Deshabhimani

ഖജനാവ്‌ കാലി; ജീവനക്കാരുടെ പിഎഫ്‌ അഡ്വാൻസ്‌ നിഷേധിച്ച്‌ സർക്കാർ

pf.jpg
avatar
ജി രാജേഷ്കുമാർ

Published on Oct 09, 2026, 08:53 PM | 2 min read

ഖജനാവ്‌ കാലിയതിനെത്തുടർന്ന്‌ ജീവനക്കാരുടെ ആനുകൂല്യങ്ങളിൽ കൈയ്യിട്ടുവാരൽ തുടങ്ങി. ജീവനക്കാർ അവരുടെ ശമ്പളത്തിൽനിന്ന്‌ പിഎഫ്‌ അക്ക‍ൗണ്ടിലേക്ക്‌ അടയ്‌ക്കുന്ന തുകയിൽനിന്ന്‌ അഡ്വാൻസ്‌ എടുക്കാൻ സർക്കാർ അനുവദിക്കുന്നില്ല. അഡ്വാൻസിനുള്ള അപേക്ഷകൾ സാങ്കേതിക തടസം പറഞ്ഞ്‌ തടഞ്ഞുവച്ചിരിക്കുന്നു. സെപ്‌തംബർ, ഒക്ടോബർ മാസങ്ങളിൽ അപേക്ഷിച്ചവരിൽ ബഹുഭൂരിപക്ഷത്തിനും അഡ്വാൻസ്‌ നിഷേധിച്ചിരിക്കുകയാണ്‌. ജീവനക്കാരുടെയും ആശ്രിതരുടെയും ചികിത്സ, കുട്ടികളുടെ വിദ്യാഭ്യാസം, വിവാഹം തുടങ്ങീ ഏറ്റവും അത്യാവശ്യമുള്ള കാര്യങ്ങൾക്കാണ്‌ പിഎഫ്‌ അഡ്വാൻസ്‌ എടുക്കുന്നത്‌. അത്‌ നിഷേധിക്കുന്ന സർക്കാർ നിലപാടിനെതിരെ വലിയ പ്രതിഷേധം ഉയർന്നിട്ടുണ്ട്‌.


പിഎഫ്‌ അക്ക‍ൗണ്ടിലെ ജീവനക്കാരന്റെ വിഹിതത്തിൽ രണ്ടു തരത്തിലുള്ള നിക്ഷേപമുണ്ട്‌. ലോക്ക്‌ ഇൻ പിരിയഡ്‌ നിശ്ചയിച്ചിട്ടുള്ള വിവിധ ആനുകൂല്യങ്ങളുടെ നിക്ഷേപവും, ലോക്ക് ഇൻ പിരിയഡ് ഇല്ലാത്ത് ജീവനക്കാരൻ അടയ്ക്കുന്ന പിഎഫ് വിഹിതവും. ലോക്ക്‌ ഇൻ പിരിയഡ്‌ നിശ്ചയിച്ചിട്ടുള്ള തുകകൾ ആ കാലാവധി കഴിയുന്പോൾ പിൻവലിക്കാനാകും. ജീവനക്കാരന്റെ പിഎഫ്‌ വിഹിത നിക്ഷേപത്തിന്റെ മുക്കാൽ ഭാഗം അഡ്വാൻസായും പിൻവലിക്കാം. പത്തു വർഷത്തിൽ താഴേ സർവീസുള്ളവർ, തുക തവണകളായി തിരിച്ചടയ്‌ക്കണം. പത്തുവർഷത്തിന് മുകളിലുള്ളവർക്ക്‌ തിരിച്ചടയ്‌ക്കേണ്ടതില്ലാത്ത അഡ്വാൻസാണ്‌ ലഭിക്കുന്നത്‌. അത്യാവശ്യങ്ങളിൽ ജീവനക്കാർക്ക്‌ പെട്ടെന്ന്‌ ആശ്രയിക്കാനാകുന്ന ഒരു സംവിധാനമായിരുന്നു ഇത്‌.


