നിതീഷ് കുമാറിന്റെ മകൻ നിശാന്ത് കുമാർ മന്ത്രിസഭയിലേക്ക്

പട്ന: ബിഹാറിൽ ബിജെപി ഭരണത്തിന് അവസരമൊരുക്കി രാജിവെച്ച് ഒഴിഞ്ഞ നിതീഷ് കുമാറിന്റെ മകൻ നിശാന്ത് കുമാർ മന്ത്രിസഭയിലേക്ക്. വ്യാഴാഴ്ച നടക്കുന്ന മന്ത്രിസഭാ വിപുലീകരണ ചടങ്ങിൽ നിശാന്ത് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും.
എൻജിനീയറിങ് ബിരുദധാരിയായ 45-കാരനായ നിശാന്ത് കുമാർ രണ്ട് മാസം മുൻപാണ് പിതാവ് നയിച്ച ജെഡിയുവിൽ ചേർന്നത്. നിതീഷ് കുമാർ മുഖ്യമന്ത്രി സ്ഥാനം രാജി വെച്ച് രാജ്യസഭാംഗമായതിന് പിന്നാലെയായിരുന്നു നിശാന്തിന്റെ രാഷ്ട്രീയ പ്രവേശം.
ഉപമുഖ്യമന്ത്രി സ്ഥാനം വാഗ്ദാനം ചെയ്തിരുന്നെങ്കിലും, പാർട്ടി പ്രവർത്തകനായി പരിചയം നേടിയ ശേഷം പദവികൾ ഏറ്റെടുക്കാം എന്ന നിലപാടിലായിരുന്നു എന്നാണ് വാര്‍ത്തകൾ പുറത്തു വിട്ടത്. എന്നാൽ ഇപ്പോൾ മന്ത്രിസഭയിൽ ചേരാൻ തീരുമാനിച്ചതായാണ് വാര്‍ത്തകൾ.
വ്യാഴാഴ്ച നടക്കുന്ന മന്ത്രിസഭയുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, ബി.ജെ.പി അധ്യക്ഷൻ നിതിൻ നബിൻ എന്നിവർ പങ്കെടുക്കുന്നുണ്ട്. വിജയ് കുമാർ ചൗധരി, ബിജേന്ദ്ര പ്രസാദ് യാദവ് എന്നിവർ നിലവിൽ ഉപമുഖ്യമന്ത്രിമാരാണ്. അശോക് ചൗധരി, ശ്രാവൺ കുമാർ, ലെഷി സിംഗ് എന്നിവരും പുതിയ മന്ത്രിസഭയിൽ ഇടംപിടിച്ചേക്കും.
ബി.ജെ.പി, ജെഡിയു എന്നിവർക്ക് പുറമെ ചിരാഗ് പാസ്വാന്റെ എൽജെപിയും, ജിതൻ റാം മാഞ്ചിയുടെ എച്ച് എ എമ്മും, ഉപേന്ദ്ര കുശ്വാഹയുടെ ആര്‍എൽഎമ്മും മന്ത്രിസഭയിൽ പ്രാതിനിധ്യം ഉറപ്പാക്കിയിട്ടുണ്ട്. 243 അംഗ നിയമസഭയുള്ള ബിഹാറിൽ പരമാവധി 30 മന്ത്രിമാരാകാം. ഇതിൽ 16 മന്ത്രിസ്ഥാനങ്ങൾ വേണമെന്നാണ് ജെഡിയു സംസ്ഥാന അധ്യക്ഷൻ ഉമേഷ് കുശ്വാഹ ആവശ്യപ്പെട്ടിരുന്നത്.










0 comments