print edition എൻടിഎയെ നിരീക്ഷിക്കും

ന്യൂഡൽഹി : കേന്ദ്ര സർക്കാർ തട്ടിക്കൂട്ടിയ ദേശീയ ടെസ്റ്റിങ് ഏജൻസി(എൻടിഎ)യുടെ വികലമായ പ്രവർത്തന രീതിയെ രൂക്ഷവിമർശിച്ച് സുപ്രീംകോടതി. പരീക്ഷാ തട്ടിപ്പുകളും ക്രമക്കേടുകളും ഉണ്ടാകുമ്പോൾ മാത്രം താൽക്കാലിക പരിഹാരങ്ങളുമായി എത്തുന്ന രീതി ഇനി അനുവദിക്കില്ലെന്ന് ജസ്റ്റിസുമാരായ പി എസ് നരസിംഹ, അലോക് ആരാധെ എന്നിവരടങ്ങിയ ബെഞ്ച് മുന്നറിയിപ്പ് നൽകി. വേണ്ടത് ശാശ്വത പരിഹാരമാണ്.
ഐഎസ്ആർഒ മുൻ ചെയർമാൻ കെ രാധാകൃഷ്‌ണൻ സമിതി നൽകിയ ശുപാർശ നടപ്പാക്കി എൻടിഎ പൂർണമായി സ്ഥാപനവൽക്കരിക്കാൻ കോടതി സൂഷ്‌മ നിരീക്ഷണം ഏർപ്പെടുത്തും. താൽക്കാലിക പരിഹാരങ്ങളേക്കാൾ വ്യവസ്ഥാപരമായ പരിഷ്‌കാരങ്ങൾ ഉറപ്പാക്കണം. ഭാവിയിൽ ചോദ്യചോർച്ച തടയാൻ നടപടി വേണമെന്നും ബെഞ്ച് നിരീക്ഷിച്ചു.
കേന്ദ്രസർക്കാർ സമഗ്രമറുപടി നൽകണം. രാധാകൃഷ്‌ണൻ സമിതി ശുപാർശ ചെയ്‌ത എൻടിഎ ഗവേണിങ് ബോഡിയുടെ സുതാര്യത, നിയമനങ്ങൾ എന്നിവ വിശദീകരിക്കണം. ചോദ്യപേപ്പർ തയ്യാറാക്കുന്ന വിദഗ്‌ധരെ എങ്ങനെ നിയമിക്കും, ഐഐടി, യുജിസി, കേന്ദ്രീയ വിദ്യാലയങ്ങൾ എന്നിവയെ എങ്ങനെ ഉപയോഗിക്കും, ജെഇഇ പരീക്ഷ മാതൃക സ്വീകരിക്കുമോ, ഒഴിഞ്ഞുകിടക്കുന്ന സ്ഥാനങ്ങളുടെ തൽസ്ഥിതി, പല സെഷനുകളിലായി പരീക്ഷ നടത്തുന്നതിനുള്ള സാധ്യത, ചോദ്യപ്പേപ്പറുകളുടെ പ്രിന്റിങ്, ഗതാഗതം, കംപ്യൂട്ടർ അധിഷ്‌ഠിത പരീക്ഷ സാധ്യമാണോ, എങ്ങനെ സുരക്ഷയുറപ്പാക്കും തുടങ്ങി സമഗ്രമായ മറുപടി അടുത്ത ആഴ്‌ച നൽകണം. അതേസമയം ശുപാർശകൾക്കപ്പുറത്തേയ്‌ക്കുള്ള നടപടികൾ കേന്ദ്രം സ്വീകരിക്കുമെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത ഉറപ്പുനൽകി. ഹർജിക്കാരായ യുണൈറ്റഡ് ഡോക്‌ടേഴ്‌സ് അസോസിയേഷനും ഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ മെഡിക്കൽ അസോസിയേഷനും രാധാകൃഷ്‌ണൻ സമിതിക്ക് ശുപാര്‍ശ നൽകാമെന്നും കോടതി പറഞ്ഞു.









0 comments