print edition ഇന്ത്യയിൽ നയതന്ത്ര പ്രതിനിധിയെ നിയമിച്ച് താലിബാൻ

ന്യൂഡൽഹി: മോദി സര്‍ക്കാര്‍ ബന്ധം ഉൗഷ്‌മളമാക്കിയതിന് പിന്നാലെ ഇന്ത്യയിൽ നയതന്ത്ര പ്രതിനിധിയെ നിയമിച്ച് അഫ്‌ഗാനിസ്ഥാനിലെ താലിബാൻ സര്‍ക്കാര്‍. കാബൂളിലെ താലിബാൻ വിദേശകാര്യ മന്ത്രാലയത്തിൽ ഫസ്റ്റ് പൊളിറ്റിക്കൽ ഡിപ്പാർട്ട്‌മെന്റ് ഡയറക്‌ടർ ജനറൽ മുഫ്തി നൂർ അഹമ്മദ് നൂര്‍ ഡൽഹി എംബസിയുടെ ചുമതല ഏറ്റെടുക്കാൻ എത്തി.
2021ൽ അഫ്ഗാനിൽ അധികാരം പിടിച്ചശേഷം ആദ്യമായാണ് ഇന്ത്യയിൽ നയതന്ത്രപ്രതിധിനിയെ താലിബാൻ നിയമിക്കുന്നത്. 2025 ഒക്‌ടോബറിൽ താലിബാൻ വിദേശമന്ത്രി അമീർ ഖാൻ മുത്താഖിയുടെ സന്ദര്‍ശനത്തിൽ കേന്ദ്രസര്‍ക്കാരുമായുണ്ടാക്കിയ ധാരണയിലാണ് നടപടി. മുത്താഖിയുടെ സന്ദര്‍ശനത്തിൽ മുഴുവൻ സമയവും അനുഗമിച്ചിരുന്ന നൂര്‍ ഡിസംബറിൽ ബംഗ്ലാദേശും സന്ദര്‍ശിച്ചിരുന്നു. അഷ്‌റഫ് ഘനി സർക്കാർ ഹൈദരാബാദിൽ കോൺസൽ ജനറലായി നിയമിച്ച മുഹമ്മദ് ഇബ്രാഹിം ഖിൽ ആണ് ഡൽഹിയിലെ എംബസിയുടെ ചുമതല നിർവഹിച്ചിരുന്നത്. എന്നാൽ ചാണക്യപുരിയിലെ എംബസി തങ്ങൾക്ക് അവകാശപ്പെട്ടതാണെന്നും താലിബാൻ പതാക സ്ഥാപിക്കുമെന്നും മുത്താഖി വ്യക്തമാക്കിയിരുന്നു.
2023ൽ ഡൽഹി എംബസി തലവനെ നിയമിക്കാൻ താലിബാൻ ശ്രമിച്ചെങ്കിലും മുൻ സർക്കാരിനോട് കൂറുള്ള ജീവനക്കാർ എതിർത്തിരുന്നു. മുംബൈ, ഹൈദരാബാദ് കോൺസുലേറ്റുകളും താലിബാൻ നിയന്ത്രണത്തിലാണ്.









0 comments