ഒത്തുചേരാനും പ്രതിഷേധിക്കാനുമുള്ളത് മൗലികാവകാശം; നിയന്ത്രണങ്ങളെ അപലപിച്ച് ഇടതുപക്ഷ പാർടികൾ

ന്യൂഡൽഹി: വോട്ടർപട്ടിക തീവ്ര പുനഃപരിശോധന (എസ്‌ഐആർ), തെരഞ്ഞെടുപ്പ് കമീഷന്റെ പ്രവർത്തനം എന്നിവയ്‌ക്കെതിരെയുള്ള പ്രതിഷേധങ്ങൾ തടയുന്നതിനായി കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ നിർദേശപ്രകാരം ഡൽഹി പൊലീസ് ഏർപ്പെടുത്തിയിരിക്കുന്ന അസാധാരണമായ നിയന്ത്രണങ്ങളെ അപലപിച്ച് ഇടതുപക്ഷ പാർടികൾ. ഒത്തുചേരാനും പ്രതിഷേധിക്കാനുമുള്ളത് മൗലികാവകാശമാണെന്ന് പാർടികൾ സംയുക്ത പ്രസ്താവനയിൽ പറഞ്ഞു.
പ്രതിഷേധത്തിന് അനുമതി നൽകാതിരിക്കുക, 57 മെട്രോ സ്‌റ്റേഷനുകൾ അടച്ചിടുക, ഡൽഹിയിലേക്കുള്ള ട്രെയിനുകൾ റദ്ദാക്കുക, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രവർത്തകരെ വീട്ടുതടങ്കലിലാക്കുക, വ്യാപകമായി ബാരിക്കേഡുകൾ സ്ഥാപിക്കുക, നിരോധനാജ്ഞ പുറപ്പെടുവിക്കുക, രാജ്യതലസ്ഥാന മേഖല മുഴുവൻ വൻ സുരക്ഷാ വലയത്തിലാക്കുക എന്നിവയെല്ലാം സമാധാനപരമായി പ്രതിഷേധിക്കാനുള്ള ജനങ്ങളുടെ ഭരണഘടനാപരവും മൗലികപരവുമായ അവകാശങ്ങൾക്ക് നേരെയുള്ള ആക്രമണമാണ്.
വിവിധ സ്ഥലങ്ങളിൽ വിദ്യാർഥികളെ തടവിലാക്കിയെന്നും വിദ്യാർഥി സംഘടനകളുടെ ഓഫീസുകൾ നിരീക്ഷണത്തിലാണെന്നുമുള്ള റിപ്പോർട്ടുകളും പുറത്തുവന്നു. ഇൗ നിയന്ത്രണങ്ങൾ സാധാരണക്കാരായ ജനങ്ങളേയും ബാധിക്കുന്നു. പ്രതിഷേധത്തിൽ പങ്കെടുക്കാൻ സാധ്യതയുള്ളവരെ ഭയപ്പെടുത്തുന്നതും ഉപദ്രവിക്കുന്നതും ഡൽഹി പോലീസും കേന്ദ്ര സർക്കാരും അവസാനിപ്പിക്കണം. ജനങ്ങളെ ചട്ടവിരുദ്ധമായി കസ്റ്റഡിയിലെടുക്കുന്നതിൽ നിന്ന് പിന്തിരിയണം. ജന്തർമന്തറിൽ എത്തിച്ചേരാനും പ്രതിഷേധിക്കാനും അനുവദിക്കണമെന്നും സിപിഐ എം ജനറൽ സെക്രട്ടറി എം എ ബേബി, സിപിഐ ജനറൽ സെക്രട്ടറി ഡി രാജ, സിപിഐ എംഎൽ ജനറൽ സെക്രട്ടറി ദീപാങ്കർ ഭട്ടാചാര്യ, ആർഎസ്‌പി ജനറൽ സെക്രട്ടറി മനോജ് ഭട്ടാചാര്യ, ഫോർവേർഡ് ബ്ലോക്ക് ജനറൽ സെക്രട്ടറി ജി ദേവരാജൻ എന്നിവർ സംയുക്ത പ്രസ്താവനയിൽ പറഞ്ഞു.







0 comments