ad
Deshabhimani

print edition നീറ്റ്‌ ചോദ്യച്ചോർച്ച അന്വേഷണം ഇഴയുന്നു

ലാാൂ

പ്രതീകാത്മക ചിത്രം

വെബ് ഡെസ്ക്

Published on May 17, 2026, 12:00 AM | 1 min read

ന്യൂഡൽഹി: രാജ്യത്തെ 22 ലക്ഷം വിദ്യാർഥികളുടെ ഭാവി അനിശ്‌ചിതത്വത്തിലാക്കിയ നീറ്റ്‌ യുജി ചോദ്യപ്പേപ്പർ ചോർച്ചയിൽ അന്വേഷണം ഇഴയുന്നു. അധ്യാപകർ, മെഡിക്കൽ വിദ്യാർഥികൾ, ഇടനിലക്കാർ എന്നിവരിൽ ചിലരെ അറസ്റ്റുചെയ്‌തതല്ലാതെ മുഖ്യ ആസൂത്രകരിലേക്ക്‌ സിബിഐ അന്വേഷണം എത്തുന്നില്ലെന്ന വിമർശം ശക്തമായി.


അതേസമയം, സിക്കറിൽ അറസ്റ്റിലായ ബിജെപി–യുവമോർച്ച നേതാവ്‌ ദിനേഷ്‌ ബിവാലിന്റെ കുടുംബത്തിലെ ചിലർ സംശയാസ്‌പദമായ സാഹചര്യത്തിൽ നീറ്റ്‌ പാസായ വിവരം പുറത്തുവന്നു. ദിനേഷ്‌ ബിവാലിന്റെ സഹോദരൻ മംഗീലാൽ ബിവാലിന്റെ മകൻ അമൻ, മൂത്ത സഹോദരന്റെ മകൾ ഗുൻജൻ എന്നിവരാണ്‌ നീറ്റിൽ വന്പൻ മാർക്കുനേടി സർക്കാർ മെഡിക്കൽ കോളേജിൽ പ്രവേശനം നേടിയത്‌. സ്‌കൂൾ പരീക്ഷകളിൽ മോശം മാർക്ക്‌ വാങ്ങിയവരാണിവർ. ഇരുവരും ഒളിവിലാണ്‌.


ഒളിവിലുള്ള ദിനേഷിന്റെ മകൻ റിഷി ചോദ്യക്കടലാസ്‌ മുൻകൂട്ടി ലഭിച്ചിട്ടും നേടിയത്‌ 720ൽ 107 മാർക്ക്‌. ബിജെപി നേതാവ്‌ 2025ലും ചോദ്യം ചോർത്തിയെന്ന ആരോപണമുയർന്നിട്ടും രാജസ്ഥാൻ പൊലീസ്‌ അന്വേഷിച്ചില്ല. കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവയ്‌ക്കണമെന്ന്‌ ലോക്‌സഭ പ്രതിപക്ഷ നേതാവ്‌ രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു.


അധ്യാപിക അറസ്റ്റിൽ


ചോദ്യപ്പേപ്പർ തയ്യാറാക്കാൻ എൻടിഎ നിയോഗിച്ച ബോട്ടണി അധ്യാപികയെ പുണെയിൽ സിബിഐ അറസ്റ്റ്‌ചെയ്‌തു. മനീഷ ഗുരുനാഥ് മന്ധാരെയാണ്‌ പിടിയിലായത്‌. ബയോളജി ചോദ്യപ്പേപ്പർ ഇവർ ചോർത്തി. ചോദ്യപേപ്പർ സമിതിയിൽ ഉൾപ്പെട്ടിരുന്ന രസതന്ത്രം അധ്യാപകൻ പി വി കുൽക്കർണിയെ പൂണെയിൽ കഴിഞ്ഞ ദിവസം സിബിഐ അറസ്റ്റുചെയ്‌തിരുന്നു. ഇരുവരെയും ഡൽഹി റ‍ൗസ്‌ അവന്യൂകോടതി 10 ദിവസം സിബിഐ കസ്റ്റഡിയിൽ വിട്ടു. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം ഒന്പതായി. നേരത്തൈ അറസ്റ്റിലായ മെഡിക്കൽ കൺസള്‍ട്ടന്റ്‌ മനീഷ വാഗ്‌മാരെയുമായി ചേർന്നാണ്‌ മനീഷ മന്ധാരെ ചോദ്യം ചോർത്തിയത്‌. വിദ്യാർഥികൾക്ക്‌ സുവോളജി, ബോട്ടണി ചോദ്യങ്ങൾ വാഗ്‌മാരെ വഴി വിറ്റെന്നും സിബിഐ കണ്ടെത്തി.


ഒരു വിദ്യാർഥി കൂടി ജീവനൊടുക്കി


നീറ്റ്‌ റദ്ദാക്കിയതിൽ മനംനൊന്ത്‌ രാജസ്ഥാനിൽ ഒരു വിദ്യാർഥികൂടി ആത്മഹത്യ ചെയ്‌തു. പ്രദീപ് മേഘ്‌വാളിനെയാണ്‌ (22) സിക്കറിലെ വാടകമുറയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്‌. നന്നായി പരീക്ഷ എഴുതിയ മകൻ 650 മാർക്ക്‌ പ്രതീക്ഷിച്ചിരുന്നുവെന്ന്‌ പിതാവ്‌ രാജേഷ്‌ കുമാർ പറഞ്ഞു.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home