പാകിസ്ഥാന് രഹസ്യവിവരങ്ങൾ കൈമാറി; സിആർപിഎഫ് ഭടൻ അറസ്റ്റിൽ

ന്യൂഡൽഹി: പാകിസ്ഥാൻ ഇന്റലിജൻസ് ഉദ്യോഗസ്ഥരുമായി തന്ത്രപ്രധാനമായ വിവരങ്ങൾ പങ്കുവെച്ച സിആർപിഎഫ് ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്തു. സിആർപിഎഫിലെ അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടറായ മോത്തി റാം ജാട്ട് ആണ് അറസ്റ്റിലായത്. തിങ്കളാഴ്ച ഡൽഹിയിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
പ്രതി ചാരവൃത്തിയിൽ സജീവമായി ഏർപ്പെട്ടിരുന്നുവെന്നും 2023 മുതൽ ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട രഹസ്യ വിവരങ്ങൾ പാകിസ്ഥാൻ ഇന്റലിജൻസ് ഉദ്യോഗസ്ഥരുമായി (പിഐഒ) പങ്കിട്ടിരുന്നുവെന്നും എൻഐഎ പറഞ്ഞു.
സിആർപിഎഫ് ഉദ്യോഗസ്ഥരുടെ സോഷ്യൽ മീഡിയ പ്രവർത്തനം നിരീക്ഷിച്ചപ്പോൾ സ്ഥാപിത മാനദണ്ഡങ്ങളും പ്രോട്ടോക്കോളുകളും ലംഘിച്ചതായി കണ്ടെത്തിയതാണ് ഇയാളെ സംശയത്തിന്റെ നിഴലിലാക്കിയത്. തുടർന്ന് പ്രതി വിവിധ മാർഗങ്ങളിലൂടെ പിഐഒമാരിൽ നിന്ന് ഫണ്ട് സ്വീകരിച്ചിരുന്നതായി എൻഐഎ സ്ഥിരീകരിച്ചു.
പട്യാല ഹൗസ് പ്രത്യേക കോടതി മോത്തി റാമിനെ ജൂൺ 6 വരെ എൻ ഐ എ കസ്റ്റഡിയിൽ വിട്ടു. സെൻട്രൽ റിസർവ്ഡ് പോലീസ് ഫോഴ്‌സിൽ നിന്നും മോത്തി റാമിനെ പിരിച്ചുവിട്ടു.









0 comments