print edition ബിഹാറിൽ ജെഡിയുവിന്റെ കഥ കഴിയുന്നു ; നിതീഷിനെ രാജ്യസഭയിലൊതുക്കി ബിജെപി

ന്യൂഡൽഹി
ബിഹാറിൽ ജെഡിയുവിന്റെ രാഷ്‌ട്രീയ അടിത്തറ തകർക്കാൻ മുഖ്യമന്ത്രി നിതീഷ് കുമാറിനെ രാജ്യസഭയിലേക്ക് ഇളക്കി പ്രതിഷ്‌ഠിച്ച് ബിജെപി. വ്യാഴാഴ്‌ച കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്‌ക്ക് ഒപ്പമെത്തി നിതീഷ് കുമാർ രാജ്യസഭയിലേക്ക് പത്രിക സമർപ്പിച്ചു. പത്താംവട്ടം ബിഹാർ മുഖ്യമന്ത്രിയായി മാസങ്ങൾക്കകം രാജ്യസഭയിലേക്കുള്ള ചുവടുമാറ്റത്തിന് പിന്നിൽ ബിജെപിയുടെ ശക്തമായ സമ്മർദമാണ്. ഇതോടെ ബിഹാറിൽ ആദ്യമായി ബിജെപി മുഖ്യമന്ത്രി വരുമെന്നാണ് സൂചന. പിന്നാക്ക വിഭാഗത്തിൽ നിന്നുള്ള നേതാവോ വനിതയോ പുതിയ മുഖ്യമന്ത്രിയായേക്കുമെന്ന് ബിജെപി വൃത്തങ്ങള്‍ പറഞ്ഞു. ഉപമുഖ്യമന്ത്രി സാമ്രാട്ട് ചൗധ്‌രി, കേന്ദ്രമന്ത്രി നിത്യാനന്ദ് റായ്, മന്ത്രി ദിലീപ്‌കുമാർ ജയ്‌സ്വാൾ, ദീഘാ എംഎൽഎ സന്ദീപ് ചൗരസ്യ തുടങ്ങിയവരുടെ പേരാണ് ഉയരുന്നത്. നിതീഷിന്റെ മകൻ നിഷാന്ത് കുമാർ ഉപമുഖ്യമന്ത്രിയാകും.
നിതീഷിനെ മുഖ്യമന്ത്രിയാക്കുന്നതില്‍ തെരഞ്ഞെടുപ്പിന് മുമ്പേ ബിജെപിക്ക് എതിർപ്പുണ്ടായിരുന്നു. മുഖ്യമന്ത്രിയാക്കിയില്ലെങ്കിൽ പതിവുപോലെ മറുകണ്ടം ചാടുമെന്ന പേടിച്ച് അവസാനഘട്ടത്തിലായിരുന്നു പ്രഖ്യാപനം. എൻഡിഎ അധികാരത്തിലെത്തുകയും ബിജെപി നില മെച്ചപ്പെടുത്തകയും ചെയ്‌തതോടെ ജെഡിയുവിനെ ഇനി ചുമക്കേണ്ടെന്ന നിലപാടിലാണ് ബിജെപി. നിതീഷിനെ ബിഹാറിൽനിന്ന് മാറ്റാൻ ആരോഗ്യകാരണങ്ങളും ബിജെപി ആയുധമാക്കി.
അതേസമയം, ദീർഘകാല ആഗ്രഹത്തിന്റെ ഭാഗമായാണ് രാജ്യസഭയിലേക്ക് പോകുന്നതെന്ന് നിതീഷ്‌കുമാർ സമൂഹമാധ്യമത്തിൽ പ്രതികരിച്ചു. നിതീഷിനെ പുകച്ചുപുറത്തുചാടിച്ചെന്ന പരാതി ജെഡിയു നേതാക്കൾക്കും പ്രവർത്തകർക്കുമുണ്ട്. ജെഡിയുവിനെ പൂർണമായും വിഴുങ്ങാനുള്ള നീക്കം ബിജെപി ഇനി സജീവമാക്കും.










0 comments