print edition സ്വന്തമായി സ്ഥിരജീവനക്കാർ ഇല്ലാതെ എൻടിഎ


സ്വന്തം ലേഖകൻ
Published on Jul 23, 2026, 12:28 AM | 1 min read
ന്യൂഡൽഹി : കോടിക്കണക്കിന് വിദ്യാർഥികളുടെ പരീക്ഷാനടത്തിപ്പിനുള്ള കേന്ദ്രീകൃത ഏജൻസിയായ ‘നാഷണൽ ടെസ്‌റ്റിങ്ങ് ഏജൻസി’ക്ക് (എൻടിഎ) സ്വന്തമായി ഒറ്റ സ്ഥിരം ജീവനക്കാരൻ പോലുമില്ല. മൊത്തം 39 സ്ഥിരം തസ്‌തിക ഉണ്ടെങ്കിലും മറ്റ് വകുപ്പുകളിൽ നിന്നും ഡെപ്യുട്ടേഷനിൽ എത്തിയ 24 ജീവനക്കാർ മാത്രമാണുള്ളത്. 15 തസ്‌തിക ഒഴിഞ്ഞുകിടക്കുന്നു. 73 ജീവനക്കാർ കരാർ അടിസ്ഥാനത്തിലും 124 പേർ പുറംകരാറിലും ജോലിചെയ്യുന്നു. പല സുപ്രധാന തസ്‌തികകളിലും കരാർ, പുറംകരാർ ജീവനക്കാരാണുള്ളതെന്നും കേന്ദ്ര വിദ്യാഭ്യാസ സഹമന്ത്രി സുകാന്ത മജുംദാർ രാജ്യസഭയിൽ വി ശിവദാസൻ എംപിയുടെ ചോദ്യത്തിന് മറുപടി നൽകി.
ചോദ്യപേപ്പർ ചോർച്ചകളെ തുടർന്ന് നിരവധി തവണ പുനഃപരീക്ഷകൾ നടത്തിയിട്ടുള്ള എൻടിഎ ഇതുവരെ മൊത്തം എത്ര പുനഃപരിശോധനകൾ നടത്തിയെന്ന ചോദ്യത്തിന് കേന്ദ്രമന്ത്രി ഉത്തരം നൽകിയില്ല. നൂറോളം പരീക്ഷകളിൽ ചോദ്യപേപ്പറുകൾ ചോർന്നതായും അന്പതോളം തവണ പുനഃപരീക്ഷകൾ നടത്തിയതായും റിപ്പോർട്ടുകളുണ്ട്.
എൻഡിഎ അധികാരത്തിലെത്തിയ ശേഷം പരീക്ഷകളുടെ പേരിൽ വിദ്യാർഥികളിൽ നിന്നും അമിതഫീസ് ഇൗടാക്കുന്നുവെന്ന ആരോപണങ്ങളെ ശരിവെക്കുന്ന രീതിയിലുള്ള മറുപടിയാണ് വിദ്യാഭ്യാസ മന്ത്രാലയം നൽകിയത്. രജിസ്‌ട്രേഷൻ ഫീസിനത്തിൽ 2018–2019ലെ 504.16 കോടി വരുമാനം 2023–2024ൽ 1116.84 കോടി രൂപയായി കുതിച്ചുയർന്നത് ഇതിനുള്ള തെളിവാണ്. അതിനുശേഷമുള്ള രണ്ടുവർഷങ്ങളിലെ വരുമാനകണക്ക് വിദ്യാഭ്യാസ മന്ത്രാലയം നൽകിയിട്ടില്ല. വിദ്യാർഥികളുടെ താൽപര്യങ്ങൾക്ക് കടകവിരുദ്ധമായ രീതിയിൽ പ്രവർത്തിക്കുന്ന എൻടിഎ പിരിച്ചുവിടണമെന്നും ഗുരുതരവീഴ്‌ച്ചകളുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കണമെന്നും വി ശിവദാസൻ ആവശ്യപ്പെട്ടു.










0 comments