print edition ഹിമദുരന്തം; നേപ്പാളിൽ മിന്നൽപ്രളയം, 362 മരണം

ന്യൂഡൽഹി: ടിബറ്റ് മേഖലയിൽ കൂറ്റൻ മഞ്ഞുപാളി ഇടിഞ്ഞുണ്ടായ മിന്നൽപ്രളയത്തിൽ നേപ്പാളിൽ വൻദുരന്തം. 362 മരണം സ്ഥിരീകരിച്ചു. 1600 ലേറെപേരെ കാണാതായി. ഇതിൽ ഇന്ത്യക്കാരായ 290 പേരുൾപ്പെടെ 644 പേർ വിദേശ വിനോദസഞ്ചാരികളും തീർഥാടകരുമാണ്. 53 മലയാളികളെക്കുറിച്ച് വിവരമില്ല. ഇന്ത്യക്കാരിൽ ഭൂരിഭാഗവും കൈലാസ്– മാനസരോവർ തീർഥാടകരാണ്. ടിബറ്റിൽ മൂന്നുപേർ മരിച്ചെന്നും 558 പേരെ കാണാതായെന്നും ചൈന അറിയിച്ചു.
അതിനിടെ രണ്ട് സ്‌ത്രീകളുടേയും ഒരു പുരുഷന്റെയും മൃതദേഹം ഉത്തർപ്രദേശിൽ ഒഴുകിയെത്തി. നേപ്പാളിൽ ഉത്ഭവിക്കുന്ന ഗന്ധക് നദിയിലൂടെ ഒഴുകിയെത്തിയ മൃതദേഹങ്ങൾ വ്യാഴാഴ്‌ചയാണ് മഹാരാജ്‌ഗഞ്ച് ജില്ലയിലെത്തിയത്. നദിയിൽ കൂടുതൽ തിരച്ചിൽ ആരംഭിച്ചു. ഭോട്ടെ കോസി നദിയുടെ കൈവഴിയായ നാരായണി നദിയാണ് യുപിയിൽ ഗന്ധക് നദിയായി അറിയപ്പെടുന്നത്.
ബുധൻ രാവിലെ 8.37നാണ് ഹിമാനി ഇടിഞ്ഞത്. തുടർന്ന് കുത്തിയൊലിച്ച പ്രളയജലം ചൈനയുടെ ഗൈറോങ് അതിർത്തിയിലും നേപ്പാളിലെ ആറ് അതിർത്തി ജില്ലകളിലും വൻനാശം വിതച്ചു. നേപ്പാൾ അതിർത്തിയിൽനിന്ന് 20 കിലോ മീറ്റർ അകലെ സമുദ്രനിരപ്പിൽനിന്ന് 5200 മീറ്റർ ഉയരത്തിലുള്ള ഹിമാനിയുടെ ഭാഗം 1200 മീറ്റർ താഴ്‌ചയിലേക്ക് പതിക്കുകയായിരുന്നു. പാറകളും മരങ്ങളുമെല്ലാം അടർത്തി വന്ന മഞ്ഞുപാളി ടിബറ്റിലെ ലെൻഡെ നദിയിലേക്ക് എത്തിയതോടെ നദിയുടെ ഒഴുക്ക് അൽപ്പനേരം നിലച്ചു. ഇൗ ‘തടയണ’ പൊടുന്നനെ തകരുകയും നേപ്പാൾ ഭാഗത്തേക്ക് വൻ ജലപ്രവാഹവുമുണ്ടായി.
ടിബറ്റ്–നേപ്പാൾ അതിർത്തിയിലെ പ്രധാന വ്യാപാരകേന്ദ്രമായ ഗൈറോങ് പട്ടണത്തെയും കരഅതിർത്തിയെയുമാണ് പ്രളയം ആദ്യം വിഴുങ്ങിയത്. മീറ്ററുകളോളം ഉയരത്തിൽ ഇരമ്പിയെത്തിയ വെള്ളം കൂറ്റൻ അതിർത്തികവാടമടക്കം കെട്ടിടങ്ങളെ മുഴുവനായും തകർത്തെറിഞ്ഞു. നേപ്പാളിൽ ഭോട്ടെ കോസി നദിയിലേക്ക് പ്രവഹിച്ച പ്രളയജലം ത്രിശൂലി നദിയിലൂടെ 60 കിലോമീറ്റർവരെ താഴേക്കൊഴുകി. ഇത്രയും ദൂരം ഇരുകരയിലുമുള്ള ജനവാസപ്രദേശങ്ങൾ ഒലിച്ചുപോയി. ത്രിശൂലിയിൽ ഒമ്പത് മീറ്റർ വരെ ജലനിരപ്പുയർന്നു.
