Deshabhimani

എയര്‍ ഇന്ത്യയ്ക്ക് ക്ലീന്‍ ചിറ്റ്; ബോയിങ് വിമാനങ്ങളിൽ സുരക്ഷാ പ്രശ്നങ്ങളില്ലെന്ന് ഡിജിസിഎ

air india boeing
വെബ് ഡെസ്ക്

Published on Jun 18, 2025, 08:08 AM | 2 min read

ന്യൂഡൽഹി : എയർ ഇന്ത്യയുടെ ബോയിങ് ഡ്രീംലൈനർ വിമാനങ്ങളിൽ ​ഗുരുതരമായ സുരക്ഷാ പ്രശ്നങ്ങളൊന്നുമില്ലെന്ന് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ). ബോയിങ് 787 വിമാനങ്ങളുടെ പരിശോധന പൂർത്തിയാക്കിയെന്നും 24 വിമാനങ്ങളിൽ പരിശോധന നടത്തിയെന്നും ഡിജിസിഎ വ്യക്തമാക്കി.


ചൊവ്വാഴ്ച റദ്ദാക്കിയ 16 എയർ ഇന്ത്യ വിമാനങ്ങളിൽ 13 എണ്ണം ബോയിംഗ് 787 വിമാനങ്ങളാണെന്നും എയർലൈൻ റെഗുലേറ്ററി ബോഡി അറിയിച്ചു. ചൊവ്വാഴ്ച എയർ ഇന്ത്യയുമായും എയർ ഇന്ത്യ എക്സ്പ്രസുമായും നടത്തിയ ഉന്നതതല യോഗത്തിന് ശേഷമാണ് ഡിജിസിഎയുടെ പ്രസ്താവന. അഹമ്മദാബാദ് വിമാന ​​ദുരന്തത്തിന് ശേഷം എയർ ഇന്ത്യയുടെ ബോയിംഗ് 787 വിമാനങ്ങളുടെ സുരക്ഷയിൽ ആശങ്കകൾ ഉയർന്നുവന്നിരുന്നു. തുടർന്ന് ബോയിങ് വിമാനങ്ങളുടെ സുരക്ഷാ പരിശോധന ശക്തമാക്കാൻ ഡിജിസിഎ തീരുമാനിച്ചിരുന്നു.


ജൂൺ 15 മുതൽ പരിശോധനകൾ ആരംഭിച്ചിരുന്നു. എയർ ഇന്ത്യയുടെ ബോയിങ് 787-8 ഡ്രീംലൈനർ വിമാനമാണ് അഹമ്മദാബാദിൽ അ​ഗ്നിക്കിരയായത്. 27 ബോയിങ് 787-8 വിമാനങ്ങളും ഏഴ് ബോയിങ് 787-9 വിമാനങ്ങളുമടക്കം 34 ബോയിങ് വിമാനങ്ങളാണ് ടാറ്റ ​ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള എയർ ഇന്ത്യയ്ക്കുള്ളത്. എയർ ഇന്ത്യയും ഇൻഡിഗോയുമാണ് ബോയിങ് 787 വിമാനങ്ങൾ സർവീസ് നടത്തുന്ന രണ്ട് ഇന്ത്യൻ വിമാനക്കമ്പനികൾ. ഇന്ത്യയിൽ നിന്ന് വിമാനം പുറപ്പെടുന്നതിന് മുമ്പ് ഒറ്റത്തവണ പരിശോധന നടത്താൻ അതോറിറ്റി ഉത്തരവിട്ടിരുന്നു. ഈ പരിശോധനകൾക്ക് പിന്നാലെയാണ് ഡ്രീംലൈനർ വിമാനങ്ങളിൽ സുരക്ഷാ പ്രശ്നങ്ങളില്ലെന്ന് ഡിജിസിഎ പറഞ്ഞത്.


വിമാനവും അനുബന്ധ അറ്റകുറ്റപ്പണി സംവിധാനങ്ങളും നിലവിലുള്ള സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് കണ്ടെത്തിയതായും പ്രസ്താവനയിൽ പറയുന്നു. ഡിജിസിഎ കണക്കുകൾ പ്രകാരം ജൂൺ 12ന് ഉണ്ടായ അപകടത്തിന് ശേഷം എയർ ഇന്ത്യ റദ്ദാക്കിയ വിമാനങ്ങളിൽ ഭൂരിഭാഗവും ബോയിങ് 787 വിമാനങ്ങളാണ്.


അപകടത്തിന് പിന്നാലെ ജൂൺ 12 ന് എയർ ഇന്ത്യ ആറ് വിമാനങ്ങൾ റദ്ദാക്കി, അതിൽ അഞ്ചെണ്ണം ബോയിങ് ഫ്ലീറ്റിൽ നിന്നുള്ളവയായിരുന്നു. 13 ന് റദ്ദാക്കിയ 22 വിമാനങ്ങളിൽ 11 എണ്ണവും 14 ന് റദ്ദാക്കിയ 12 വിമാനങ്ങളും 15 ന് റദ്ദാക്കിയ 16 വിമാനങ്ങളിൽ 14 എണ്ണവും ബോയിങ് 787 വിമാനങ്ങളായിരുന്നു. 16നും എയർ ഇന്ത്യ റദ്ദാക്കിയ 11 വിമാനങ്ങളും ബോയിങ് ശ്രേണിയിലുള്ളവയായിരുന്നുവെന്നും ഡിജിസിഎ പറയുന്നു. സുരക്ഷാ പരിശോധനകൾ കാരണം വിമാനമില്ലെന്നു ചൂണ്ടിക്കാട്ടിയാണ് എയർ ഇന്ത്യ കഴിഞ്ഞ ദിവസത്തെ സർവീസുകൾ റദ്ദാക്കിയത്.


33 വിമാനങ്ങളാണ് പരിശോധിക്കുന്നത്. ഇവയിൽ നാല് വിമാനങ്ങൾ നിലവിൽ വിവിധ മെയിന്റനൻസ് റിപ്പയർ ആൻഡ് ഓവർഹോൾ സൗകര്യങ്ങളിൽ പ്രധാന പരിശോധനകൾക്ക് വിധേയമായിക്കൊണ്ടിരിക്കുകയാണ്. ആകെ 24 വിമാനങ്ങൾ ആവശ്യമായ പരിശോധന പൂർത്തിയാക്കി. ഇന്ന് രണ്ട് വിമാനങ്ങൾ കൂടി പൂർത്തിയാക്കാൻ പദ്ധതിയിട്ടിട്ടുണ്ടെന്നും ഡിജിസിഎ പറഞ്ഞു.


ജൂൺ 12നാണ് അഹമ്മദാബാദിൽ രാജ്യത്തെ നടുക്കിയ വിമാന ​ദുരന്തമുണ്ടായത്. സർദാർ വല്ലഭായി പട്ടേൽ വിമാനത്താവളത്തിൽനിന്ന് ലണ്ടൻ ​ഗാറ്റ്വിക്കിലേക്ക് പറന്നുയർന്ന എയർഇന്ത്യയുടെ ബോയിങ് 787-8 വിമാനമായ AI 171 ടേക്ക് ഓഫ് ചെയ്ത് നിമിഷങ്ങൾക്കകം ജനവാസ മേഖലയിൽ തകർന്നുവീഴുകയായിരുന്നു. വിമാനത്തിലുണ്ടായിരുന്നവരും പരിസരവാസികളുമടക്കം 270 മേർ മരിച്ചതായാണ് കണക്ക്. മരണസംഖ്യയിൽ അവ്യക്തതയുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Home