print edition വലച്ച് നീറ്റ്

സമയം വൈകിയെന്നാരോപിച്ച് പരീക്ഷയെഴുതാൻ അനുവദിക്കാത്തതിനെത്തുടർന്ന് ബംഗളൂരു ആർസി ഗവ. കോളേജിലെ കേന്ദ്രത്തിനുപുറത്ത് വിദ്യാർഥികൾ പൊട്ടിക്കരയുന്നു
ന്യൂഡൽഹി: നീറ്റ് പുനഃപരീക്ഷയിലും വലഞ്ഞ് വിദ്യാർഥികൾ. അസാധാരണ സുരക്ഷാ ക്രമീകരണത്തിലും അധികൃതരുടെ ക്രൂരതയിലും നിരവധിപേർക്ക് അവസരം നഷ്‌ടമായി. മുംബൈ, ബംഗളൂരു, ഡൽഹി തുടങ്ങിയ നഗരങ്ങളിൽ മിനുട്ടുകൾ വൈകിയെന്നുപറഞ്ഞ് വിദ്യാർഥികളെ പുറത്തുനിർത്തി. ഭോപാലിൽ യാത്രാമധ്യേ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സതേടിയതിനാല്‍ വൈകിയെത്തിയ വിദ്യാർഥിയെയും തടഞ്ഞു.
ഉച്ചയ്‌ക്ക് 1.30 ആയിരുന്നു പരീക്ഷാകേന്ദ്രങ്ങളിൽ പ്രവേശിക്കാനുള്ള സമയം. പരീക്ഷയാരംഭിക്കുന്നത് രണ്ടിനും. 5,000ലധികം കേന്ദ്രങ്ങളിലായി 20 ലക്ഷത്തിലധികം വിദ്യാർഥികൾ പരീക്ഷയെഴുതി. റദ്ദാക്കിയ പരീക്ഷ 22 ലക്ഷത്തിലധികം വിദ്യാർഥികൾ എഴുതിയിരുന്നു. വിദ്യാർഥികളുടെ കൃത്യമായ കണക്ക് പുറത്തുവിടാൻ എൻടിഎ തയ്യാറായില്ല. കേന്ദ്ര സർക്കാരിന്റെയും എൻടിഎയുടെയും പിടിപ്പുകേടിലുണ്ടായ ചോദ്യച്ചോർച്ചയെത്തുടർന്നാണ് ഞായറാഴ്‌ച രാജ്യമാകെ പുനഃപരീക്ഷ നടത്തിയത്.
രാജസ്ഥാനിലെ അജ്‌മീറിൽ ബുർഖ ധരിച്ചെത്തിയ വിദ്യാർഥിയെ പരീക്ഷാകേന്ദ്രത്തിൽ പ്രവേശിക്കുന്നത് തടഞ്ഞു. വിദ്യാർഥിയും പിതാവും പ്രതിഷേധിച്ചതിനെത്തുടർന്ന് എഴുതാൻ അനുവദിച്ചു. പരീക്ഷാകേന്ദ്രങ്ങളിൽ പ്രവേശിക്കാൻ സാധിക്കാത്ത വിദ്യാർഥികൾ പൊട്ടിക്കരയുന്ന ദൃശ്യം സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു. ബംഗളൂരുവിൽ കോൺഗ്രസ് സംഘടിപ്പിച്ച പരിപാടിയും യാത്രാതടസ്സമുണ്ടാക്കി.
പ്രധാനമന്ത്രി നരേന്ദ്ര മോദി പരീക്ഷയ്‌ക്ക് മേൽനോട്ടം നൽകുന്നുവെന്നാണ് പുനഃപരീക്ഷ സംബന്ധിച്ച് കേന്ദ്ര സർക്കാർ കഴിഞ്ഞ മാസം സുപ്രീംകോടതിയെ അറിയിച്ചത്. എന്നാൽ വിദ്യാർഥികളുടെ ആശങ്ക പരിഹരിക്കാനോ പ്രശ്നങ്ങൾ കേൾക്കാനോ കേന്ദ്ര സർക്കാരോ നരേന്ദ്രമോദിയോ തയ്യാറായിട്ടില്ല.
2 ആത്മഹത്യ കൂടി
പുനഃപരീക്ഷാ ദിവസം രണ്ട് വിദ്യാർഥികൾ കൂടി ജീവനൊടുക്കി. തമിഴ്നാട് കൃഷ്‌ണഗിരി സ്വദേശി സി വെട്രിയാനന്ദം (20), ഹൈദരാബാദിലെ ഷെയ്‌ഖ് സന(19) എന്നിവരാണ് ആത്മഹത്യചെയ്‌തത്. ഇതോടെ നീറ്റ് ചോദ്യച്ചോർച്ചയിലും പുനഃപരീക്ഷയിലും മനംനൊന്ത് ജീവനൊടുക്കിയ വിദ്യാര്‍ഥികളുടെ എണ്ണം 19 ആയി.











0 comments