എം എ ബേബി അടക്കം 10 നേതാക്കൾ രാഷ്ട്രപതിയുമായി കൂടിക്കാഴ്ച ആരംഭിച്ചു; ഇന്ത്യ സഖ്യത്തിന്റെ മാർച്ച് തടഞ്ഞ് പൊലീസ്

ന്യൂഡൽഹി: തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിഷ്‌പക്ഷതയും വിശ്വാസ്യതയും കളഞ്ഞുകുളിച്ച മുഖ്യതെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യവുമായി ബന്ധപ്പെട്ട് ഇന്ത്യ സഖ്യത്തിലെ നേതാക്കൾ രാഷ്ട്രപതിയുമായി കൂടിക്കാഴ്ച ആരംഭിച്ചു. എം എ ബേബി, ഡി രാജ, രാഹുല്‍ ഗാന്ധി, മല്ലികാര്‍ജുന്‍ ഖര്‍ഗെ, മമത ബാനര്‍ജി, ഒമര്‍ അബ്ദുള്ള തുടങ്ങിയ നേതാക്കളാണ് രാഷ്ട്രപതി ഭവനിൽ കൂടിക്കാഴ്ച നടത്തുന്നത്.
എട്ടുമണിക്കായിരുന്നു രാഷ്ട്രപതിയുമായുള്ള കൂടിക്കാഴ്ചക്കുള്ള സമയം അനുവദിച്ചത്. രാഷ്ട്രപതി ഭവനിലേക്കുള്ള ഇന്ത്യ സഖ്യത്തിന്റെ മാർച്ചിനെ ഡൽഹി പൊലീസ് തടഞ്ഞു. ഇന്ത്യ സഖ്യ നേതാക്കളും പ്രതിപക്ഷ എംപിമാരും മാർച്ചിൽ പങ്കെടുത്തു.
അതേസമയം പ്രക്ഷോഭം തടയാൻ ജന്തർ മന്തർ പരിസരത്ത് മൊബൈൽ ഇന്റർനെറ്റ് വിലക്ക്. വെള്ളിയാഴ്ച രാത്രി പത്ത് മണി മുതൽ ശനിയാഴ്ച രാത്രി പത്ത് മണിവരെ ജനപഥ്-കർത്തവ്യ പഥ് ജംക്‌ഷന് ചുറ്റുമുള്ള നാല് കിലോമീറ്റർ ചുറ്റളവിൽ മൊബൈൽ ഇന്റർനെറ്റ് സേവനം റദ്ദ് ചെയ്യും. ഭരണഘടനാ അവകാശങ്ങളെ കശാപ്പുചെയ്‌തിന് എതിരെ നടക്കുന്ന പ്രതിഷേധം എങ്ങനെയെങ്കിലും തടയാനാണ് ശ്രമം. ജനാധിപത്യത്തെ അട്ടിമറിക്കുന്നതിൽ പ്രതിഷേധിക്കാൻ രാജ്യമൊന്നാകെ ഡൽഹിയിലേക്ക് ഇരച്ചെത്തുമെന്ന് അറിഞ്ഞതോടെയാണ് സർവ്വ സന്നാഹങ്ങളും ഒരുക്കി പ്രക്ഷോഭത്തെ തടയാൻ ശ്രമിക്കുന്നത്.
ബിജെപിയും ഘടകകക്ഷികളും ഭരിക്കുന്ന സംസ്ഥാനങ്ങളിൽ വ്യാഴാഴ്‌ച്ച രാത്രി മുതൽ ഇടതു സംഘടനാ നേതാക്കളെ തെരഞ്ഞുപിടിച്ച് തടവിലാക്കിയിരുന്നു. ഇടതുപക്ഷ യുവജന–വിദ്യാർഥി സംഘടനകളും സിജെപിയും ശനിയാഴ്‌ച ജന്തർമന്തറിൽ ആരംഭിക്കുന്ന സംയുക്ത പ്രക്ഷോഭത്തിന് തടയിടാനാണ് രഹസ്യനീക്കം.








0 comments