Deshabhimani

നോയിഡ വിമാനത്താവളം പ്രവർത്തനസജ്ജം; ജൂൺ 15ന് ആദ്യ സർവീസ്

Noida International Airport

നോയിഡ അന്താരാഷ്ട്ര വിമാനത്താവളം | Photo Credit: Reuters

വെബ് ഡെസ്ക്

Published on May 01, 2026, 05:31 PM | 1 min read

ന്യൂഡൽഹി : നോയിഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ജൂൺ 15 മുതൽ വിമാന സർവീസ് ആരംഭിക്കുമെന്ന് ഔദ്യോ​ഗിക അറിയിപ്പ്. ഇൻഡി​ഗോയുടെ വിമാനമാണ് ആദ്യം പറക്കുക. അതിനുശേഷം ആകാശ എയറും എയർ ഇന്ത്യ എക്സ്പ്രസും സർവീസ് നടത്തും. രാജ്യ തലസ്ഥാനത്തിന്റെ പരിധിയിൽ വരുന്ന രണ്ടാമത്തെ വിമാനത്താവളമായ നോയിഡ അന്താരാഷ്ട്ര വിമാനത്താവളം മാർച്ച് 28നാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡി ഉദ്ഘാടനം ചെയ്തത്.


വിമാന സർവീസുകൾ 2025 ഒക്ടോബറിൽ ആരംഭിക്കാനാണ് നേരത്തെ നിശ്ചയിച്ചിരുന്നത്. എന്നാൽ വിമാനത്താവളത്തിന്റെ പ്രവർത്തനങ്ങളെക്കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം വന്നിരുന്നില്ല. 2021ൽ തറക്കല്ലിട്ട് നാല് വർഷത്തിന് ശേഷമാണ് മാർച്ച് 28ന് ഉദ്ഘാടനം നിർവഹിച്ചത്. 2020ലാണ് സ്വിസ് കമ്പനിയായ സൂറിച്ച് എയർപോർട്ട് ഇന്റർനാഷണൽ എജിയുമായി പദ്ധതിയുടെ കൺസെഷൻ കരാർ ഒപ്പിട്ടത്.


രാജ്യ തലസ്ഥാന മേഖലയിലെ രണ്ടാമത്തെ വിമാനത്താവളമായ നോയിഡ അന്താരാഷ്ട്ര വിമാനത്താവള പദ്ധതിക്ക് 11,200 കോടി രൂപയുടെ നിക്ഷേപമുണ്ടായെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ആദ്യഘട്ടത്തിൽ ഒരു വർഷത്തിനുള്ളിൽ ഒരു റൺവേയിലൂടെ മാത്രം ഏകദേശം 1.2 കോടി യാത്രക്കാർ വിമാനത്താവളം വഴി കടന്നു പോകുമെന്നാണ് കണക്കുകൂട്ടൽ. ആറ് റൺവേകൾ വഴി പ്രതിവർഷം 70 ദശലക്ഷം യാത്രക്കാരെ ഉൾക്കൊള്ളുന്ന സൗകര്യങ്ങളാണ് പദ്ധതിയിലുള്ളത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home