ആദായനികുതി ബിൽ പിൻവലിച്ചു

ന്യൂഡൽഹി: ഫെബ്രുവരിയിൽ ലോക്‌സഭയിൽ അവതരിപ്പിച്ച ആദായനികുതി ബിൽ പിൻവലിച്ചു. സെലക്ട് കമ്മിറ്റി നിർദ്ദേശിച്ച മാറ്റങ്ങൾ ഉൾപ്പെടുത്തിയ ശേഷം പുതുക്കിയ പതിപ്പ് പുറത്തിറക്കുമെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ വെള്ളിയാഴ്ച സഭയെ അറിയിച്ചു. മാറ്റങ്ങൾ വരുത്തിയ പതിപ്പ് ഓഗസ്റ്റ് 11 തിങ്കളാഴ്ച അവതരിപ്പിക്കും.
ബില്ലിന്റെ ഒന്നിലധികം പതിപ്പുകൾ മൂലമുണ്ടാകുന്ന ആശയക്കുഴപ്പം ഒഴിവാക്കുന്നതിനും എല്ലാ മാറ്റങ്ങളും ഉൾപ്പെടുത്തിയ വ്യക്തവും പുതുക്കിയതുമായ പതിപ്പ് പുറത്തിറക്കുന്നതിനും എന്നാണ് വിശദീകരണം.
ഫെബ്രുവരി 13 ന് ലോക്സഭയിൽ അവതരിപ്പിച്ച ആദായനികുതി ബില്ലിൽ ബൈജയന്ത് പാണ്ഡ അധ്യക്ഷനായ സെലക്ട് കമ്മിറ്റി വിപുലമായ മാറ്റങ്ങൾ നിർദ്ദേശിച്ചിരുന്നു. ആറ് പതിറ്റാണ്ട് പഴക്കമുള്ള 1961 ലെ ആദായനികുതി നിയമത്തിന് പകരമായി കൊണ്ടു വന്ന ബില്ലാണ്. നാലായിരത്തോളം ഭേദഗതികൾ ഇതുവരെ ഉണ്ടായിട്ടുണ്ട്.
പുതിയ ബില്ല് അവതരിപ്പിച്ചതിന് പിന്നാലെ ഫെബ്രുവരിയിൽ തന്നെ ഇത് സെലക്ട് കമ്മിറ്റിയുടെ പരിശോധനയ്ക്കായി റഫർ ചെയ്തു. 31 അംഗ സെലക്ട് കമ്മിറ്റിയാണ് പരിശോധിച്ചത്. ജൂലയ് 21 നാണ് സെലക്ട് കമ്മിറ്റി റിപ്പോർട്ട് സമർപ്പിച്ചത്. 285 നിർദ്ദേശങ്ങൾ ഉൾപ്പെടുത്തിയതാണ് റിപ്പോർട്ട്.
പുതിയ നിയമത്തിൽ ഓരോരുത്തരുടെയും നികുതി ബാധ്യതാ വിവരങ്ങൾ (ഐടിആർ) ഫയൽ ചെയ്യേണ്ട തീയതിക്ക് ശേഷവും പിഴ ഈടാക്കാതെ ടിഡിഎസ് റീഫണ്ട് ക്ലെയിം ചെയ്യാൻ അനുവദിക്കണമെന്ന് നിർദ്ദേശമുണ്ടായിരുന്നു.
മത-ചാരിറ്റബിൾ ട്രസ്റ്റുകൾക്ക് നൽകുന്ന അജ്ഞാത സംഭാവനകൾക്ക് നികുതി ഇളവ് തുടരുന്ന നിർദ്ദേശം ചർച്ചയായിരുന്നു. ലാഭേഛയില്ലാതെ പ്രവർത്തിക്കുന്ന മത ചാരിറ്റബിൾ ട്രസ്റ്റുകൾക്ക് അജ്ഞാത കരങ്ങളിൽ നിന്നും സംഭാവനകൾ സ്വീകരിക്കുന്നതിനാണ് നികുതിയിളവ് അനുവദിച്ച് നൽകിയിരുന്നത്.
സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്സസിന് കൂടുതൽ അധികാരം നൽകുന്നതാണ് ബില്ല്. നിലവിൽ പാർലമെന്റിന്റെ അനുവാദം വാങ്ങിക്കേണ്ട കാര്യങ്ങളിൽ ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്.









0 comments