത്തകകളായ വെസ്‌റ്റിങ്‌ഹ‍ൗസും ജിഇ ഹിറ്റാച്ചിയും മറ്റും പ്രതിസന്ധിയിലാണ്‌. ഇ‍ൗ കമ്പനികളുടെ ഉയിർപ്പാണ്‌ ഇന്ത്യൻ ആണവമേഖലയെ സ്വകാര്യവൽക്കരിക്കുന്നതിലൂടെ ട്രംപ്‌ ഭരണകൂടം ലക്ഷ്യമിടുന്നത്‌.


പ്രധാന വ്യവസ്ഥകൾ


• ആണവനിലയം സ്ഥാപിക്കാനും നടത്താനും സ്വകാര്യ ആണവകമ്പനികൾക്ക്‌ അനുമതി. ആണവനിലയങ്ങൾക്കായി ഇറക്കുമതി ചെയ്യാനും സംഭരിക്കാനും സമ്പുഷ്ടീകരിക്കാനും അനുമതി.

• പിപിപി മാതൃകയിലും സംയുക്ത സംരംഭ മാതൃകയിലുമെല്ലാം നിലയങ്ങൾ സ്ഥാപിക്കാം. സർക്കാർ ലൈസൻസ്‌ നൽകണം.

• പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന ആണവനിലയങ്ങൾ ‘ഡീകമീഷൻ’ ചെയ്യാനും സ്വകാര്യ കമ്പനികൾക്ക്‌ അധികാരം.

• ആണവോർജത്തിന്‌ പുറമെ ആണവനിലയങ്ങൾക്ക്‌ ആവശ്യമായ സാങ്കേതികവിദ്യ, സോഫ്‌റ്റ്‌വെയർ എന്നിവ വികസിപ്പിക്കാനും ഉൽപ്പാദിപ്പിക്കാനും അനുമതി.

• ആണവദുരന്തം സംഭവിച്ചാൽ നഷ്ടപരിഹാരം നൽകുന്നതിന്റെ ഭാഗമായി ആണവകമ്പനികൾക്ക്‌ ഇൻഷുറൻസ്‌ പദ്ധതിയെ ആശ്രയിക്കുകയോ അല്ലെങ്കിൽ സാമ്പത്തിക സുരക്ഷാ സംവിധാനം ഏർപ്പെടുത്തുകയോ ചെയ്യാം. 30 കോടി ഡോളറിന്‌ തത്തുല്യമായ ഇന്ത്യൻ രൂപയായിരിക്കും പരമാവധി നഷ്ടപരിഹാരം.

• ആണവനിലയങ്ങളുമായി ബന്ധപ്പെട്ട കേസുകളും മറ്റും കേൾക്കുന്നതിന്‌ പ്രത്യേക ട്രൈബ്യൂണലുകളുണ്ടാകും. ആണവബാധ്യതാ വിഷയങ്ങളും മറ്റും ട്രൈബ്യൂണലുകളാകും തീർപ്പാക്കുക.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home