പ്രതിഷേധപ്പേടി: ജന്തർ മന്തർ പരിസരത്ത് മൊബൈൽ ഇന്റർനെറ്റ് വിലക്ക്

ന്യൂഡൽഹി: വോട്ടവകാശം അട്ടിമറിച്ച മുഖ്യതെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാറിന്റെ രാജിക്കായി നടക്കുന്ന പ്രക്ഷോഭം തടയാൻ ജന്തർ മന്തർ പരിസരത്ത് മൊബൈൽ ഇന്റർനെറ്റ് വിലക്ക്. വെള്ളിയാഴ്ച രാത്രി പത്ത് മണി മുതൽ ശനിയാഴ്ച രാത്രി പത്ത് മണിവരെ ജനപഥ്-കർത്തവ്യ പഥ് ജംക്‌ഷന് ചുറ്റുമുള്ള നാല് കിലോമീറ്റർ ചുറ്റളവിൽ മൊബൈൽ ഇന്റർനെറ്റ് സേവനം റദ്ദ് ചെയ്തു. കേന്ദ്ര ആഭ്യന്തര മന്ത്രാലയം സേവനദാതാക്കൾക്ക് നിർദേശം നൽകിയതനുസരിച്ചാണ് നടപടി.

പ്രക്ഷോഭകർ പരസ്‌പരം ബന്ധപ്പെടുന്നത് തടയാനും റീലുകളും വിഡിയോകളും ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ എത്തുന്നത് തടയാനുമാണ് ഏകപക്ഷീയ നടപടി. നീറ്റ് പ്രക്ഷോഭ സമയത്ത് വിദ്യാർഥികൾ ആശ്രയിച്ച ബ്ലൂടൂത്ത് അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന മെസേജിങ് ആപ്പായ ബിറ്റ് ചാറ്റ് പ്ലേ സ്‌റ്റോറിൽ നിന്ന് കേന്ദ്രം നീക്കി.
ഭരണഘടനാ അവകാശങ്ങളെ കശാപ്പുചെയ്‌തിന് എതിരെ നടക്കുന്ന പ്രതിഷേധം എങ്ങനെയെങ്കിലും തടയാനാണ് ശ്രമം. ജനാധിപത്യത്തെ അട്ടിമറിക്കുന്നതിൽ പ്രതിഷേധിക്കാൻ രാജ്യമൊന്നാകെ ഡൽഹിയിലേക്ക് ഇരച്ചെത്തുമെന്ന് അറിഞ്ഞതോടെയാണ് സർവ്വ സന്നാഹങ്ങളും ഒരുക്കി പ്രക്ഷോഭത്തെ തടയാൻ ശ്രമിക്കുന്നത്.
ബിജെപിയും ഘടകകക്ഷികളും ഭരിക്കുന്ന സംസ്ഥാനങ്ങളിൽ വ്യാഴാഴ്‌ച്ച രാത്രി മുതൽ ഇടതു സംഘടനാ നേതാക്കളെ തെരഞ്ഞുപിടിച്ച് തടവിലാക്കിയിരുന്നു. ഇടതുപക്ഷ യുവജന–വിദ്യാർഥി സംഘടനകളും സിജെപിയും ശനിയാഴ്‌ച ജന്തർമന്തറിൽ ആരംഭിക്കുന്ന സംയുക്ത പ്രക്ഷോഭത്തിന് തടയിടാനാണ് രഹസ്യനീക്കം.
വ്യാഴാഴ്‌ച രാത്രി എസ്‌എഫ്‌ഐ ഗുജറാത്ത് സംസ്ഥാന സെക്രട്ടറി സത്യേശ ലേവ, എഐവൈഎ-ഫ് യുപി സംസ്ഥാന പ്രസിഡന്റ് ഫക്കീർ ആലം, ഡിവൈഎഫ്‌ഐ യുപി സംസ്ഥാന സെക്രട്ടറി രാജ് കുമാർ, സിജെപി ദേശീയ വക്താവ് ദീപക് ബല്യാൻ തുടങ്ങിയവരെ പൊലീസ് കസ്‌റ്റഡിയിൽ എടുത്തു. യുപിയിൽ എസ്‌എഫ്‌ഐ സഹാരൻപുർ ജില്ലാ കൺവീനർ ആരിഫിനെ വീട്ടിൽനിന്ന് പിടിച്ചുകൊണ്ടുപോയി അജ്ഞാത കേന്ദ്രത്തിൽ തടവിലിട്ടു. അഖിലേന്ത്യ കിസാൻ സഭ നേതാവ് നേതാവ് ദാവൂദ് റാവുവും തടവിലാണ്. പുണെയിൽനിന്ന് ഡൽഹിയിക്ക് പുറപ്പെട്ട മുപ്പതോളം എഐഎസ്എഫ് പ്രവർത്തകരെ മധ്യപ്രദേശ് പൊലീസ് അറസ്റ്റുചെയ്‌തു.








0 comments