വെറും 30 സെക്കൻഡ്, പ്രകടന പത്രിക പ്രകാശന ചടങ്ങിൽ വേദിവിട്ടിറങ്ങി നിതീഷ് കുമാർ

പട്ന: ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിനെ നിശ്ശബ്ദനാക്കിയും ഓരംതള്ളിയും പുറത്താക്കുന്നു എന്ന ആക്ഷേപങ്ങൾക്കിടെ എൻ ഡി എ മുന്നണിയുടെ പ്രകടന പത്രിക പുറത്തിറക്കിയ ചടങ്ങിലും നാടകീയ രംഗങ്ങൾ. ബി ജെ പി ദേശീയ അധ്യക്ഷൻ ജെ പി നഡ്ഡക്കും ബി ജെ പി നേതാവും ഉപമുഖ്യമന്ത്രിയുമായ സാമ്രാട്ട് ചൗധരിക്കുമൊപ്പം പത്രിക ഉയർത്തിക്കാണിക്കുന്ന ഫോട്ടോ എടുത്തശേഷം നിതീഷ് ഉടൻ വേദി വിട്ടിറങ്ങി.
ചടങ്ങിന് പിന്നാലെ പ്രതിപക്ഷം ഇത് വിവാദമാക്കി എങ്കിലും എൻ ഡി എ നേതാക്കൾ പ്രതികരിച്ചില്ല. പട്നയിലെ ഹോട്ടൽ മൗര്യയിലായിരുന്നു പ്രകടനപത്രിക പ്രകാശനം.
എൻഡിഎ അധികാരത്തിലെത്തിയാൽ മുഖ്യമന്ത്രി ആരാണെന്ന ചോദ്യത്തിന് മുന്നിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും നിശ്ശബ്ദത തുടരുകയാണ്. മുഖ്യമന്ത്രി സ്ഥാനാർത്ഥി ജെഡിയു നേതാവ് നിതീഷ് കുമാറായിരിക്കുമെന്ന് പരസ്യമായി പറഞ്ഞിട്ടുള്ളത് കേന്ദ്ര മന്ത്രിയും ലോക് ജനശക്തി പാർട്ടി (റാം വിലാസ്) നേതാവുമായ ചിരാഗ് പാസ്വാൻ മാത്രമാണ്.
എൻ ഡി എയുടെ ‘സങ്കൽപ പത്ര’ പ്രകാശന ചടങ്ങിൽ കേവലം സെക്കൻഡുകൾ മാത്രമാണ് നിതീഷ് വേദിയിൽ തങ്ങിയത്. 30 സെക്കൻഡിനകം അദ്ദേഹം പുറത്തിറങ്ങി. ഇത് വീഡിയോ സഹിതം പിന്നീട് പുറത്തെത്തി.
മുഖ്യമന്ത്രി നിതീഷ് കുമാർ, ഉപമുഖ്യമന്ത്രി സാമ്രാട്ട് ചൗധരി, ബിജെപി പ്രസിഡന്റ് ജെ പി നദ്ദ, കേന്ദ്രമന്ത്രിമാരായ ധർമ്മേന്ദ്ര പ്രധാൻ, ജിതൻ റാം മാഞ്ചി, ചിരാഗ് പാസ്വാൻ, സഖ്യകക്ഷികളിലെ മറ്റ് നേതാക്കൾ എന്നിവർ ചേർന്ന് ഒരു മിനിറ്റിനുള്ളിൽ എൻഡിഎയുടെ പ്രകടന പത്രിക പുറത്തിറക്കൽ പൂർത്തിയാക്കി. നിതീഷ് കുമാർ തിടുക്കപ്പെട്ട് ഇറങ്ങിയതോടെ ഉപമുഖ്യമന്ത്രി ഒഴികെ എല്ലാവരും വേദിയിൽ നിന്ന് ഇറങ്ങി മാറേണ്ടി വന്നു. തെരഞ്ഞെടുപ്പ് സംബന്ധമായ പരിപാടികൾ ഉള്ളതിനാൽ മറ്റ് നേതാക്കളും പോകുന്നു എന്നായിരുന്നു അറിയിപ്പ്. സാമ്രാട്ട് ചൗധരി മാത്രമാണ് പിന്നീട് വിശദീകരണങ്ങൾക്കായി വേദിയിൽ അവശേഷിച്ചത്.
ഇൻഡ്യ സഖ്യം മുഖ്യമന്ത്രി സ്ഥാനാർഥിയായി തേജസ്വി യാദവിനെ ഒറ്റക്കെട്ടായി ഉയർത്തിക്കാട്ടുമ്പോഴാണ് എൻഡിഎക്കുള്ളിൽ മുഖ്യമന്ത്രി സ്ഥാനാർഥിയെക്കുറിച്ചുള്ള നിഗൂഢ നിശ്ശബ്ദത. ബിജെപിക്കും ജെഡിയുവിനും സീറ്റുവിഹിതം തുല്യമായി വീതിച്ചതോടെ തന്നെ നിതീഷ് പുറത്തേക്ക് എന്ന സൂചന വിലയിരുത്തപ്പെട്ടിരുന്നു.
ബീഹാറിൽ ഏറ്റവും കൂടുതൽ കാലം മുഖ്യമന്ത്രിയായിരുന്ന നിതീഷ് കുമാറിന് മൂന്ന് തവണ സഖ്യങ്ങൾ മാറിയതിന്റെ റെക്കോർഡുണ്ട്. ഓരോ തവണയും അധികാരത്തിലേക്കുള്ള അദ്ദേഹത്തിന്റെയും പാർടിയുടെ വഴി തന്ത്രപൂർവ്വം തുറന്നെടുത്തു.
ബിജെപിയും ആർജെഡിയും തമ്മിലുള്ള തുടർച്ചയായ സഖ്യ മാറ്റത്തിനുശേഷവും 2005 മുതൽ നടന്ന എല്ലാ തിരഞ്ഞെടുപ്പുകളിലും നിതീഷ് കുമാർ വിജയിക്കുകയും ഏഴ് തവണ മുഖ്യമന്ത്രിയാകുകയും ചെയ്തു.
2020ൽ തെരഞ്ഞെടുപ്പിൽ എൻഡിഎ വിജയം നേടി. പക്ഷേ ജെഡിയു 43 സീറ്റുകളായി ചുരുങ്ങി. അപ്പോഴും നിതീഷ് കുമാർ ഏഴാമത്തെ മുഖ്യമന്ത്രിയായി അവരോധിതനായി. നിതീഷിന്റെ നേതൃപ്രഭാവത്തെ മുതലെടക്കുമ്പോൾ തന്നെ ജെ ഡി യുവിനെ അകത്ത് നിന്ന് തകർക്കുക എന്ന തന്ത്രമാണ് ബിജെപി തുടർന്നത്. നിതീഷിന്റെ പ്രായാധിക്യ പ്രശ്നങ്ങൾ പാർടിയുടെയും ദൌർബല്യമായി ചിത്രീകരിച്ച് വളർത്തിയെടുത്തു.










0 comments