ഡൽഹിയിൽ 15 വർഷത്തിലധികം പഴക്കമുള്ള വാഹനങ്ങൾക്ക് ഇന്ധനം നൽകില്ല: ഉത്തരവുമായി ബിജെപി സർക്കാർ

ന്യൂഡൽഹി : രാജ്യതലസ്ഥാനത്ത് ഇനി 15 വർഷത്തിലധികം പഴക്കമുള്ള വാഹനങ്ങൾക്ക് ഇന്ധനം ലഭിക്കില്ലെന്ന് സർക്കാർ. വാഹനങ്ങൾക്ക് 15 വർഷത്തിലധികം പഴക്കമുണ്ടെങ്കിൽ ഇനി മുതൽ പമ്പുകളിൽ നിന്ന് പെട്രോൾ നൽകരുതെന്ന് ബിജെപി സർക്കാർ ഉത്തരവിട്ടു. മലിനീകരണം നിയന്ത്രിക്കാനുള്ള മാർഗങ്ങളുടെ ഭാഗമായാണ് ഈ തീരുമാനമെന്നാണ് പരിസ്ഥിതി മന്ത്രി മഞ്ജീന്ദർ സിങ്ങ് സിസ്രയുടെ വാദം. ഇത്തരം വാഹനങ്ങൾ തിരിച്ചറിയാനായി പ്രത്യേക ടീമിനെ രൂപീകരിക്കുമെന്നും മന്ത്രി പറഞ്ഞു. മാര്‍ച്ച് 31 മുതൽ നിയമം പ്രാബല്യത്തിൽ വരും.
15 വർഷത്തിലധികം പഴക്കമുള്ള വാഹനങ്ങളെ തിരിച്ചറിയുന്നതിന് പ്രത്യേക ഉപകരണങ്ങൾ പമ്പുകളിൽ സ്ഥാപിക്കും. അത്തരം വാഹനങ്ങൾക്ക് ഇന്ധനം നൽകില്ല- മന്ത്രി പറഞ്ഞു. നിർദേശം നടപ്പിലാക്കുന്നതിനായി കേന്ദ്ര പെട്രോളിയം മന്ത്രാലയത്തെ സമീപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. 10 വർഷത്തിലധികം പഴക്കമുള്ള ഡീസൽ വാഹനങ്ങളും 15 വർഷത്തിനു മുകളിലുള്ള പെട്രോൾ വാഹനങ്ങളും റോഡുകളിൽ അനുവദിക്കില്ലെന്ന് ഡൽഹി സർക്കാരും നാഷണൽ ക്യാപിറ്റൽ റീജിയണും തമ്മിൽ ധാരണയുണ്ട്.
ഡൽഹിയിലേക്കെത്തുന്ന വലിയ വാഹനങ്ങളെയും പരിശോധിക്കുമെന്ന് മന്ത്രി വ്യക്തമാക്കി. മലിനീകരണം തടയാനായി പുതിയ സാങ്കേതികതകൾ അവതരിപ്പിക്കുമെന്നും എല്ലാ കെട്ടിടങ്ങളിലും ഹോട്ടലുകളിലും ബിസിനസ് കോംപ്ലക്സുകളിലും ആന്റി–സ്മോഗ് ഉപകരണങ്ങൾ സ്ഥാപിക്കണമെന്നും മന്ത്രി പറയുന്നു. തലസ്ഥാനത്ത് നിലവിൽ ഒഴിഞ്ഞുകിടക്കുന്ന സ്ഥലങ്ങളിൽ പുതിയ വനങ്ങൾ നിർമിക്കുമെന്നും ക്ലൗഡ് സീഡിങ്ങ് ഉൾപ്പെടെയുള്ളവ നടത്താൻ ആലോചിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.









0 comments