കാൺപൂർ നഴ്‌സിങ് ഹോമിലെ എൻഐസിയുവിൽ തീപിടിത്തം; നവജാതശിശു മരിച്ചു

കാൺപൂർ: ഉത്തർപ്രദേശിലെ കാൺപൂരിൽ സ്വകാര്യ നഴ്സിങ് ഹോമിലെ എൻഐസിയുവിൽ തീപിടിത്തം. അപകടത്തിൽ നവജാതശിശു മരിച്ചു. ഞായറാഴ്ച വൈകുന്നേരം ബിത്തൂരുള്ള രാജ നഴ്സിങ് ഹോമിലാണ് തീപിടിത്തമുണ്ടായത്. എൻഐസിയുവിലെ ചൂട് പകരുന്ന യന്ത്രത്തിൽ നിന്നുണ്ടായ ഷോർട് സർക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. കുഞ്ഞിന് ഗുരുതരമായി പൊള്ളലേറ്റിരുന്നു. മരണവിവരമറിഞ്ഞതിന് പിന്നാലെ കുഞ്ഞിന്റെ ബന്ധുക്കൾ ആശുപത്രിയിൽ പ്രതിഷേധിച്ചു.
കുഞ്ഞ് ജനിച്ചിട്ട് അരമണിക്കൂറിന് ശേഷമാണ് വിവരം അറിയുന്നതെന്ന് ബന്ധുക്കൾ പറഞ്ഞു. ഹോസ്പിറ്റലിലെ ശുചീകരണ ജീവനക്കാരി വഴിയാണ് വിവരം അറിഞ്ഞതെന്നും അവർ കൂട്ടിച്ചേർത്തു. തുടർന്നാണ് എൻഐസിയുവിൽ തീപിടിത്തമുണ്ടായതായും വാർഡിൽ പുക പടർന്നതായും അധികൃതർ കുടുംബത്തെ അറിയിച്ചത്. ആവർത്തിച്ച് ചോദിച്ചപ്പോൾ കുഞ്ഞിന് ഗുരുതരമായി പൊള്ളലേറ്റെന്ന് ആശുപത്രി ജീവനക്കാർ പറഞ്ഞു.
കുഞ്ഞിന് മുഖത്തും നെഞ്ചിലും ഗുരുതരമായി പൊള്ളലേറ്റിരുന്നു. ഗുരുതരാവസ്ഥയിലായതോടെ കക്കാഡിയോയിലുള്ള കുട്ടികൾക്കായുള്ള സ്വകാര്യ നഴ്സിങ് ഹോമിലേക്ക് മാറ്റി. ആശുപത്രിയിലേക്ക് മാറ്റുന്നതിന് മുമ്പുതന്നെ കുഞ്ഞ് മരിച്ചതായി ബന്ധുക്കൾ പറയുന്നു. ആശുപത്രി അധികൃതരുടെ അനാസ്ഥമൂലമാണ് കുഞ്ഞ് മരിച്ചതെന്നാരോപിച്ച് കുടുംബം പരാതി നൽകി. സംഭവത്തിൽ ഇൻക്വെസ്റ്റ് നടപടികൾ പൂർത്തിയാക്കി വരുന്നതായി ബിത്തൂർ ഡെപ്യൂട്ടി കമീഷണർ ഖാസിം അംബ്ദി പറഞ്ഞു.










0 comments