സർക്കാർ സഹായമില്ല; ഒരുമ കരുത്താക്കി ധരാലി

സ്വന്തം ലേഖിക
Published on Aug 10, 2025, 01:39 AM | 1 min read
ന്യൂഡൽഹി : ദുരന്തബാധിതർക്ക് കൃത്യമായ സഹായം എത്തിക്കാൻ ഉത്തരാഖണ്ഡ് സർക്കാർ പരാജയപ്പെട്ടതോടെ ഒരുമ കരുത്താക്കി ധരാലി ഗ്രാമവാസികൾ. ദുരന്തത്തെ അതിജീവിച്ച 150 പേരാണ് സർക്കാരിന്റെ മന്ദഗതിയിലുള്ള നടപടികളിൽ പ്രതിഷേധിച്ച് സമീപത്തുള്ള സോമേശ്വര ക്ഷേത്രത്തിൽ ക്യാമ്പ് ചെയ്യുന്നത്. സുരക്ഷിതമായ ക്രമീകരണം ഉറപ്പുനൽകും വരെ ക്ഷേത്രത്തിൽ തുടരാനാണ് തീരുമാനം. ക്ഷേത്രത്തിന്റെ ഹാളിൽ താമസിച്ച് മണ്ണിനടിയിലുള്ള ഉറ്റവരെ കണ്ടെത്താനുള്ള പരിശ്രമത്തിലാണ് ഇവർ. കുടുങ്ങിക്കിടക്കുന്നവരെ പുറത്തെടുക്കാൻ സർക്കാർ കാര്യക്ഷമമായി ഇടപെടുന്നില്ലെന്ന് ആരോപിച്ച് അടിയന്തര സഹായമായി അനുവദിച്ച 5000 രൂപ ഇവർ നിരസിച്ചു. സർക്കാരിന്റെ ഉദാസീനതയിൽ പ്രതിഷേധിച്ചാണ് പ്രദേശത്തുള്ളവർ ക്ഷേത്രത്തിൽ ക്യാമ്പ് ചെയ്യുന്നത്. ഖീർ ഗംഗാ നദി തങ്ങളുടെ ഗ്രാമത്തെ മുഴുവൻ കവർന്നെടുത്തെന്നും അവർ പറഞ്ഞു.
മേഖലയിലുണ്ടായിരുന്ന 65 ഹോട്ടൽ, 30 മുതൽ 35 വരെ ഹോംസ്റ്റേ, കട, റിസോർട്ട് എന്നിവ തകർന്നു. കൃഷിയും പൂർണമായും നശിച്ചു. എട്ട് യുവാക്കൾ മരിച്ചതായും ഗ്രാമവാസികൾ പറഞ്ഞു. എന്നാൽ, ആറു പേരുടെ മരണങ്ങളാണ് ഉത്തരാഖണ്ഡ് സർക്കാർ സ്ഥിരീകരിച്ചത്. ദുരന്തം നടന്ന് ആറു ദിവസമായിട്ടും കാണാതായവരുടെ എണ്ണത്തിൽ വ്യക്തത നൽകാൻ സർക്കാറിന് സാധിച്ചിട്ടില്ല. രക്ഷാപ്രവർത്തനം ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുന്നത് വിനോദസഞ്ചാര, തീർത്ഥാടന മേഖലകളിലും ഗ്രാമങ്ങളിലുമാണ്. ഉത്തരകാശിയിൽ കുടുങ്ങിയ ആയിരം പേരെ രക്ഷപ്പെടുത്തിയതായി ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ ധാമി ശനിയാഴ്‌ച പറഞ്ഞു. ദുരിത ബാധിതർക്ക് റേഷൻ നൽകാൻ തീരുമാനിച്ചതായും bbനഷ്ടത്തിന്റെ വ്യാപ്തി പരിശോധിച്ച് ദുരിതാശ്വാസ പാക്കേജ് നൽകുമെന്നും പറഞ്ഞു.








0 comments