ad
Deshabhimani

ബംഗാളിൽ വിചിത്ര നീക്കം; 15 വർഷത്തിനിടെ നൽകിയ 1.69 കോടി ജാതി സർട്ടിഫിക്കറ്റുകൾ പുനഃപരിശോധിക്കുന്നു

Suvendu adhikari.jpg

പശ്ചിമ ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരി

വെബ് ഡെസ്ക്

Published on May 16, 2026, 10:53 AM | 1 min read

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ കഴിഞ്ഞ 15 വർഷത്തിനിടെ വിതരണം ചെയ്ത ജാതി സർട്ടിഫിക്കറ്റുകൾ പൂർണ്ണമായി പുനഃപരിശോധിക്കാൻ ഒരുങ്ങി സംസ്ഥാന സർക്കാർ. 2011 മുതൽ സംസ്ഥാനത്ത് അനുവദിച്ച ഏകദേശം 1.69 കോടി പട്ടികജാതി, പട്ടികവർഗ്ഗ, ഒബിസി സർട്ടിഫിക്കറ്റുകളാണ് പരിശോധിക്കുന്നത്.


ഇത് സംബന്ധിച്ച് സംസ്ഥാന പിന്നോക്ക വിഭാഗ ക്ഷേമ വകുപ്പ് എല്ലാ ജില്ലാ മജിസ്‌ട്രേറ്റുമാർക്കും സബ് ഡിവിഷണൽ ഓഫീസർമാർക്കും അടിയന്തര നിർദേശം നൽകി. തദ്ദേശീയരായ ജനങ്ങളുടെ അവകാശങ്ങൾ കവർന്നുകൊണ്ട് തൃണമൂൽ കോൺഗ്രസ് ഭരണകാലത്ത് വ്യാപകമായി വ്യാജ ജാതി സർട്ടിഫിക്കറ്റുകൾ അനുവദിച്ചുവെന്ന വാദത്തിന്റെ ഭാഗമായാണ് സംസ്ഥാന സർക്കാരിന്റെ ഈ അസാധാരണ നടപടി.


തൃണമൂൽ ഭരണകാലത്ത് വൻതോതിൽ നുഴഞ്ഞുകയറ്റക്കാർക്ക് വ്യാജ സർട്ടിഫിക്കറ്റുകൾ വഴി ആനുകൂല്യങ്ങൾ നൽകിയതായി ബിജെപി ആരോപിച്ചിരുന്നു. ഈ പശ്ചാത്തലത്തിൽ, പരിശോധനയിൽ എന്തെങ്കിലും തരത്തിലുള്ള ക്രമക്കേടുകളോ വ്യാജരേഖകളോ കണ്ടെത്തിയാൽ സർട്ടിഫിക്കറ്റ് റദ്ദാക്കുമെന്നും കുറ്റക്കാർക്കെതിരെ കർശന നിയമനടപടി സ്വീകരിക്കുമെന്നും സർക്കാർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.


പുനഃപരിശോധനയ്ക്ക് വിധേയമാക്കുന്നവയിൽ ഏകദേശം ഒരു കോടിയോളം പട്ടികജാതി സർട്ടിഫിക്കറ്റുകളും 21 ലക്ഷം പട്ടികവർഗ്ഗ സർട്ടിഫിക്കറ്റുകളും 48 ലക്ഷത്തോളം ഒബിസി സർട്ടിഫിക്കറ്റുകളും ഉൾപ്പെടുന്നു.


മുൻ സർക്കാരിന്റെ കാലത്ത് ജനങ്ങളിലേക്ക് നേരിട്ടെത്തി സേവനങ്ങൾ നൽകാൻ രൂപീകരിച്ച 'ദുവാരെ സർക്കാർ' ക്യാമ്പുകളുടെ പത്ത് ഘട്ടങ്ങളിലൂടെ മാത്രം വിതരണം ചെയ്ത 47.8 ലക്ഷം സർട്ടിഫിക്കറ്റുകളും ഈ പരിശോധനയുടെ പരിധിയിൽ വരും.


കൂടാതെ, വോട്ടർപട്ടിക പുതുക്കലിന്റെ ഭാഗമായി വോട്ടർപട്ടികയിൽ നിന്ന് പേര് നീക്കം ചെയ്യപ്പെട്ട വ്യക്തികൾക്ക് ജാതി സർട്ടിഫിക്കറ്റുകൾ ലഭിച്ചിട്ടുണ്ടോ എന്ന് പ്രത്യേകം പരിശോധിക്കാനും ഉദ്യോഗസ്ഥർക്ക് കർശന നിർദേശമുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home