ബിഹാറിൽ ലക്ഷ്യം പൂർത്തീകരിച്ച് ബിജെപി

ന്യൂഡല്‍ഹി: ബിഹാറിൽ നിതീഷ് കുമാറിനെ ഒതുക്കുക എന്നതും ജെഡിയു എന്ന പാർട്ടിയെ ഇല്ലാതാക്കി ബിജെപി അതികായരാകുക എന്നുള്ളതും
നീണ്ടനാളുകളായി ബിജെപി നേതൃത്വത്തിന്‍റെ അജണ്ടയിലുണ്ടായിരുന്ന അതിപ്രധാനമായ ഒരു ലക്ഷ്യമായിരുന്നു. ഇപ്പോഴത് പ്രാവർത്തികമായി എന്നുമാത്രമെ നാം കാണേണ്ടതുള്ളു. നവംബറിൽ ബിഹാറിൽ തെരഞ്ഞെടുപ്പ് കഴിഞ്ഞതിന് പിന്നാലെ തന്നെ നിതീഷ് കുമാർ മുഖ്യമന്ത്രി സ്ഥാനത്തെത്താതിരിക്കുന്നതിനായി പലവിധ നീക്കങ്ങളും ബിജെപി നടത്തി.
കേവല ഭൂരിപക്ഷം നേടി അധികാരത്തിലെത്തുന്നതിനായി മാത്രം ജെഡിയുവിനെയും നിതീഷിനേേയും അപ്പോഴും ബിജെപിക്ക് കൂടെ നിർത്തേണ്ടിവന്നു. അവരില്ലാതെ ഭരിക്കാനാകാത്ത സ്ഥിതി. ഇത്തരമൊരു അത്യന്താപേക്ഷിതമായ രാഷ്ട്രീയ സാഹചര്യത്തിലാണ് നിതീഷിനെ മുഖ്യമന്ത്രിയാക്കാൻ ബിജെപി ഒരുങ്ങിയത്. എന്നാലപ്പോഴും അദ്ദേഹത്തെ എത്രയും പെട്ടെന്ന് പുകച്ച് പുറത്തുചാടിച്ച് മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുക്കുക എന്നത് തന്നെയായിരുന്നു ബിജെപി ലക്ഷ്യം.
85 സീറ്റിൽ ജയിച്ച ജെഡിയുവിനെ തഴയുക എളുപ്പമായിരുന്നില്ല. മാത്രമല്ല, കേന്ദ്രസർക്കാരിലും കക്ഷിയായ ജെഡിയുവിനെ അത്രവേഗം പിണക്കാനുമാകുമായിരുന്നില്ല.അതുകൊണ്ട് തന്നെ ബിജെപി കൃത്യമായ കരുക്കൾ നീക്കി. ഇപ്പോൾ അവരുടെ ലക്ഷ്യത്തെലെത്തിക്കഴിഞ്ഞിരിക്കുന്നു. മുഖ്യമന്ത്രിയായി നിയമിച്ചപ്പോഴും അഭ്യന്തര വകുപ്പ് നിതീഷിന് നൽകാൻ ബിജെപി തയ്യാറായില്ല. ഉപമുഖ്യമന്ത്രി സാമ്രാട്ട് ചൗധരിക്ക് ആഭ്യന്തര വകുപ്പ് നൽകിയത്.എല്ലാം സമ്മർദ്ദ തന്ത്രത്തിന്റെ ഭാഗം. തുടർന്നാണിപ്പോൾ മുഖ്യമന്ത്രി സ്ഥാനത്ത് നിന്നുതന്നെ നിതീഷ് മാറ്റിനിർത്തപ്പെടുന്നത്.
തുടർച്ചയായി നിതീഷിന്റെ പാർട്ടി വലിയ ശൂന്യത നേരിടുന്നുണ്ടായിരുന്നു. ബിജെപി എല്ലായിടത്തും ചെയ്ത പോലെ പാർട്ടിയെ ദുർബലമാക്കി അധികാരം പൂർണ്ണമായും കയ്യടക്കുമോ എന്ന ആശങ്ക നിലനിന്നിരുന്നു. എന്നാൽ ഈ സാഹചര്യത്തിൽ ജെഡി(യു)വിന്റെ ഭാവി നേതൃത്വത്തെ ചൊല്ലിയുള്ള തർക്കങ്ങൾ ഒഴിവാക്കാൻ നിഷാന്തിന്റെ വരവ് സഹായിക്കുമെന്ന് ഒരു വിഭാഗം നേതാക്കൾ വിശ്വസിച്ചു. കൂടെ ചേർത്ത് ഇല്ലാതാക്കുന്ന ബിജെപിയുടെ തന്ത്രം മറികടക്കാനും നിഷാന്തിന്റെ വരവ് സഹായിക്കുമെന്ന് ചർച്ചകളുണ്ടായി. ആരോഗ്യ കാരണങ്ങൾ ചൂണ്ടിക്കാട്ടിയും നിതീഷിനെ മാറ്റാൻ ശ്രമമുണ്ടാകുമെന്നും ബിജെപി കേന്ദ്രങ്ങളില്‍ നിന്നും വിവരങ്ങളുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് ബിജെപി രാഷ്ട്രീയ നീക്കങ്ങൾ വേഗത്തിലാക്കിയത്. നിലവില്‍ ജെഡിയു എന്ന പാർട്ടി തന്നെ ശൂന്യതയിലേക്ക് പോകുന്ന വിധമായിരിക്കുന്നു കാര്യങ്ങളുടെ കിടപ്പ്. നിതീഷിന്റെ മാറ്റത്തിന് ആരോഗ്യവും ബിജെപി കാരണമാക്കിയെന്നാണ് ഇപ്പോൾ പുറത്തുവരുന്ന് വിവരം
അതേസമയം, കുടുംബ വാഴ്ചയെ നിരന്തരം എതിർത്തിരുന്ന നേതാവ് കൂടിയായ നിതീഷ് തന്റെ മകനെ പാർട്ടിയിലേക്ക് കൊണ്ടുവന്നതുംം കൗതുകമായി. മകന് ബിജെപി ഉപമുഖ്യമന്ത്രി സ്ഥാനം കൊടുക്കുന്നതിലൂടെ നിതീഷ് പിന്നീട് ചിത്രത്തിൽ നിന്നില്ലാതാകുകയും മകനെ ബിജെപി പാളയത്തിലേക്കെത്തിച്ച് ജെഡിയു എന്ന പ്രസ്ഥാനത്തെ തന്നെ ഇല്ലായ്മ ചെയ്യുമോ എന്നുമാണ് ഇന്ത്യൻ രാഷ്ട്രീയം നിലവിൽ ഉറ്റുനോക്കുന്നത്.










0 comments