ജിപിഎഫിലെ നീക്കിയിരിപ്പ്‌ വലിയതോതിൽ കുറയുന്നത്‌ തടയുക ലക്ഷ്യമിട്ടാണ്‌ പിൻവലിക്കലിൽ തടസപ്പെടുത്തുന്നത്‌. ഏപ്രിലിൽ 674 കോടി രൂപ പിൻവലിച്ചിരുന്നു. മെയിൽ 582 കോടി, ജൂണിൽ 487 കോടി, ജൂലൈയിൽ 475 കോടി, ആഗസ്‌തിൽ 377 കോടി, സെപ്‌തംബറിൽ 400 കോടി എന്നിങ്ങനെ തുക പിൻവലിച്ചു. ഇ‍ൗ മാസം ആകെ 46 കോടി മാത്രമാണ്‌ അനുവദിച്ചത്‌. ബാക്കിയുള്ള അപേക്ഷകളിൽ സാങ്കേേതിക തടസം പറഞ്ഞ്‌ നടപടിയെടുക്കുന്നില്ല. സാമ്പത്തിക വർഷത്തിലെ ആദ്യ ഒമ്പതു മാസത്തെ കടമെടുപ്പ്‌ പരിധിയും കഴിഞ്ഞ സാഹചര്യത്തിലാണ്‌ പിഎഫ്‌ അഡ്വാൻസും നിഷേധിക്കുന്നത്‌. ജഖനാവിൽനിന്ന്‌ പണം ചെലവിടുന്നത്‌ ചുരുക്കുന്നതിന്റെ ഭാഗമായി സർക്കാർ സ്വീകരിക്കുന്ന നടപടികളിൽ വലയുന്നത്‌ അത്യാവശ്യക്കാരാണ്‌.


യുഡിഎഫ് സർക്കാർ ചുമതലയേറ്റതിനൊപ്പംതന്നെ ജീവനക്കാരുടെ സാമ്പത്തികാനുകൂല്യങ്ങളിൽ കൈവയ്‌ക്കാൻ തുടങ്ങിയിരുന്നു. ഏൺഡ് ലീവ് സറണ്ടർ മരവിപ്പിച്ച ഉത്തരവായിരുന്നു ഇ‍ൗ സർക്കാരിന്റെ ജീവനക്കാർക്കായുള്ള ആദ്യത്തെ ‘സമ്മാനം’. ഡയറ്റ്, എൻഎച്ച്‌എം ഉൾപ്പെടെ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക്‌ ക്യത്യമായി ശന്പള വിതരണം ഉറപ്പാക്കുന്നതിൽ അലംഭാവം തുടരുന്നു. ഇതിന്റെ തുടർച്ചയായി, മുമ്പ് ഏ കെ ആന്റണി സർക്കാരും, പിന്നീട്‌ ഉമ്മൻചാണ്ടി സർക്കാരും പരീക്ഷിച്ച ആനുകൂല്യങ്ങൾ കവരൽ നടപടികൾക്കായുള്ള നീക്കങ്ങൾ തുടങ്ങി. വരുമാനത്തിന്റെ സിംഹഭാഗവും ശമ്പളവും പെൻഷനും നൽകാൻ മാറ്റിവയ്‌ക്കേണ്ടിവരുന്നുവെന്ന ധ്വനിയുള്ള പ്രചാരണത്തിലൂടെ ഇത്തരം നടപടികൾക്ക്‌ ജനപിന്തുണ നേടിയെടുക്കാനുള്ള ശ്രമങ്ങളും നടക്കുന്നു എൽഡിഎഫ്‌ സർക്കാർ ഡിഎ കുടിശിക വിതരണത്തിനായി ബജറ്റിൽ തുക വകയിരുത്തിയിരുന്നു. അക്കാര്യത്തിൽ ഇ‍ൗ സർക്കാരിന്‌ മിണ്ടാട്ടമില്ല. എൽഡിഎഫ്‌ സർക്കാർ നിയോഗിച്ച ശമ്പള പരിഷ്‌കരണ കമീഷന്റെ പ്രവർത്തനവും മരവിപ്പിച്ച സ്ഥിതിയാണ്‌. അതിനിടയിലാണ്‌ ഇപ്പോൾ പിഎഫ്‌ ആനുകൂല്യങ്ങളും കവരുന്നത്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home