തുടരുന്നു, വിരൽത്തുമ്പിലെ വിസ്‌മയം

ബൈജു ഐക്കരപ്പടി തബലവാദനത്തിൽ

സ്വന്തം ലേഖകൻ
Published on Aug 10, 2026, 12:15 AM | 1 min read
കൊണ്ടോട്ടി
ഇടതടവില്ലാതെ പെയ്യുന്ന മഴപോലെ, ചിലപ്പോൾ ശാന്തമായൊഴുകുന്ന പുഴപോലെ ബൈജു ഐക്കരപ്പടിയുടെ തബലയിൽനിന്ന് നാദതരംഗങ്ങൾ ഒഴുകും. കേൾവിക്കാരെ വിസ്‌മയിപ്പിച്ച ആ തബല വാദനത്തിന് നാല് പതിറ്റാണ്ട് പൂർത്തിയാകുകയാണ്. 1986ൽ പതിനൊന്നാമത്തെ വയസിൽ കോഴിക്കോട് കബീർദാസ് മാസ്റ്ററിൽനിന്നാണ് ബൈജു തബല പഠനം ആരംഭിക്കുന്നത്. അമ്പതാം വയസിലും ആ താളപ്പെരുക്കത്തിന് പത്തരമാറ്റാണ്. ഫറോക് ഗോവിന്ദൻ ആശാൻ, ചേമഞ്ചേരി ശിവദാസ്, കോഴിക്കോട് ഭരത് രാജ്, കൊൽക്കത്തയിലെ പണ്ഡിറ്റ് ഹിന്ദോൾ മജുന്ദാർ എന്നിവരിൽനിന്ന് തബല അഭ്യസിച്ചു. നാൽപ്പത് വർഷത്തിനുശേഷവും പഠനം അവസാനിപ്പിച്ചില്ല. തൃശൂരിലെ ഉസ്താദ് ഷഹീൻ നാസറിൽനിന്ന് പുതിയ താളങ്ങൾ പകർത്തുകയാണ് ബൈജു. പ്രശസ്തരായ പല സംഗീതസംവിധായകർക്കും ഗായകർക്കും തബലയിൽ അകമ്പടിക്കാരനായി. നൂറുകണക്കിന് ശിഷ്യഗണങ്ങളുമുണ്ട്. പലരും സംസ്ഥാന, ദേശീയ കലോത്സവങ്ങളിലെ ഒന്നാംസ്ഥാനക്കാരാണ്. നിരവധി വേദികളിൽ തബലയിൽ സോളോ, ജുഗൽബന്ദി, ഫ്യൂഷൻ എന്നിവ അവതരിപ്പിക്കുന്നു. 1994ൽ കോഴിക്കോട് ആകാശവാണിയിൽനിന്ന് തബലയിൽ എ ഗ്രേഡ് കരസ്ഥമാക്കി. അഖിൽ ഭാരത് ഗന്ധർവ മഹാ വിദ്യാലയത്തിൽനിന്ന് തബലയിൽ ഫസ്റ്റ് ക്ലാസോടെ വിജയിച്ചു. സാമ്പത്തികശാസ്ത്രത്തിൽ പിജി, സാമൂഹ്യശാസ്ത്രത്തിൽ ബിഇഎഡും സമ്പാദിച്ചു. നിരവധി ആൽബങ്ങൾക്ക് സംഗീതം നൽകി. മൂകാംബികാമൃതം എന്ന ആൽബത്തിന് മികച്ച സംഗീതസംവിധായകനുള്ള മലബാർ സൗഹൃദ വേദിയുടെ ഇന്റർനാഷണൽ അവാർഡ് ലഭിച്ചു. 2023ൽ കലിക്കറ്റ് സർവകലാശാല മെറിറ്റ് അവാർഡ് നൽകി ആദരിച്ചു. ചലച്ചിത്ര പിന്നണി ഗായകരായ സിത്താര കൃഷ്ണകുമാർ, ഷഹബാസ് അമൻ, വൈക്കം വിജയലക്ഷ്മി, ദേവനന്ദ, ജാസി ഗിഫ്റ്റ് തുടങ്ങിയ ഗായകർക്കൊപ്പം വേദികൾ പങ്കിട്ടു. 500ലധികം ഗാനമേള വേദികളിൽ തബലവാദകനായി. ഐക്കരപ്പടി കൈതകുണ്ട് സ്വദേശിയായ ബൈജു കലിക്കറ്റ് സർവകലാശാലാ പരീക്ഷാഭവനിൽ സെക്ഷൻ ഓഫീസറാണ്. സ്വരലയം മ്യൂസിക് കോഴിക്കോടും ശിഷ്യൻമാരും ചേർന്ന് ബൈജുവിന് സ്നേഹാദരം നൽകും. തിങ്കളാഴ്ച പകൽ മൂന്നിന് ഫാറൂഖ് കോളേജ് അടിവാരത്തെ ശ്രീദേവി മന്ദിരത്തിലാണ് പരിപാടി.









0 comments