ബോയിങ് 787 : ഇന്ധന സ്വിച്ചുകൾക്ക് തകരാറില്ലെന്ന് എയർഇന്ത്യ

ന്യൂഡൽഹി : ബോയിംഗ് 787 വിമാനങ്ങളുടെ ഇന്ധന നിയന്ത്രണ സ്വിച്ചുകളുടെ (എഫ്‌സിഎസ്) പരിശോധനകൾ പൂർത്തിയാക്കിയതായും പ്രശ്‌നങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നുമുള്ള വാദവുമായി എയർ ഇന്ത്യ. ഒരു വിമാനത്തിന്റെയും ഇന്ധനസ്വിച്ചുകളിൽ തകരാർ കണ്ടെത്തിയിട്ടില്ലെന്ന് എയർ ഇന്ത്യ അറിയിച്ചതായാണ് റിപ്പോർട്ട്. ബോയിംഗ് 787, 737 വിമാനങ്ങൾ സർവീസ് നടത്തുന്ന എല്ലാ വിമാനക്കമ്പനികളോടും ഇന്ധന സ്വിച്ച് ലോക്കിങ് സംവിധാനങ്ങൾ പരിശോധിക്കാൻ ഏവിയേഷൻ റെഗുലേറ്റിങ് അതോറിറ്റി ഡിജിസിഎ ഈ ആഴ്ച ആദ്യം നിർദ്ദേശം നൽകിയതിനെ തുടർന്നാണ് പരിശോധന. കഴിഞ്ഞ മാസം 260 പേരുടെ മരണത്തിന് ഇടയാക്കിയ അഹമ്മദാബാദ് വിമാന ദുരന്തത്തിൽ എയർക്രാഫ്റ്റ് ആക്‌സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ (എഎഐബി) പ്രാഥമിക റിപ്പോർട്ട് പുറത്തിറക്കിയതിനെ തുടർന്നാണ് ഉത്തരവ്.
വിമാനത്തിന്റെ എഞ്ചിനുകളിലേക്കുള്ള ഇന്ധനപ്രവാഹം നിയന്ത്രിക്കുന്നതിൽ ഇന്ധന നിയന്ത്രണ സ്വിച്ചുകൾ നിർണായകമാണ്. തകർന്ന ബോയിംഗ് 787-8 ലെ രണ്ട് ഇന്ധന സ്വിച്ചുകളും ഒരു സെക്കൻഡിനുള്ളിൽ "റൺ" എന്നതിൽ നിന്ന് "കട്ട്ഓഫ്" എന്നതിലേക്ക് നീങ്ങിയതായും ഇത് ടേക്ക് ഓഫ് ചെയ്തതിന് തൊട്ടുപിന്നാലെ രണ്ട് എഞ്ചിനുകളും ഷട്ട് ഡൗൺ ആകുന്നതിലേക്ക് നയിച്ചതായും 15 പേജുള്ള പ്രാഥമിക റിപ്പോർട്ടിൽ പറയുന്നു.
അഹമ്മദാബാദിലെ വിമാനാപകടത്തിന്റെ കാരണം ഇന്ധനസ്വിച്ചുകൾ തകരാറിലായതാണെന്നുള്ള അന്വേഷണറിപ്പോർട്ട് പുറത്തുവന്നിരുന്നു. എന്നാൽ, അപകടത്തിന്റെ ഉത്തരവാദിത്തം പൈലറ്റുമാരുടെ പുറത്ത് കെട്ടിവച്ച് ബോയിങിനെ വെള്ളപൂശാൻ എയർഇന്ത്യ ശ്രമിക്കുകയാണെന്ന ആരോപണങ്ങൾക്ക് പിന്നാലെയാണ് പുതിയ കണ്ടെത്തൽ.
അഹമ്മദാബാദ് വിമാനാപകടത്തെ തുടർന്ന് താൽകാലികമായി നിർത്തിവെച്ച സർവീസുകൾ എയർ ഇന്ത്യ പുനഃരാരംഭിക്കാൻ ഒരുങ്ങുകയാണെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. ആഗസ്റ്റ് ഒന്ന് മുതൽ അന്താരാഷ്ട്ര സർവീസുകളാണ് ആരംഭിക്കുക. ഒക്ടോബർ ഒന്നോടെ സർവീസുകളെല്ലാം പൂർണമായും പുനസ്ഥാപിക്കുമെന്നാണ് വിവരം. ജൂൺ 12നാണ് അഹമ്മദാബാദിൽ നിന്ന് ലണ്ടൻ ഗാറ്റ്വിക്കിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ ബോയിങ് വിമാനം ടേക് ഓഫിന് പിന്നാലെ തകർന്നുവീണത്. വിമാനത്തിലെ 242 പേരിൽ ഒരാളൊഴികെ എല്ലാവരും മരിച്ചു. ഹിജെ മെഡിക്കൽ കോളേജ് ഹോസ്റ്റൽ കെട്ടിടത്തിലേക്കാണ് വിമാനം തകർന്നുവീണത്. എംബിബിഎസ് വിദ്യാർഥികളും പ്രദേശവാസികളുമടക്കം 29 പേരും കൊല്ലപ്പെട്ടു.









0 comments