മാസങ്ങളായി അവധിയില്ല, മാനസികപീഡനം; ജോലിഭാരത്താൽ യുവതി ജീവനൊടുക്കി

നാഗേശ്വരി (Photo: NDTV)
ബംഗളൂരു: ജോലിഭാരത്തെ തുടർന്ന് മൈസൂരുവിൽ യുവതി ജീവനൊടുക്കി. നാഗേശ്വരി എന്ന യുവതിയാണ് മരിച്ചത്. ജോലി സ്ഥലത്തെ മാനസിക പീഡനത്തെ കുറിച്ച് ആത്മഹത്യ കുറിപ്പെഴുതി വെച്ചാണ് യുവതി കീടനാശിനി കഴിച്ച് ജീവനൊടുക്കിയത്. ഹിനക്കലിലെ റിലയൻസ് മാർട്ടിൽ ടാറ്റ ഉൽപ്പന്നങ്ങളുടെ പ്രമോട്ടറായി ജോലി ചെയ്തുവരികയായിരുന്നു നാഗേശ്വരി. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മകൾ കടുത്ത മാനസികസമർദം നേരിടുന്നതായി രക്ഷിതാക്കള്‍ പറഞ്ഞു.
ജോലിസ്ഥലത്തെ പീഡനം സഹിക്കാൻ കഴിയുന്നില്ലെന്നും നാഗേശ്വരി പറഞ്ഞതായി ബന്ധുക്കൾ വെളിപ്പെടുത്തി. ചെയ്യാത്ത കാര്യങ്ങളുടെ പേരിൽ നിരന്തരം വഴക്കും മേലുദ്യോഗസ്ഥരിൽ നിന്നും മാനസിക പീഡനങ്ങളും നേരിട്ടിരുന്നതായി ആത്മഹത്യ കുറിപ്പിൽ ആരോപിക്കുന്നു. കഴിഞ്ഞ നാല് മാസമായി ആഴ്ചയിലെ അവധി പേലും അനുവദിച്ചിരുന്നില്ലെന്നും അടിയന്തരമായി കിട്ടേണ്ട അവധി പോലും നിഷേധിച്ചിരുന്നതായും കുറിപ്പിൽ വെളിപ്പെടുത്തുന്നുണ്ട്.
തനിക്കെതിരെയുണ്ടായ മോശം പെരുമാറ്റത്തെ ചോദ്യം ചെയ്തതിന്റെ പേരിലും മാനസിക പീഡനങ്ങൾ ഏറ്റുവാങ്ങേണ്ടി വന്നതായും യുവതി ആരോപിക്കുന്നു. ജോലിയിൽ നിന്നും അനാവശ്യമായി പിരിച്ചുവിട്ടതായും ആരോപണമുണ്ട്. ഡോളി എന്ന് പേരുള്ള സൂപ്പർവൈസറുടെ പേരും നാഗേശ്വരിയുടെ കുറിപ്പിലുണ്ടെന്നാണ് റിപ്പോർട്. മകൾക്ക് നീതി ലഭിക്കണമെന്നും മകളുടെ മരണത്തിന് കാരണമായവർക്കെതിരെ നടപടി സ്വീകരിക്കണമെന്നും മാതാവ് രത്നമ്മ ആവശ്യപ്പെട്ടു. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തി വരികയാണ്.










0 comments