ad
Deshabhimani

print edition എൻടിഎ പിരിച്ചുവിട്ട്‌ പ്രധാൻ രാജിവയ്‌ക്കണം: സിപിഐ എം

cpim logo
വെബ് ഡെസ്ക്

Published on Jul 01, 2026, 12:00 AM | 2 min read

ന്യൂഡൽഹി : നീറ്റ്‌ ചോർച്ചയുടെ പശ്‌ചാത്തലത്തിൽ ദേശീയ ടെസ്‌റ്റിങ്‌ ഏജൻസി (എൻടിഎ) പിരിച്ചുവിട്ട്‌ വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവയ്‌ക്കണമെന്ന വിദ്യാർഥിസംഘടനകളുടെ ആവശ്യത്തെ പിന്തുണയ്‌ക്കുന്നതായി സിപിഐ എം പൊളിറ്റ്‌ബ്യൂറോ. ആവർത്തിക്കുന്ന ക്രമക്കേടുകളിൽ തെളിയുന്നത് കേന്ദ്ര സർക്കാരിന്റെ കഴിവുകേടാണ്‌. 12 വർഷത്തിൽ 25 കേന്ദ്രപരീക്ഷകളുടെ ചോദ്യപ്പേപ്പറാണ്‌ ചോർന്നത്‌. പരീക്ഷകൾ പിഴവില്ലാതെ സംഘടിപ്പിക്കുന്നതിൽ എൻടിഎ പൂർണപരാജയമാണ്‌.


നിയമസഭാ തെരഞ്ഞെടുപ്പ്‌ ഫലം വന്നതിന്‌ പിന്നാലെ പ്രതിപക്ഷ പാർടികളെ പിളർത്തുന്ന തിരക്കിലാണ്‌ ബിജെപി. മഹാരാഷ്ട്രയിൽ ശിവസേനയെയും എൻസിപിയെയും പിളർത്തിയതിന്‌ പിന്നാലെ ഡൽഹിയിലും പഞ്ചാബിയും ആംആദ്‌മി പാർടിയെ പിളർത്തി. ബംഗാളിൽ തൃണമൂലിനെ പിളർത്തിയതിന്‌ പിന്നാലെ ശിവസേന ഉദ്ധവ്‌ വിഭാഗത്തിൽ വീണ്ടും പിളർപ്പ്‌ സൃഷ്ടിച്ചു. സമാജ്‌വാദി പാർടിയെയും പിളർത്തുമെന്ന്‌ ചില ബിജെപി നേതാക്കൾ അവകാശപ്പെടുന്നുണ്ട്‌.


ലോക്‌സഭയിൽ മൂന്നിൽ രണ്ട്‌ ഭൂരിപക്ഷം നേടുകയെന്ന ലക്ഷ്യത്തോടെയാണിത്‌. മണ്ഡല പുന:നിർണയ ബില്ലും ഹിന്ദുത്വ – മനുവാദി അജൻഡയുടെ ഭാഗമായുള്ള മറ്റ്‌ ബില്ലുകളും പാസാക്കുന്നതിനാണ്‌ ഇ‍ൗ ശ്രമം. കൂറുമാറ്റ നിരോധന നിയമത്തെയും ജനാധിപത്യത്തെയുമെല്ലാം അപ്രസക്തമാക്കിയാണ്‌ ബിജെപിയുടെ നീക്കം. ഭരണഘടനാ തത്വങ്ങളോടുള്ള ബിജെപിയുടെ പുച്ഛമാണ്‌ ഇതിൽ നിന്നെല്ലാം വെളിപ്പെടുന്നത്‌.

യുഎസും ഇറാനും ധാരണാപത്രത്തിൽ ഒപ്പുവെച്ചതിന്‌ ശേഷം ക്രൂഡോയിൽ വില ഇടിഞ്ഞു. എന്നാൽ, പെട്രോളിന്റെയും ഡീസലിന്റെയും പാചകവാതകത്തിന്റെയും വർധിപ്പിച്ച വില കുറയ്‌ക്കാൻ കേന്ദ്രം കൂട്ടാക്കുന്നില്ല. ഇന്ധന വില അടിയന്തരമായി കുറയ്‌ക്കുകയും യൂറിയ ഉൾപ്പെടെ രാസവളം കർഷകർക്ക്‌ ലഭ്യമാക്കുകയും വേണം.


