നിതീഷ് കുമാറിന്റെ രാജി ഉടൻ

പട്ന: ബിഹാർ രാഷ്ട്രീയത്തിൽ രണ്ട് പതിറ്റാണ്ട് നീണ്ടുനിന്ന നിതീഷ് കുമാർ യുഗം അവസാനിക്കുന്നു. ഏപ്രിൽ 14 ചൊവ്വാഴ്ച നിതീഷ് കുമാർ മുഖ്യമന്ത്രി സ്ഥാനം രാജിവെക്കും. സംസ്ഥാനത്തിന്റെ ചരിത്രത്തിലാദ്യമായി ബിജെപിയിൽ നിന്നുള്ള ഒരാൾക്ക് മുഖ്യമന്ത്രി പദവിയിലെത്താൻ അവസരം ഒരുക്കിയാണ് പിൻമാറ്റം. ഘടക കക്ഷികളെ അകത്തു നിന്ന് ദുര്‍ബലമാക്കിയും ശിഥിലീകരിച്ചും ഭരണം കൈക്കലാക്കുന്ന ബിജെപിയുടെ പതിവ് തന്ത്രം ഇതോടെ ബിഹാര്‍ രാഷ്ട്രീയത്തിലും പ്രയോഗിക്കപ്പെട്ടിരിക്കയാണ്.
2005 നവംബർ മുതൽ കഴിഞ്ഞ 21 വർഷമായി ബിഹാർ മുഖ്യമന്ത്രിയായി തുടരുന്ന നിതീഷ് കുമാർ, ചൊവ്വാഴ്ച രാവിലെ 11 മണിക്ക് തന്റെ അവസാന മന്ത്രിസഭാ യോഗം വിളിച്ചുചേർത്തിട്ടുണ്ട്. അതിനുശേഷം അദ്ദേഹം ഗവർണർക്ക് രാജിക്കത്ത് കൈമാറും എന്നാണ് റിപ്പോര്‍ടുകൾ. നിലവിൽ നിതീഷ് കുമാറിന്റെ ഔദ്യോഗിക വസതിയായ '1, ആനി മാർഗിൽ' നിന്നും അദ്ദേഹത്തിന്റെ സാധനങ്ങൾ തൊട്ടടുത്തുള്ള '7, സർക്കുലർ റോഡിലെ' പുതിയ വസതിയിലേക്ക് മാറ്റിത്തുടങ്ങി. നിതീഷ് കുമാറിനെ രാജ്യസഭയിലേക്ക് അയച്ചാണ് സംസ്ഥാന മുഖ്യമന്ത്രി കസേര ബിജെപി ഉറപ്പാക്കിയിരിക്കുന്നത്.
പുതിയ സർക്കാരിൽ ഉൾപ്പെടുത്തേണ്ട മന്ത്രിമാരെ തീരുമാനിക്കുന്നതിനായി മുതിർന്ന നേതാക്കളായ സഞ്ജയ് കുമാർ ഝാ, ലാലൻ സിംഗ് തുടങ്ങിയവർ നിതീഷ് കുമാറുമായി കൂടിക്കാഴ്ച നടത്തി. പുതിയ ഭരണസംവിധാനത്തിലും നിലവിലെ ജെഡിയു മന്ത്രിമാർ തുടരാനാണ് സാധ്യത. 243 അംഗങ്ങളുള്ള ബിഹാർ നിയമസഭയിൽ പരമാവധി 36 മന്ത്രിമാരെ ഉൾപ്പെടുത്താം. ഇതിന്റെ സാധ്യത പരമാവധി പ്രയോജനപ്പെടുത്താനുള്ള അവസരം മാത്രമാണ് നിതീഷന്റെ പാര്‍ടിക്ക് അവശേഷിക്കുന്നത്.
പുതിയ മുഖ്യമന്ത്രി ആരായിരിക്കുമെന്ന കാര്യത്തിൽ ഇതുവരെ ഔദ്യോഗിക സ്ഥിരീകരണമുണ്ടായിട്ടില്ല. മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കുന്നതിനായി കേന്ദ്ര നിരീക്ഷകനായി കേന്ദ്ര കൃഷിമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ ഏപ്രിൽ 14-ന് പട്നയിലെത്തും. വിജയം ആഘോഷമാക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും സത്യപ്രതിജ്ഞാ ചടങ്ങുകൾക്ക് എത്തിച്ചേരുമെന്നാണ് റിപ്പോർട്ടുകൾ. ഇവരുടെ സന്ദർശനത്തോടനുബന്ധിച്ച് പട്ന വിമാനത്താവളം മുതൽ ലോക് ഭവൻ വരെ കർശന സുരക്ഷയും ബാരിക്കേഡുകളും ഏർപ്പെടുത്തിക്കഴിഞ്ഞു.
243 അംഗങ്ങളുള്ള നിയമസഭയിൽ 89 എംഎൽഎമാരുള്ള ബിജെപിയാണ് ഏറ്റവും വലിയ ഒറ്റകക്ഷി. ചൊവ്വാഴ്ച ഉച്ചയ്ക്ക് 3 മണിയോടെ ബിജെപി തങ്ങളുടെ നിയമസഭാ കക്ഷി നേതാവിനെ തിരഞ്ഞെടുക്കും.
