കേന്ദ്രം കൈയൊഴിഞ്ഞുവെന്ന് ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഒമർ അബ്‌ദുള്ള ; അടിയന്തര സഹായം വേണമെന്ന് പഞ്ചാബ് സർക്കാർ
പ്രളയത്തില്‍ മുങ്ങി ഉത്തരേന്ത്യ ; കെെമലർത്തി കേന്ദ്രം

ഉത്തർപ്രദേശിലെ മഥുര പ്രളയത്തിൽ മുങ്ങിയപ്പോൾ
ന്യൂഡൽഹി
കനത്ത മഴയും മേഘവിസ്‌ഫോടനങ്ങളും ഉത്തരേന്ത്യയെ പ്രളയത്തിൽ മുക്കിയിട്ടും കാര്യക്ഷമമായി ഇടപെടാതെ കേന്ദ്രസർക്കാർ. ഡൽഹിക്ക് പുറമേ പഞ്ചാബ്, ജമ്മു കശ്‌മീർ, ഹിമാചൽ, ഉത്തരാഖണ്ഡ്, ഹരിയാന, രാജസ്ഥാൻ സംസ്ഥാനങ്ങളിലെ സ്ഥിതി അതീവ രൂക്ഷമായി തുടരുന്നു. ജൂണിന് ശേഷമുണ്ടായ കനത്ത മഴയിലും മണ്ണിടിച്ചിലിലുമായി അഞ്ഞൂറിലേറെപ്പരാണ് മരിച്ചത്. ജൂണിന് ശേഷം തുടർച്ചായി മേഘവിസ്‌ഫോടനങ്ങളും മിന്നൽ പ്രളയവും രൂക്ഷമായ ഹിമാചലിലാണ് കൂടുതൽ മരണം–355. അതിനിടെ പ്രളയബാധിത സംസ്ഥാനങ്ങൾ പ്രധാനമന്ത്രി നരേന്ദ്രമോദി സന്ദർശിച്ചേക്കുമെന്ന് കേന്ദ്രസർക്കാർ വൃത്തങ്ങൾ അറിയിച്ചു.
വേണ്ടത്ര സഹായമെത്തിക്കാൻ കേന്ദ്രം തയ്യാറാകാത്തത് പഞ്ചാബിലെ രക്ഷാപ്രവർത്തനങ്ങളെ ബാധിച്ചു. അടിയന്തര സഹായം വേണമെന്ന് പ്രധാനമന്ത്രിയോട് പഞ്ചാബ് സർക്കാർ അഭ്യർഥിച്ചു. വൻതോതിൽ കൃഷി നശിച്ചു. ഉത്തരേന്ത്യയിൽ പച്ചക്കറിക്കും പഴത്തിനും വില ഉയർന്നു. ദേശീയ ദുരന്തമായി പ്രഖ്യാപിക്കാൻ തയ്യറാകാത്തതിലും വിമർശം ശക്തമായി.
ജൂൺ 20 മുതൽ 95 വെള്ളപ്പൊക്കവും, 45 മേഘവിസ്ഫോടനങ്ങളും, 132 വലിയ മണ്ണിടിച്ചിലുകളും റിപ്പോർട്ട് ചെയ്ത ഹിമാചൽ പ്രദേശാണ് ഏറ്റവുമധികം ദുരന്തം ഏറ്റുവാങ്ങിയത്. 3,787 കോടി രൂപയുടെ നഷ്‌ടമുണ്ടായി. ഏപ്രിൽ 1നും ഓഗസ്റ്റ് 31നും ഇടയിൽ ഉത്തരാഖണ്ഡിൽ 79 പേർ മരിച്ചു. ഉത്തരകാശി മണ്ണിടിച്ചിൽ രക്ഷാപ്രവർത്തനം നിർത്തി. ആയിരക്കണക്കിന് ഏക്കർ കൃഷി തകർന്നു. കശ്‌മീർ താഴ്‌വരയും ഒറ്റപ്പെട്ടു. കേന്ദ്രഭരണപ്രദേശത്ത് അന്പതോളം പേർ മരിച്ചിട്ടും കേന്ദ്രം അനങ്ങിയിട്ടില്ല. കേന്ദ്രം കൈയൊഴിഞ്ഞുവെന്ന് മുഖ്യമന്ത്രി ഒമർ അബ്‌ദുള്ള പ്രതികരിച്ചു. ഡൽഹിയിൽ 18,000 പേർ ഭവനരഹിതരായി. താഴ്‌ന്നപ്രദേശങ്ങൾ ഇപ്പോഴും വെള്ളത്തിലാണ്. ഹരിയാന, രാജസ്ഥാൻ സംസ്ഥാനങ്ങളിലും പ്രളയം രൂക്ഷം.
ദേശീയ ദുരന്തമായി പ്രഖ്യാപിക്കണം : സംയുക്ത കിസാൻ മോർച്ച
പഞ്ചാബ്, ഹിമാചൽ പ്രദേശ്, ജമ്മു കശ്മീർ, ഉത്തരാഖണ്ഡ്, ഹരിയാന എന്നിവിടങ്ങളിലെ പ്രളയം ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്നും ദുരിതാശ്വാസ– പുനരധിവാസ പ്രവർത്തനങ്ങൾക്ക് കേന്ദ്രസർക്കാർ അടിയന്തരനടപടി സ്വീകരിക്കണമെന്നും സംയുക്ത കിസാൻ മോർച്ച.
രണ്ടര ലക്ഷം ഹെക്ടറിലധിധം കൃഷിയിടം ഒലിച്ചുപോയി. വീടുകളും കന്നുകാലികളും വ്യാപകമായി നഷ്‌ടപ്പെട്ടു. നൂറുകണക്കിന് മനുഷ്യരാണ് ഇതിനോടകം മരിച്ചത്. 2025 ലെ ദുരന്തനിവാരണ (ഭേദഗതി) നിയമപ്രകാരം ഉത്തരവാദിത്തത്തിൽനിന്ന് കേന്ദ്രം ഒഴിഞ്ഞുമാറുന്നു. "നഷ്ടപരിഹാരം' എന്ന പദത്തെ "ആശ്വാസം' എന്നാക്കി നിയമപരമായ ബാധ്യത ഇല്ലാതാക്കി. മരിച്ച ഓരോരുത്തരുടെയും ആശ്രിതർക്ക് 25ലക്ഷം രൂപ വീതം നഷ്‌ടപരിഹാരം നൽകണം. ഹെക്ടറിന് 70,000 രൂപയും കന്നുകാലി, കാർഷിക ഉപകരണങ്ങൾ തുടങ്ങിയവയ്‌ക്ക് പൂർണതോതിലും നഷ്‌ടപരിഹാരം നൽകണം.
കൃഷിക്കാരുടെയും ഗ്രാമീണ തൊഴിലാളികളുടെയും കുടുംബങ്ങൾക്ക് 50000 രൂപ നഷ്ടപരിഹാരം നൽകണം. വീടുകളുടെ വായ്‌പ എഴുതിത്തള്ളണം. കർഷകരും കർഷകത്തൊഴിലാളികളും ദുരന്തബാധിതര സഹായിക്കാൻ മുന്നിട്ടിറങ്ങണമെന്നും പഞ്ചാബിൽ എസ്‌കെഎം ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സജീവമാണെന്നും പ്രസ്‌താവനയിൽ പറഞ്ഞു.











0 comments