യുഎസ്‌ – ഇറാൻ ധാരണാപത്രത്തിന്റെ ദ‍ൗർബല്യം ഇതിനോടകം വെളിപ്പെട്ടുകഴിഞ്ഞു. ധാരണാപത്രം ലംഘിച്ച്‌ ലെബനണിനെതിരെ ഇസ്രയേൽ ആക്രമണം തുടരുകയാണ്‌. സാമ്രാജ്യത്വ കടന്നുകയറ്റത്തിനെതിരായ ജനകീയ സമർദത്തെ ശക്തിപ്പെടുത്തി്യ ധാരണാപത്രത്തെ സംരക്ഷിക്കാനാകൂവെന്നും പിബി പ്രസ്‌താവനയിൽ പറഞ്ഞു.


തെരഞ്ഞെടുപ്പ്‌ പ്രക്രിയ സുതാര്യമാക്കണം ; സിപിഐ എം രാജ്യവ്യാപക പ്രചാരണത്തിന്‌


സത്യസന്ധവും സുതാര്യവുമായി തെരഞ്ഞെടുപ്പ്‌ നടത്തി നിഷ്‌പക്ഷ ഭരണഘടനാ സ്ഥാപനമായി പ്രവര്‍ത്തിക്കേണ്ട തെരഞ്ഞെടുപ്പ്‌ കമീഷൻ പൂര്‍ണമായും വ്യതിചലിക്കപ്പെട്ടെന്ന് സിപിഐ എം പൊളിറ്റ്‌ബ്യൂറോ. എസ്ഐആറിലൂടെ വിവിധ സംസ്ഥാനങ്ങളിലായി ആറു കോടി ആളുകളുടെ വോട്ടവകാശം നഷ്ടമായി. പിഴവുകൾ തിരുത്താൻ ഒരുങ്ങുന്നില്ല. തെരഞ്ഞെടുപ്പ്‌ പ്രക്രിയയില്‍ സുതാര്യത ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട്‌ വിപുലമായ പ്രചാരണപ്രവർത്തനങ്ങളിലേക്ക്‌ സിപിഐ എം കടക്കുമെന്ന് പിബി പ്രസ്‌താവനയിൽ അറിയിച്ചു. പാസ്‌പോർട്ട്‌ പ‍ൗരത്വ രേഖയല്ലെന്ന വിദേശമന്ത്രാലയത്തിന്റെ നിലപാട് ഭരണപരമായ വീഴ്‌ചയല്ല.


ബിജെപിയുടെ വിവേചനപരമായ പൗരത്വ ഭേദഗതി നിയമത്തിനും ദേശീയ പൗരത്വ രജിസ്റ്ററിനും പിന്നാലെ നടത്തുന്ന ആസൂത്രിതമായ കടന്നാക്രമണമാണ്. ദുർബല വിഭാഗങ്ങളുടെ വോട്ടവകാശം അപഹരിച്ച്‌ അവരെ പ‍ൗരത്വമില്ലാത്തവരാക്കാനുള്ള ഗൂഢാലോചനയാണ്‌ അരങ്ങേറുന്നത്‌. വോട്ടർപ്പട്ടികയിൽ പേരില്ലെന്ന കാരണം പറഞ്ഞ് ഒരു ഇംഗ്ലീഷ്‌ ദിനപത്രത്തിന്റെ മുൻ എഡിറ്ററുടെ പാസ്‌പോർട്ട്‌ പുതുക്കല്‍ നിഷേധിച്ചത്‌ ഭാവിയിൽ സംഭവിക്കാന്‍ പോകുന്നതിന്റെ സൂചനയാണ്‌. ഇത്തരം ജനാധിപത്യവിരുദ്ധ നടപടി അടിയന്തരമായി അവസാനിപ്പിക്കണം– പിബി ആവശ്യപ്പെട്ടു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home