ad
Deshabhimani

എൻഎച്ച്എഐ കടം രണ്ടരലക്ഷം കോടി; മസാല ബോണ്ടിലൂടെ 3000 കോടി; വെളിപ്പെടുന്നത് കടമെടുക്കലിലെ കേന്ദ്രത്തിന്റെ ഇരട്ടത്താപ്പ്

v sivadasan mp
വെബ് ഡെസ്ക്

Published on Dec 10, 2025, 05:26 PM | 1 min read

ന്യൂഡൽഹി: ദേശീയപാത അതോറിറ്റിയുടെ കടം രണ്ടരലക്ഷം കോടി രൂപയും മസാലബോണ്ട് വഴി മാത്രം സ്വീകരിച്ചത് 3000 കോടിയുമാണെന്നും ഇതിലൂടെ വെളിപ്പെടുന്നത് കടമെടുക്കലിലെ കേന്ദ്രത്തിന്റെ ഇരട്ടത്താപ്പാണെന്നും വി ശിവദാസൻ എംപി.


പാർലമെന്റിൽ കേന്ദ്രഗതാഗതവകുപ്പ് മന്ത്രി നിതിൻ ഗഡ്‌കരി വി ശിവദാസൻ എംപിക്ക് നൽകിയ മറുപടി പ്രകാരം 2025 നവംബർ 30ലെ കണക്കനുസരിച്ച് ആകെ കടം 2,39,818 കോടി രൂപയാണ്. 2020–21 ൽ 65,080 കോടി, 2021–22ൽ 65,149 കോടി എന്നിങ്ങനെ കടമെടുത്തു. 2022–23ലും വായ്പയെടുക്കൽ തുടർന്നു.


നിലവിൽ ദേശീയപാതാ അതോറിറ്റിക്ക് വളരെ വലിയ തിരിച്ചടവ് ബാധ്യതയാണുള്ളത്‌. ലോണുകൾ തീർക്കാൻ 2050വരെ സമയം വേണ്ടി വരും എന്നും മറുപടിയിലുണ്ട്. ആഭ്യന്തര വായ്പകൾ കൂടാതെ വിദേശ വായ്പകളും എടുത്തിട്ടുണ്ട്. 2017മെയിൽ മസാല ബോണ്ടുകൾ വഴി 3,000 കോടി രൂപയാണ് സമാഹരിച്ചത്. ഈ ബോണ്ടുകൾ സിംഗപ്പൂർ, ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ചുകളിലാണ് ലിസ്റ്റ് ചെയ്തത്.


അന്താരാഷ്ട്ര വിപണികളിൽ നിന്ന് പോലും പണം സ്വരൂപിക്കാൻ ദേശീയപാതാ അതോറിറ്റിയെ അനുവദിച്ച കേന്ദ്രസർക്കാരാണ് സമാനമായ രീതിയിൽ വായ്പയെടുക്കുന്ന സംസ്ഥാന സർക്കാരുകളെ വേട്ടയാടുന്നത്.


ദേശീയപാതാ അതോറിറ്റിയുടെ വായ്പകളെ 'ഓഫ്-ബജറ്റ് കടമെടുക്കൽ' ആയി കേന്ദ്ര സർക്കാർ കണക്കാക്കുന്നു, അതിനാൽ ഈ വായ്പകൾ പ്രധാന ധനകാര്യ കമ്മിയിൽ കാണിക്കുന്നില്ല. അതേസമയം, ക്ഷേമപദ്ധതികൾക്കും അടിസ്ഥാന സൗകര്യ വികസനത്തിനുമായി സംസ്ഥാനങ്ങൾ വായ്പകൾ സമാഹരിക്കാൻ ശ്രമിക്കുമ്പോൾ കേന്ദ്ര സർക്കാർ സംസ്ഥാനങ്ങൾക്ക് കർശനമായ പരിധികൾ ഏർപ്പെടുത്തുകയാണ്. ദേശീയപാതാ അതോറിറ്റി വളരെ വലിയ തുക ഓഫ്-ബജറ്റ് വായ്പ എടുക്കുകയും എന്നാൽ കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെന്റ് ഫണ്ട് ബോർഡ് (കിഫ്‌ബി) പോലുള്ള സമാന വായ്പാ സംവിധാനങ്ങൾ സംസ്ഥാനങ്ങൾ ഉപയോഗിക്കുന്നത് തടയുകയും ചെയ്യുന്ന ഇരട്ടത്താപ്പിനെ വി ശിവദാസൻ എംപി വിമർശിച്ചു.


അന്യായമായ ഇത്തരം രീതികൾ അവസാനിപ്പിക്കാനും സംസ്ഥാനങ്ങൾക്ക് നിയമാനുസൃതമായ കടമെടുക്കൽ അവകാശങ്ങൾ നൽകാനും കേന്ദ്രത്തിനും സംസ്ഥാനങ്ങൾക്കും തുല്യമായ സാമ്പത്തിക നീതി ഉറപ്പാക്കാനും വി ശിവദാസൻ കേന്ദ്രത്തോട് ആവശ്യപ്പെട്ടു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home