ബിജെപി പാര്‍ട്ടി പിടിക്കുമോ എന്ന് ആശങ്ക, നിതീഷ് കുമാറിന്റെ മകൻ നിഷാന്ത് സജീവ രാഷ്ട്രീയത്തിലേക്ക്

പാട്‌ന: ബീഹാർ രാഷ്ട്രീയത്തിൽ പതിവ് പോലെ പുതിയൊരു തലമുറ മാറ്റത്തിന് വഴിയൊരുങ്ങുന്നു. മുഖ്യമന്ത്രിയും ജെഡി(യു) അധ്യക്ഷനുമായ നിതീഷ് കുമാറിന്റെ ഏക മകൻ നിഷാന്ത് കുമാർ സജീവ രാഷ്ട്രീയത്തിലേക്ക് കടക്കുന്നു. മാസങ്ങളായി നിലനിന്നിരുന്ന അഭ്യൂഹങ്ങൾ അവസാനിപ്പിച്ച് നിതീഷ് കുമാറിന്റെ വിശ്വസ്തനും സംസ്ഥാന മന്ത്രിയുമായ ശ്രാവൺ കുമാർ ആണ് ഈ വിവരം ഔദ്യോഗികമായി പുറത്തു വിട്ടത്.
നിഷാന്ത് കുമാറിന്റെ രാഷ്ട്രീയ പ്രവേശനം സംബന്ധിച്ച പ്രഖ്യാപനം ഒന്നോ രണ്ടോ ദിവസത്തിനുള്ളിൽ പാർട്ടി നടത്തും എന്നാണ് വിവരം. പാർട്ടിയിൽ നിഷാന്തിന് വലിയൊരു ഉത്തരവാദിത്തം നൽകാനാണ് തീരുമാനം എന്നും ശ്രാവൺ കുമാര്‍ പറയുകയുണ്ടായി.
കഴിഞ്ഞ കുറേ വർഷങ്ങളായി നിഷാന്ത് രാഷ്ട്രീയത്തിലേക്ക് വരണമെന്ന് പാർട്ടി പ്രവർത്തകർ ആവശ്യപ്പെടുന്നുണ്ടായിരുന്നു. 76വയസ് പിന്നിട്ട പിതാവ് നിതീഷ് കുമാര്‍ ഇത് പത്താമത് തവണയാണ് സംസ്ഥാന മുഖ്യമന്ത്രി സ്ഥാനത്ത് എത്തിയിരിക്കുന്നത്. 2005മുതൽ ചെറിയ ഒരു ഇടവേളയിൽ ഒഴികെ അദ്ദേഹം പദവിയിലുണ്ട്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ അദ്ദേഹത്തിന്റെ മറവിയും ആരോഗ്യ പ്രശ്നങ്ങളും ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു.
നിതീഷിന്റെ പാര്‍ട്ടി വലിയ ശൂന്യത നേരിടുന്നുണ്ട്. ബിജെപി എല്ലായിടത്തും ചെയ്ത പോലെ പാര്‍ട്ടിയെ ദുര്‍ബലമാക്കി അധികാരം പൂര്‍ണ്ണമായും കയ്യടക്കുമോ എന്ന ആശങ്ക നിലനിൽക്കുന്നു. ഈ സാഹചര്യത്തിൽ ജെഡി(യു)വിന്റെ ഭാവി നേതൃത്വത്തെ ചൊല്ലിയുള്ള തർക്കങ്ങൾ ഒഴിവാക്കാനും കൂടി നിഷാന്തിന്റെ വരവ് സഹായിക്കുമെന്ന് ഒരു വിഭാഗം നേതാക്കൾ വിശ്വസിക്കുന്നു. കൂടെ ചേര്‍ത്ത് ഇല്ലാതാക്കുന്ന ബിജെപിയുടെ തന്ത്രം മറികടക്കാനും നിഷാന്തിന്റെ വരവ് സഹായിക്കുമെന്ന് ചര്‍ച്ചകളുണ്ടായി. നിഷാന്ത് കുമാറിനെ രാജ്യസഭയിലേക്കാണ് പരിഗണിക്കുന്നത് എന്ന് പ്രാദേശിക മാധ്യങ്ങൾ പറയുന്നു.
നിഷാന്ത് കുമാർ
സോഫ്റ്റ്‌വെയർ എഞ്ചിനീയറാണ് നിഷാന്ത് കുമാർ. ബിഐടി മെസ്‌റയിൽ നിന്നായിരുന്നു ബിരുദം നേടിയത്. പിതാവിന്റെ രാഷ്ട്രീയ ജീവിതത്തിൽ നിന്ന് അകലം പാലിച്ചിരുന്നു. കഴിഞ്ഞ കുറച്ച് മാസങ്ങളായി പൊതുപരിപാടികളിലും വികസന പദ്ധതികളുടെ പരിശോധനകളിലും സജീവമായിരുന്നു.
കുടുംബ രാഷ്ട്രീയത്തിന് എതിരെ എപ്പോഴും സംസാരിക്കാറുള്ള നേതാവാണ് നിതീഷ് കുമാർ. ആർജെഡിയുടെ കുടുംബവാഴ്ചയെ നിരന്തരം വിമർശിക്കുന്ന നിതീഷ്,തന്റെ മകനെ രാഷ്ട്രീയത്തിലേക്ക് കൊണ്ടുവരുന്നത് കൗതുകമായിട്ടുണ്ട്.










0 comments