വധശിക്ഷ ഉടൻ നടപ്പാക്കുമെന്ന് സംശയം; നിമിഷപ്രിയയുടേതെന്ന് കരുതുന്ന ശബ്‌ദസന്ദേശം പുറത്ത്

ന്യൂഡൽഹി: വധശിക്ഷയ്‌ക്ക് വിധിക്കപ്പെട്ട് യെമനിൽ ജയിലിൽ കഴിയുന്ന നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കാന്‍ പോകുന്നുവെന്ന് സംശയിക്കുന്ന ശബ്ദ സന്ദേശം പുറത്ത്. ജയിലിലെ ഫോണിൽ വിളിച്ച് വനിതാ അഭിഭാഷക വധശിക്ഷയെക്കുറിച്ച് സൂചിപ്പിക്കുകയായിരുന്നുവെന്നാണ് നിമിഷപ്രിയയുടേതെന്ന് കരുതുന്ന ശബ്‌ദ സന്ദേശത്തിൽ പറയുന്നത്. ശബ്ദരേഖ ഇന്ത്യന്‍ എംബസിയോ വിദേശകാര്യമന്ത്രാലയമോ സ്ഥിരീകരിച്ചിട്ടില്ല.
വനിതാ അഭിഭാഷക ജയിലിലേക്ക് വിളിച്ച് വധശിക്ഷ നടപ്പാക്കാനുളള തിയതി ഉള്‍പ്പെടെ തീരുമാനിച്ച് കഴിഞ്ഞുവെന്ന് അറിയിച്ചതായി ശബ്‌ദ സന്ദേശത്തിൽ പറയുന്നു. ശബ്ദ സന്ദേശത്തിന്റെ ആധികാരികത സ്ഥിരീകരിച്ചിട്ടില്ല. നിമിഷപ്രിയയുടെ വിഷയത്തിൽ വസ്‌തുതകൾ വെളിച്ചത്ത് കൊണ്ടുവരാൻ തയ്യാറാകണമെന്ന് ആക്ഷൻ കൗൺസിൽ വക്താവ് അഡ്വ. കെ ആർ സുഭാഷ് ചന്ദ്രൻ ആവശ്യപ്പെട്ടു.
തലാൽ അബ്ദുൾ മഹ്ദിയെന്ന യമൻ പൗരനെ അവിടെ നഴ്‌സായിരുന്ന പാലക്കാട് സ്വദേശിനി നിമിഷപ്രിയ കൊലപ്പെടുത്തിയെന്നാണ് കേസ്. 2017ലെ കേസിൽ 2020ൽ വിചാരണ കോടതി വധശിക്ഷ വിധിച്ചുവെന്നാണ് റിപ്പോർട്ടുകൾ വന്നത്. ഇത് സുപ്രീംകോടതി ശരിവച്ചതായും വധശിക്ഷയ്‌ക്ക് യമൻ പ്രസിഡന്റ് അനുമതി നൽകിയതായും പിന്നീട് വാർത്ത പ്രചരിച്ചു.
0 comments