വ്യാജ രേഖകൾ ഉപയോഗിച്ച് 18,000ത്തോളം പ്രവേശനം , തട്ടിപ്പ് പുറത്തുവന്നതോടെ എൻആർഐ ക്വോട്ട പ്രവേശന നയത്തിൽ മാറ്റംവരുത്തി
മെഡിക്കൽ പ്രവേശനം ; വ്യാജ എൻആർഐ രേഖ ഉപയോഗിച്ച് വൻ തട്ടിപ്പ്


എം അഖിൽ
Published on Aug 26, 2025, 02:08 AM | 1 min read
ന്യൂഡൽഹി
രാജ്യത്തെ സ്വകാര്യ മെഡിക്കൽ കോളേജുകളിലെ എൻആർഐ ക്വോട്ടയിൽ വ്യാജരേഖ ഉപയോഗിച്ച് വൻ പ്രവേശനത്തട്ടിപ്പ്. മെഡിക്കൽ യുജി, പിജി സീറ്റുകളിൽ 18,000ത്തോളം പ്രവേശനം ഇത്തരത്തിൽ നടത്തിയതായി ഇഡി അന്വേഷണത്തിൽ വെളിപ്പെട്ടു.
പശ്ചിമ ബംഗാൾ, ഒഡിഷ തുടങ്ങിയ സംസ്ഥാനങ്ങളിലെ സ്വകാര്യ മെഡിക്കൽ കോളേജുകളിൽ നടത്തിയ റെയ്‌ഡുകളിൽ ആയിരക്കണക്കിന് എൻആർഐ സർട്ടിഫിക്കറ്റുകൾ പിടിച്ചെടുത്തിരുന്നു. എംബസി വഴി നടത്തിയ പരിശോധനകളിൽ സർട്ടി-ഫിക്കറ്റുകൾ വ്യാജമെന്ന് കണ്ടെത്തി. വ്യാജ സർട്ടിഫിക്കറ്റുകൾക്കായി സ്വകാര്യ മെഡിക്കൽ കോളേജുകൾ ഏജന്റുമാർക്ക് പണം കൈമാറിയെന്നും വ്യക്തമായി. എൻആർഐ കുടുംബങ്ങളുമായി ബന്ധമുണ്ടെന്ന വ്യാജ രേഖകളും സർട്ടിഫിക്കറ്റുകളും ഏജന്റുമാരാണ് തരപ്പെടുത്തുന്നത്. ഒരേ രേഖ നിരവധി വിദ്യാർഥികളുടെ പ്രവേശനത്തിന് ഉപയോഗിച്ചതായും തെളിഞ്ഞു. സ്വകാര്യമെഡിക്കൽ കോളേജുകളുടെ പ്രൊമോട്ടർമാരും ഏജന്റുമാരുമാണ് തട്ടിപ്പിന്റെ ആസൂത്രകരെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.
നിലവിലെ നിയമം അനുസരിച്ച് എൻആർഐ ക്വോട്ടയിൽ പ്രവേശനം നേടുന്ന വിദ്യാർഥികളുടെ ഫീസ് അടുത്ത ബന്ധുക്കളായ എൻആർഐ സ്‌പോൺസർമാരാണ് നൽകേണ്ടത്. എന്നാൽ, വ്യാജ രേഖ ഉപയോഗിച്ച് പ്രവേശനം നേടിയവരുടെ ഫീസ് തദ്ദേശീയ കുടുംബങ്ങളാണ് അടച്ചത്. തട്ടിപ്പ് വെളിച്ചത്തായതോടെ എൻആർഐ ക്വോട്ട പ്രവേശന നയത്തിൽ ഡയറക്‌ടറേറ്റ് ജനറൽ ഓഫ് ഹെൽത്ത് സർവീസസ് കാതലായ മാറ്റംവരുത്തി. എൻആർഐ സർട്ടിഫിക്കറ്റിൽ പ്രവേശനം നൽകുംമുമ്പ് എംബസികൾ വഴി സർട്ടിഫിക്കറ്റ് യഥാർഥമാണോയെന്ന് ഉറപ്പുവരുത്തണമെന്ന് വ്യവസ്ഥചെയ്‌തു. പരിശോധന സമയബന്ധിതമായി പൂർത്തിയാക്കണമെന്ന് എംബസികൾക്ക് വിദേശമന്ത്രാലയം നിർദേശം നൽകി. എൻആർഐ ക്വോട്ടയുടെ മറവിൽ വലിയ തട്ടിപ്പുകൾ നടക്കുന്നുണ്ടെന്നും അത് നിർത്തലാക്കേണ്ട കാലം അതിക്രമിച്ചെന്നും സുപ്രീംകോടതി 2024ൽ നിരീക്ഷിച്ചിരുന്നു.









0 comments