ആർ ജി കറിലെ ബലാത്സംഗക്കൊല; ഡോക്ടറുടെ മരണ സർട്ടിഫിക്കറ്റ് ഇതുവരെ ലഭിച്ചില്ലെന്ന് മാതാപിതാക്കൾ

കൊൽക്കത്ത: കൊൽക്കത്തയിലെ ആർ ജി കർ ആശുപത്രിയിൽ ബലാത്സംഗം ചെയ്ത് കൊല്ലപ്പെട്ട ജൂനിയർ ഡോക്ടറുടെ മരണ സർട്ടിഫിക്കറ്റ് ഇതുവരെ ലഭിച്ചിട്ടില്ലെന്ന് മാതാപിതാക്കൾ. പാനിഹാട്ടി മുനിസിപ്പാലിറ്റിയിൽ നിന്നും സംസ്കാരം നടത്തിയതിന്റെ സർട്ടിഫിക്കറ്റ് ലഭിച്ചെങ്കിലും കൊൽക്കത്ത മുനിസിപ്പൽ കോർപ്പറേഷനിൽ (കെഎംസി) നിന്ന് മകളുടെ മരണ സർട്ടിഫിക്കറ്റ് ലഭിച്ചില്ല എന്നാണ് മാതാപിതാക്കളുടെ പരാതി.
ആർ ജി കർ ആശുപത്രിയിൽ നിന്നാണ് സർട്ടിഫിക്കറ്റ് നൽകേണ്ടതെന്നാണ് കെഎംസി പറയുന്നത്. അതേസമയം, കെഎംസിയാണ് സർട്ടിഫിക്കറ്റ് അനുവദിക്കാനുളള അതോറിറ്റി എന്ന വാദവുമായി ആശുപത്രി അധികൃതരും ഡോക്ടറുടെ മാതാപിതാക്കളെ വലയ്ക്കുകയാണ്. സ്വാഭാവികമോ അസ്വാഭാവികമോ ആയ മരണങ്ങൾ കെഎംസിയുടെ പരിധിയിൽ നടന്നാൽ കെഎംസിയാണ് സാധാരണഗതിയിൽ സർട്ടിഫിക്കറ്റ് അനുവദിക്കുക എന്നാണ് ആരോഗ്യ വകുപ്പും അറിയിച്ചത്.
കഴിഞ്ഞ വർഷം ആഗസ്ത് 9നാണ് ആർ ജി കർ സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ അത്യാഹിത വിഭാഗത്തിൽ രാത്രി ഡ്യൂട്ടിയിലുണ്ടായിരു ജൂനിയർ ഡോക്‌ടറാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ രാജ്യവ്യാപകമായി പ്രതിഷേധം ഉയർന്നിരുന്നു. ഓഗസ്റ്റ് 13-ന് സിബിഐ കേസിൻ്റെ അന്വേഷണ ചുമതല ഏറ്റെടുത്തിരുന്നു. നവംബർ 11ന് ആശുപത്രിയിലെ സുരക്ഷാ ജീവനക്കാരനായ സഞ്ജയ് റോയെ കേസിൽ പ്രതി ചേർത്തു.
പ്രതി സഞ്ജയ് കുറ്റക്കാരനാണെന്ന് വിചാരണ കോടതി കണ്ടെത്തി. കഴിഞ്ഞ ജനുവരി 20-ന് വിചാരണക്കോടതി കേസിലെ ഏക പ്രതിയായ സഞ്ജയ് റോയിയെ മരണം വരെ ജീവപര്യന്തം തടവിന് ശിക്ഷിച്ചിരുന്നു. 2024 നവംബർ 11-ന് ആരംഭിച്ച വിചാരണ 59 ദിവസമെടുത്താണ് പൂർത്തിയാക്കിയത്.










0 comments