ഇന്ധനവില വർധന: ഗിഗ് തൊഴിലാളികൾ 5 മണിക്കൂർ പണിമുടക്കിലേക്ക്

പ്രതീകാത്മക ചിത്രം
ന്യൂഡൽഹി: രാജ്യത്ത് പെട്രോൾ, ഡീസൽ വില വർധിപ്പിച്ചതിൽ പ്രതിഷേധിച്ച് ഓൺലൈൻ ഭക്ഷണ-സാധന വിതരണ, ടാക്സി മേഖലയിലെ ഗിഗ് തൊഴിലാളികൾ അഞ്ച് മണിക്കൂർ പണിമുടക്കുന്നു. 'ദി ഗിഗ് ആൻഡ് പ്ലാറ്റ്‌ഫോം സർവീസ് വർക്കേഴ്‌സ് യൂണിയൻ' ആഹ്വാനം ചെയ്ത പണിമുടക്ക് ഇന്ന് ഉച്ചയ്ക്ക് 12 മണി മുതൽ വൈകുന്നേരം 5 മണി വരെയാണ്.
സ്വിഗ്ഗി, സൊമാറ്റോ, ബ്ലിങ്കിറ്റ്, സെപ്റ്റോ, ഓല, യൂബർ അടക്കമുള്ള പ്രമുഖ ആപ്പ് അധിഷ്ഠിത പ്ലാറ്റ്‌ഫോമുകളിലെ തൊഴിലാളികൾ ആപ്പുകൾ ലോഗ് ഔട്ട് ചെയ്താണ് പ്രതിഷേധത്തിൽ പങ്കുചേരുന്നത്. കഴിഞ്ഞ ദിവസമാണ് പൊതുമേഖലാ എണ്ണക്കമ്പനികൾ പെട്രോളിനും ഡീസലിനും ലിറ്ററിന് മൂന്ന് രൂപയോളം വർധിപ്പിച്ചത്.
പശ്ചിമേഷ്യൻ സംഘർഷങ്ങളെയും ഹോർമൂസ് കടലിടുക്കിലെ പ്രതിസന്ധികളെയും തുടർന്ന് അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില ബാരലിന് 105 ഡോളറിലേക്ക് ഉയർന്നതാണ് ഇന്ത്യയിലും പെട്രോൾ വില വർധിക്കാൻ കാരണമായത്. പുതിയ മാറ്റത്തോടെ ഡൽഹിയിൽ പെട്രോൾ വില ലിറ്ററിന് 97.77 രൂപയായും ഡീസൽ വില 90.67 രൂപയായും ഉയർന്നു.
ഹൈദരാബാദ് ഉൾപ്പെടെയുള്ള ചില നഗരങ്ങളിൽ പെട്രോൾ വില 110 രൂപ കടന്നു. ഗാർഹിക എൽപിജി സിലിണ്ടറുകളുടെ വിലയും കഴിഞ്ഞ ദിവസങ്ങളിൽ വർധിപ്പിച്ചിരുന്നു. രാജ്യത്തെ 1.2 കോടിയോളം വരുന്ന ഗിഗ് തൊഴിലാളികളെ ഈ വിലവർധനവ് നേരിട്ട് ബാധിച്ചതായി യൂണിയൻ ചൂണ്ടിക്കാട്ടി.
സ്വന്തം വാഹനങ്ങളിൽ ഇന്ധനമടിച്ച് ഡെലിവറി നടത്തുന്ന തൊഴിലാളികൾക്ക് നിലവിലെ ആപ്പുകളുടെ വരുമാന ഘടന വെച്ച് മുന്നോട്ട് പോകാനാകില്ലെന്ന് ജിഐപിഎസ്ഡബ്ല്യുയു പ്രസിഡന്റ് സീമ സിങ് പറഞ്ഞു.
കടുത്ത ചൂടിൽ ദീർഘനേരം ജോലി ചെയ്യുന്ന തൊഴിലാളികളുടെ ദിവസ വരുമാനത്തിന്റെ വലിയൊരു പങ്ക് ഇന്ധനച്ചെലവിലേക്കാണ് പോകുന്നത്. ഈ സാഹചര്യത്തിൽ ആപ്പ് അധിഷ്ഠിത കമ്പനികൾ തങ്ങളുടെ സർവീസ് നിരക്കുകൾ അടിയന്തരമായി പുതുക്കണമെന്നും കിലോമീറ്ററിന് കുറഞ്ഞത് 20 രൂപയെങ്കിലും നിരക്ക് നിശ്ചയിക്കണമെന്നും യൂണിയൻ ആവശ്യപ്പെട്ടു.
ഇന്ധനവില ഉയരുന്നതിനനുസരിച്ച് വരുമാനത്തിലും സ്വയമേവ മാറ്റം വരുത്തുന്ന സംവിധാനം നടപ്പിലാക്കാൻ കേന്ദ്ര സർക്കാരും കമ്പനികളും ഇടപെടണമെന്നാണ് തൊഴിലാളികളുടെ ആവശ്യം. പണിമുടക്കിനെ തുടർന്ന് രാജ്യത്തെ പ്രധാന നഗരങ്ങളിൽ ഓൺലൈൻ ഡെലിവറി, ക്യാബ് സർവീസുകൾ ഭാഗികമായി തടസ്സപ്പെട്ടു.










0 comments