ad
Deshabhimani

സ്വതന്ത്ര മാധ്യമപ്രവർത്തനത്തിന് മേലുള്ള കടന്നുകയറ്റം, കേസുകൾ ദുരുദ്ദേശ്യപരം: ന്യൂസ്‌ക്ലിക്കിനെതിരായ കേന്ദ്രവേട്ടയ്‌ക്കെതിരെ മുൻ ജീവനക്കാർ

ED imposes fine on newsclick
വെബ് ഡെസ്ക്

Published on Jun 15, 2026, 03:51 PM | 2 min read

ന്യൂഡൽഹി: ന്യൂസ്‌ക്ലിക്കിനും എഡിറ്റർ പ്രബീർ പുർകായസ്തയ്ക്കുമെതിരെ കേന്ദ്ര അന്വേഷണ ഏജൻസികൾ നടത്തിയത് ദുരുദ്ദേശ്യപരമായ നീക്കങ്ങളാണെന്ന കോടതി നിരീക്ഷണം വ്യവസ്ഥാപിതമായ ഭരണകൂട വേട്ടയാടലിനെയാണ് തുറന്നുകാട്ടുന്നതെന്ന് ന്യൂസ്‌ക്ലിക്ക് (NewsClick) മുൻ ജീവനക്കാരും സുഹൃത്തുക്കളും പറഞ്ഞു. ഇത് സ്വതന്ത്രവും നിഷ്പക്ഷവുമായ മാധ്യമപ്രവർത്തനത്തിന് മേലുള്ള ഏകപക്ഷീയമായ ആക്രമണവും അധികാര ദുർവിനിയോഗവുമാണെന്നും കള്ളക്കേസുകളുമായി മുന്നോട്ട് പോകുന്നത് നിയമനടപടികളുടെ നഗ്നമായ ലംഘനമാണെന്നും അവർ പറഞ്ഞു. ന്യൂസ്‌ക്ലിക്കിനെതിരായ ഇ ഡി നടപടികളും എഫ്‌ഐആറും റദ്ദാക്കിക്കൊണ്ടുള്ള ഡൽഹി ഹൈക്കോടതിയുടെ ഉത്തരവിന്റെ പശ്ചാത്തലത്തിൽ പുറത്തുവിട്ട സംയുക്ത പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.


ഇന്ത്യൻ മാധ്യമരംഗത്ത് ജനപക്ഷത്തുനിന്ന് വാർത്തകളും തത്സമയ വീഡിയോ റിപ്പോർട്ടുകളും നിരന്തരം നൽകിയിരുന്ന സ്ഥാപനമായിരുന്നു ന്യൂസ്‌ക്ലിക്ക് എന്നും അവർ ചൂണ്ടിക്കാട്ടി. 2020-2021 കാലഘട്ടത്തിൽ നടന്ന കർഷക സമരത്തെ കൃത്യമായി ഡോക്യുമെന്റേഷൻ നടത്തി ജനങ്ങളിലെത്തിച്ചതാണ് ഭരണകൂടത്തെ ചൊടിപ്പിച്ചതെന്നും ഇതിന്റെ പ്രതികാരമായാണ് ഏജൻസികളെ വിട്ട് ക്രൂരമായ വേട്ടയാടൽ തുടങ്ങിയത്.


2021 ഫെബ്രുവരിയിൽ പ്രബീർ പുർകായസ്തയുടെ വീട്ടിലും ഓഫീസിലും 113 മണിക്കൂർ നീണ്ട റെയ്ഡാണ് ഇഡി നടത്തിയത്. രേഖകളും ലാപ്ടോപ്പുകളും ഹാർഡ് ഡിസ്കുകളും പിടിച്ചെടുത്തെങ്കിലും യാതൊരു തെളിവും കണ്ടെത്താനായില്ല. തുടർന്ന് 2023 ഒക്ടോബറിൽ ഡൽഹി പൊലീസിന്റെ സ്പെഷ്യൽ സെൽ മാധ്യമപ്രവർത്തകരുടെയും മുൻ ജീവനക്കാരുടെയും വീടുകളിൽ വ്യാപക റെയ്ഡ് നടത്തി ഓഫീസ് പൂട്ടിമുദ്രവെച്ചു. സിബിഐ, ആദായനികുതി വകുപ്പ്, സാമ്പത്തിക കുറ്റകൃത്യ അന്വേഷണ വിഭാഗം (EOW) എന്നിവരെയെല്ലാം ഇതിനായി ഉപയോഗിച്ചു.


എഡിറ്റർ പ്രബീർ പുർകായസ്തയ്ക്ക് 226 ദിവസമാണ് അന്യായമായി ജയിലിൽ കഴിയേണ്ടി വന്നത്. കോടതി ഉത്തരവിലൂടെ പുറത്തിറങ്ങിയിട്ടും സ്ഥാപനത്തിന്റെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചു. ഇതോടെ ജീവനക്കാർക്ക് ശമ്പളം നൽകാൻ കഴിയാതെ വരികയും നൂറിലധികം പേർക്ക് ജോലി ഉപേക്ഷിക്കേണ്ടി വരികയും ചെയ്തു. ന്യൂസ്‌ക്ലിക്കുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചവർക്ക് മറ്റ് സ്ഥാപനങ്ങളിൽ ജോലി നൽകാൻ പോലും ഭയക്കുന്ന അന്തരീക്ഷമാണ് രാജ്യത്തുണ്ടായതെന്ന് പ്രസ്താവനയിൽ പറയുന്നു.


പ്രബീർ പുർകായസ്ത അന്യായമായി തടവിൽ കിടന്ന മാസങ്ങൾക്ക് ആരാണ് ഉത്തരം പറയുകയെന്നും, നഷ്ടപ്പെട്ട ജീവനോപാധികൾക്ക് ആര് നഷ്ടപരിഹാരം നൽകുമെന്നും സഹപ്രവർത്തകർ ചോദിക്കുന്നു. രാജ്യത്തെ സ്വതന്ത്ര മാധ്യമപ്രവർത്തനത്തിന് മേൽ ഭീതിയുടെ നിഴൽ വീഴ്ത്തിയ കേന്ദ്ര ഏജൻസികളുടെ അടിച്ചമർത്തൽ നടപടികൾക്ക് അറുതിവരുത്തണമെന്നും, നിലവിലുള്ള എല്ലാ കേസുകളും അടിയന്തിരമായി അവസാനിപ്പിച്ച് ഇരയാക്കപ്പെട്ടവർക്ക് അർഹമായ നഷ്ടപരിഹാരം ഉറപ്പാക്കണമെന്നും ന്യൂസ്‌ക്ലിക്ക് മുൻ ജീവനക്കാരും സുഹൃത്തുക്കളും ആവശ്യപ്പെട്ടു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home