നിമിഷപ്രിയയുടെ വധശിക്ഷ തടയണമെന്ന് അപേക്ഷിച്ച് അമ്മ; ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും

നിമിഷപ്രിയ
അനസ് യാസിന്‍
Published on Jul 14, 2025, 08:05 AM | 1 min read
ന്യൂഡൽഹി: യമനിലെ സന ജയിലിൽ 16ന് വധശിക്ഷ നടപ്പാക്കാനിരിക്കെ, മലയാളി നഴ്‌സ് നിമിഷപ്രിയയുടെ ജീവൻ രക്ഷിക്കണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹർജി സുപ്രീംകോടതി തിങ്കളാഴ്‌ച അടിയന്തരമായി പരിഗണിക്കും. വധശിക്ഷ തടയാൻ കേന്ദ്രസർക്കാർ നയതന്ത്ര ഇടപെടൽ നടത്തണമെന്നും ദിയാധനം നൽകാനുള്ള സാഹചര്യം സൃഷ്‌ടിക്കണമെന്നുമാണ് സേവ് നിമിഷപ്രിയ ആക്‍ഷൻ കൗൺസിലിന്റെ ഹർജി.
ജസ്‌റ്റിസുമാരായ വിക്രംനാഥ്, സന്ദീപ് മേത്ത എന്നിവരുടെ ബെഞ്ചാണ് വാദം കേൾക്കുക. കേന്ദ്രസർക്കാർ നടത്തിയ ഇടപെടൽ അറ്റോർണി ജനറൽ കോടതിയെ അറിയിക്കും. അടിയന്തരസ്വഭാവം കണക്കിലെടുത്ത് കേന്ദ്രസർക്കാരിന് ഹർജിയുടെ പകർപ്പ് കോടതി ഉടൻ ലഭ്യമാക്കിയിരുന്നു.
നിമിഷയുടെ വധശിക്ഷ ബുധനാഴ്ച നടപ്പാക്കുമെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ, ഇക്കാര്യം ഇതുവരെ യമന്റെ ചുമതലയുള്ള സൗദി എംബസിയോ ഇന്ത്യൻ വിദേശ മന്ത്രാലയമോ സ്ഥിരീകരിച്ചിട്ടില്ല. വധശിക്ഷാ തീയതി നീട്ടിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് അമ്മ പ്രേമകുമാരി പ്രോസിക്യൂഷൻ മേധാവിക്ക് അപേക്ഷ നൽകിയിട്ടുണ്ട്. യമനിൽ മോചന പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത് തമിഴ്‌നാട് സ്വദേശി സാമുവൽ ജെറോമാണ്. വധശിക്ഷ മാറ്റിവയ്ക്കണമെന്ന് സാമുവലും അപേക്ഷ നൽകിയിട്ടുണ്ട്. തന്റെ ജീവൻ രക്ഷിക്കാൻ അടിയന്തരമായി ഇടപെടണമെന്ന് കേന്ദ്ര സർക്കാരിനോടും പ്രധാനമന്ത്രിയോടും നിമിഷപ്രിയ അഭ്യർഥിച്ചതായി കഴിഞ്ഞ ദിവസം റിപ്പോർട്ടുണ്ടായിരുന്നു.
പാലക്കാട് കൊല്ലംകോട് സ്വദേശിയായ നിമിഷ യമനിൽ നഴ്‌സായായിരുന്നു. ക്ലിനിക്ക് തുടങ്ങാൻ പങ്കാളിയായ യമൻ പൗരൻ തലാൽ അബ്ദുമഹദിയെ നിമിഷയും ഹനാൻ എന്ന സഹപ്രവർത്തകയും ചേർന്ന് 2017 ജൂലൈ 25ന് കൊലപ്പെടുത്തിയെന്നാണ് കേസ്.









0 comments