ഇരുപത് വർഷത്തെ ഭരണം, ഇടര്‍ച്ച
ബിഹാർ രാഷ്ട്രീയത്തിലെ അതികായകനായ നിതീഷ് കുമാറിന്റെ ഏകദേശം ഇരുപത് വർഷം നീണ്ട മുഖ്യമന്ത്രി പദവിയുടെ അന്ത്യം കുറിച്ചുകൊണ്ടായിരുന്നു രാജ്യസഭയിലേക്കുള്ള മാറ്റിയിരുത്തൽ. 76വയസ് പിന്നിട്ട നിതീഷ് കുമാര്‍ പത്താമത് തവണയാണ് സംസ്ഥാന മുഖ്യമന്ത്രി സ്ഥാനത്ത് എത്തിയത്. 2005മുതൽ ചെറിയ ഒരു ഇടവേളയിൽ ഒഴികെ അദ്ദേഹം പദവിയിലുണ്ട്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ അദ്ദേഹത്തിന്റെ മറവിയും ആരോഗ്യ പ്രശ്നങ്ങളും ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു.
മാർച്ച് 5 ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ സാന്നിധ്യത്തിലാണ് അദ്ദേഹം രാജ്യസഭയിലേക്ക് നാമനിർദ്ദേശ പത്രിക സമർപ്പിച്ചത്. രാഷ്ട്രീയ പാര്‍ടികളെ സഖ്യത്തിലെടുക്കുകയും അവയെ സാവധാനം വിഴുങ്ങുകയും ചെയ്യുന്ന ബിജെപി തന്ത്രമാണ് നിതീഷിന്റെയും പടിയിറക്കത്തോടെ രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തിയത്.
വോട്ട് ബാങ്ക് ഉൾപ്പെടെ അടിച്ചുമാറ്റാൻ
നിതീഷ് കുമാറിനെ സംസ്ഥാന രാഷ്ട്രീയത്തിൽ നിന്ന് മാറ്റി, അദ്ദേഹത്തിന്റെ സോഷ്യൽ ഇഞ്ചിനീയറിംഗ് മോഡലും വോട്ട് ബാങ്കും തങ്ങളുടെ പക്കലാക്കുക എന്നതാണ് ബിജെപിയുടെ തന്ത്രമായി വിലയിരുത്തപ്പെടുന്നത്. നിതീഷ് കുമാറിന്റെ പിന്തുണക്കാരായിരുന്ന അതിപിന്നോക്ക വിഭാഗങ്ങൾ, കുർമി-കോയറി വിഭാഗങ്ങൾ, വനിതാ വോട്ടർമാർ തുടങ്ങിയവരെ ആകർഷിക്കാനുള്ള നീക്കം നേരത്തെ തന്നെ ബിജെപി തുടങ്ങി വെച്ചിരുന്നു.
ബിഹാർ രാഷ്ട്രീയത്തിലെ നിതീഷ് കേന്ദ്രിതമായ കൂട്ടുകെട്ട് രാഷ്ട്രീയത്തിന് വിരാമമാകുകയും ഇനി ബിജെപിയും ആർജെഡിയും തമ്മിലുള്ള നേരിട്ടുള്ള ദ്വി ധ്രുവ മത്സരത്തിലേക്ക് സംസ്ഥാനം നീങ്ങുകയും ചെയ്യും എന്നും നിരീക്ഷിക്കപ്പെടുന്നു.
നിതീഷ് കുമാറിനെ രാജ്യസഭയിലേക്ക് അയച്ചതിലൂടെ ബിജെപി അദ്ദേഹത്തെയും ബിഹാറിലെ ജനങ്ങളെയും ചതിച്ചുവെന്ന് പ്രതിപക്ഷ നേതാവ് തേജസ്വി യാദവ് വിമര്‍ശിച്ചിരുന്നു. മഹാരാഷ്ട്ര മാതൃകയിൽ ഒരു കാലയളവിലേക്ക് മാത്രം നിതീഷിനെ മുഖ്യമന്ത്രിയായി തുടരാൻ അനുവദിച്ച ശേഷം ബിജെപി ഇടപെട്ട് അദ്ദേഹത്തെ നീക്കുകയാണ് ചെയ്തതെന്നും തേജസ്വി ആരോപിക്കയുണ്ടായി.
അതേസമയം നിതീഷ് കുമാറിന്റെ മകൻ നിഷാന്ത് കുമാറിനെ അടുത്ത മുഖ്യമന്ത്രിയായി പ്രൊജക്റ്റ് ചെയ്യാനുള്ള ശ്രമങ്ങൾ ജെഡിയുവിനകത്ത് നിന്നും ഉണ്ടായിരുന്നു. പക്ഷേ അദ്ദേഹം രാഷ്ട്രീയ രംഗത്ത് വന്നത് തന്നെ ഈ വര്‍ഷമാണ്. സോഫ്റ്റ്‌വെയർ എഞ്ചിനീയറാണ് നിഷാന്ത് കുമാർ. ബിഐടി മെസ്‌റയിൽ നിന്നായിരുന്നു ബിരുദം നേടിയത്. പിതാവിന്റെ രാഷ്ട്രീയ ജീവിതത്തിൽ നിന്ന് അകലം പാലിച്ച് കഴിയുകയായിരുന്നു.
കസേരയിൽ കണ്ണും നട്ട്
ജെഡിയുവിന് ഡെപ്യൂട്ടി സിഎം, സ്പീക്കർ തുടങ്ങിയ സ്ഥാനങ്ങളും മന്ത്രിസഭയിൽ മതിയായ പ്രാതിനിധ്യവും വാഗാദാനം ചെയ്താണ് ബിജെപി കരുക്കൾ നീക്കി തുടങ്ങിയത്. നിതീഷിന് ഒപ്പമുള്ളവര്‍ തന്നെ ഈ അവസരങ്ങൾ കാത്തിരിക്കുന്നു.










0 comments