നിതീഷ് കുമാറിന് പത്താം ഊഴം; മുഖ്യമന്ത്രിയായി സത്യപ്രതിജ്‌ഞ ചെയ്തു

പട്ന: ബിഹാർ മുഖ്യമന്ത്രിയായി ജെഡിയു നേതാവ് നിതീഷ് കുമാർ സത്യപ്രതിജ്‌ഞ ചെയ്തു. പറ്റ്‌നയിലെ ഗാന്ധി മൈതാനത്തായിരുന്നു സത്യപ്രതിജ്‌ഞ. ഗവർണർ ആരിഫ് മുഹമദ് ഖാൻ സത്യവാചകം ചൊല്ലിക്കൊടുത്തു. 75 കാരനായ നിതീഷ് പത്താം തവണയാണ് ബിഹാർ മുഖ്യമന്ത്രിയായി സത്യപ്രതിജ്‌ഞ ചെയ്യുന്നത്. ചെറിയ ഇടവേളയൊഴിച്ചാൽ 2005 മുതൽ തുടർച്ചയായി മുഖ്യമന്ത്രിയാണ്.
പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തരമന്ത്രി അമിത് ഷാ, കേന്ദ്രമന്ത്രിമാർ, വിവിധ സംസ്ഥാനങ്ങളിലെ എൻഡിഎ മുഖ്യമന്ത്രിമാർ, മുതിർന്ന എൻഡിഎ നേതാക്കൾ തുടങ്ങിയവർ ചടങ്ങിൽ പങ്കാളികളായി.
നേരത്തെ ജെഡിയു നിയമസഭാ കക്ഷി യോഗം ചേർന്ന് നിതീഷിനെ നേതാവായി തെരഞ്ഞെടുത്തിരുന്നു. എൻഡിഎ നിയമസഭാ കക്ഷി യോഗവും നിതീഷിനെ സഭാ നേതാവായി തീരുമാനിച്ചു. ബിജെപിയുടെ നിയമസഭാകക്ഷി യോഗം ഉപമുഖ്യമന്ത്രി സമ്രാട്ട് ചൗധുരിയെ നേതാവായി തെരഞ്ഞെടുത്തു. നിതീഷ് കുമാർ ബുധനാഴ്‌ച ഗവർണർ ആരിഫ് മുഹമദ് ഖാനെ കണ്ട് രാജി സമർപ്പിച്ചിരുന്നു. തുടർന്ന് പുതിയ സർക്കാർ രൂപീകരണത്തിനുള്ള അവകാശവാദവും ഉന്നയിച്ചു. പിന്തുണയ്‌ക്കുന്ന എംഎൽഎമാരുടെ പട്ടിക കൈമാറി.
ഭരണഘടനാവ്യവസ്ഥകൾ പ്രകാരം മുഖ്യമന്ത്രിയടക്കം പരമാവധി 36 പേരെയാണ് ബിഹാറിൽ മന്ത്രിസഭയിൽ ഉൾപ്പെടുത്താനാവുക.









0 comments