40 കിലോമീറ്റർ റോഡ് ഒലിച്ചുപോയി. 19 പാലങ്ങൾ തകർന്നു. 13 ജലവൈദ്യുതി പദ്ധതികൾക്ക് നാശമുണ്ടായി. ഇരുന്നൂറിലേറെ ട്രക്കുകളടക്കം നിരവധി വാഹനങ്ങൾ ഒഴുകിപ്പോയി. റോഡുകളും പാലങ്ങളും തകർന്നതിനാൽ ദുരന്തമുഖത്തെത്താൻ രക്ഷാപ്രവർത്തകർ പ്രയാസപ്പെടുന്നു. ഹെലികോപ്‌ടറിലെത്തിയുള്ള തെരച്ചിലാണ് പുരോഗമിക്കുന്നത്. വ്യോമമാർഗം ഭക്ഷണപൊതികളും മറ്റും വിതരണം ചെയ്യുന്നുണ്ട്.
‘കൺമുന്നിലൂടെ എല്ലാം ഒഴുകിപ്പോയി': ഞെട്ടൽ മാറാതെ മലയാളികൾ
കോട്ടയം/ കണ്ണൂർ/കൊച്ചി: "പൊഖ്‌റയ്‌ക്ക് പോകുന്ന വഴിക്ക് ഗാൾച്ചിബസാറിൽ പൊലീസ് തടഞ്ഞു. റോഡിൽ വല്ല അപകടവും നടന്നിട്ടുണ്ടാകുമെന്നാണ് ആദ്യം കരുതിയത്. അൽപ്പനേരം കഴിഞ്ഞപ്പോൾ പുഴയോരത്തുനിന്ന് ആളുകൾ ഓടുന്നത് കണ്ടു. പിന്നാലെ സുനാമി പോലെ പ്രളയജലം വന്ന് വീടുകളെയും മരങ്ങളെയും തൂത്തെടുത്ത് കൊണ്ടുപോയി' – കോട്ടയത്തുനിന്ന് നേപ്പാളിൽ വിനോദയാത്രയ്‌ക്കെത്തിയ ലെൻസ്‌ഫെഡ് സംഘത്തിലെ ബി വിജയകുമാർ പറഞ്ഞു. എല്ലാവരും സുരക്ഷിതരാണെന്നും 29ന് നാട്ടിലേക്ക് മടങ്ങുമെന്നും ലെൻസ്‌ഫെഡ് ജില്ലാ സെക്രട്ടറികൂടിയായ വിജയകുമാർ പറഞ്ഞു. വിവിധ ജില്ലക്കാരായ 36 പേരാണ് ചൊവ്വ രാവിലെ കാഠ്‌മണ്ഡുവിലെത്തിയത്. കോട്ടയത്തുനിന്നുള്ള ലെൻസ്‌ഫെഡ് ഭാരവാഹികളും കുടുംബാംഗങ്ങളുമായി 15 പേരും കൂടെയുണ്ട്.
പ്രളയ ഭീകരത കൺമുന്നിൽ നിന്ന് മായുന്നില്ലെന്ന് കണ്ണൂരിൽ നിന്നും പോയ 36 അംഗ സംഘത്തിലെ മാതമംഗലം ഗവ. ഹയർസെക്കൻഡറി സ്കൂൾ അധ്യാപിക ആർ ദീപ പറഞ്ഞു. 25ന് നേപ്പാളിലെത്തി കാഠ്മണ്ഡുവിലെ വിവിധ സ്ഥലങ്ങൾ സന്ദർശിച്ച് പൊഖ്റയിലെത്തിയപ്പോഴാണ് മിന്നൽപ്രളയമുണ്ടായത്. നേപ്പാൾ– ടിബറ്റൻ അതിർത്തിയിൽനിന്നുള്ള ഭോട്ടെ കോസി നദിയാണ് കരയെ വിഴുങ്ങിയത്. യാത്രചെയ്ത വഴിയുടെ ഒരുവശത്തുകൂടി ഒഴുകിയ നദി പെട്ടെന്ന് കരകവിഞ്ഞു.
ഒരു നാട് അപ്പാടെ വെള്ളത്തിനടിയിലായാകുന്ന ഭയാനകമായ കാഴ്ച നേരിൽകാണേണ്ടിവന്നു’– ദീപ പറഞ്ഞു. 23ന് യാത്ര തിരിച്ച സംഘം പൊഖ്റയിൽ സുരക്ഷിതരാണ്. എറണാകുളം ഇടപ്പള്ളിയിലെ ട്രാവൽ ഏജൻസിയുടെ നേതൃത്വത്തിൽ നേപ്പാളിൽ എത്തിയ 38 അംഗസംഘവും പൊഖ്റയിൽ സുരക്ഷിതരാണെന്ന് ട്രാവൽ ഏജൻസിക്കാർ പറഞ്ഞു. 16 പേർ കോട്ടയം ജില്ലക്കാരും 12 പേർ എറണാകുളം ജില്ലക്കാരുമാണ്. അഞ്ചുപേർ കാസർകോട് ജില്ലക്കാരും മൂന്നുപേർ തൃശൂരുകാരും രണ്ടുപേർ കണ്ണൂർ സ്വദേശികളും. മൂന്നു വയസ്സുകാരിയും കൂട്ടത്തി ലുണ്ട്










0 comments