print edition 'പഴയതുപോലെ ജോലിയെടുക്കാനാകുന്നില്ലെന്ന്' പറഞ്ഞുകുടുങ്ങി ഗഡ്‌കരി


സ്വന്തം ലേഖകൻ
Published on Aug 26, 2026, 12:26 AM | 1 min read
ന്യൂഡൽഹി: പഴയതുപോലെ ജോലിയെടുക്കാനാവുന്നില്ലെന്നും പുതിയ തലമുറ മുന്നോട്ടുവന്ന് ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കണമെന്നുമുള്ള പരാമർശത്തിൽ കുടുങ്ങി കേന്ദ്രമന്ത്രി നിതിൻ ഗഡ്‌കരി. ഗഡ്‌കരി പറഞ്ഞതിന് രാഷ്ടീയവുമായി യാതൊരു ബന്ധവുമില്ലെന്ന വിശദീകരണവുമായി മന്ത്രി ഓഫീസ് രംഗത്തെത്തി. നാഗ്പുരിൽ കഴിഞ്ഞ ദിവസം ഒരു ചടങ്ങിൽ സംസാരിക്കവെയാണ് ഗഡ്‌കരിയുടെ പരാമർശം. ഇതോടെ ഗഡ്‌ക്കരി മന്ത്രിസ്ഥാനം ഒഴിയുകയാണെന്ന തരത്തിൽ മാധ്യമങ്ങൾ വാർത്ത നൽകി. പിന്നാലെയാണ് വിശദീകരണം ഇറക്കിയത്.
ആദിവാസി മേഖലകളിൽ ഏകാധ്യാപക വിദ്യാലയങ്ങൾ തുടങ്ങുന്നതിനായി ഗഡ്‌കരി തുടക്കമിട്ട ലക്ഷ്‌മൺറാവു മങ്കർ ട്രസ്‌റ്റിനെ കുറിച്ചാണ് മന്ത്രി സംസാരിച്ചതെന്നാണ് ഓഫീസിന്റെ വിശദീകരണം. അതൊരു രാഷ്ട്രീയ പരാമർശമല്ല. ട്രസ്‌റ്റിന്റെ പ്രവർത്തനത്തെ കുറിച്ചും അതിന്റെ ഭാവിയെ കുറിച്ചും മാത്രമാണ് സംസാരിച്ചത്. മാധ്യമങ്ങൾ വാർത്തയാക്കിയ പരാമർശവും ട്രസ്‌റ്റിനെ കുറിച്ച് മാത്രമുള്ളതാണ്– ഓഫീസ് അറിയിച്ചു.
മൂന്ന് ദശകത്തിലേറെയായി താൻ പൊതുജീവിതത്തിൽ ഉണ്ടെന്ന് നാഗ്‌പുരിലെ ചടങ്ങിൽ ഗഡ്ക്കരി പറഞ്ഞു. പല ഉയർച്ചതാഴ്‌കളും ഉണ്ടായിട്ടുണ്ട്. പല ഉത്തരവാദിത്വങ്ങൾ നിറവേറ്റി. പല പല ബഹുമതികൾ ലഭിച്ചു എന്നാൽ പഴയതുപോലെ കഠിനമായി ജോലിയെടുക്കാൻ ഇപ്പോൾ കഴിയില്ല. പുതിയ തലമുറ മുന്നോട്ടുവരണം. അവർക്ക് അവസരം നൽകണം– ഗഡ്‌കരി പറഞ്ഞു. ഇതോടെയാണ് മന്ത്രിസ്ഥാനം ഒഴിയുമെന്ന തരത്തിൽ വാർത്തകൾ പുറത്തുവന്നത്. ഇ20 പെട്രോൾ വിഷയത്തിലും മറ്റും പ്രതിരോധത്തിൽ നിൽക്കുന്നതിനാൽ കേന്ദ്രമന്ത്രിസഭയിൽ നിന്ന് ഗഡ്‌കരിയെ പുറത്താക്കുമെന്ന അഭ്യൂഹങ്ങളും പടർന്നിരുന്നു.










0 comments