ad
Deshabhimani

print edition നീറ്റ്‌ ചോദ്യപേപ്പർ ചോർച്ച ; കേന്ദ്രത്തിനും എൻടിഎയ്ക്കും സിബിഐ ‘ക്ലീൻചിറ്റ്‌’

NEET UG LEAK
വെബ് ഡെസ്ക്

Published on Jul 12, 2026, 12:00 AM | 1 min read

ന്യൂഡൽഹി: 22 ലക്ഷം വിദ്യാർഥികളെ സമ്മർദത്തിലാക്കിയ നീറ്റ്‌ ചോദ്യച്ചോർച്ച അന്വേഷണത്തിൽ കേന്ദ്രസർക്കാരിനെയും നാഷണൽ ടെസ്റ്റിങ്‌ ഏജൻസിയെയും (എൻടിഎ) സംരക്ഷിച്ച്‌ സിബിഐ. ഇ‍ൗ മാസം സമർപ്പിക്കാനിരിക്കുന്ന കുറ്റപത്രത്തിൽ എൻടിഎ ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തിയിട്ടില്ല എന്ന റിപ്പോർട്ടാണ്‌ പുറത്തുവന്നത്‌.


ചോദ്യപേപ്പർ തയ്യാറാക്കുന്ന സമിതിയിലെ പി വി കുൽക്കർണി (കെമിസ്‌ട്രി), മനീഷ മന്ഥാരെ (ബയോളജി), മനീഷ ഹവൽദാർ (ഫിസിക്‌സ്‌) എന്നിവരടക്കം 13 പേരാണ്‌‌‌ കേസിൽ അറസ്റ്റിലായത്‌. മെയ്‌ 27നായിരുന്നു അവസാന അറസ്റ്റ്‌. മ‍ൂ‍ന്ന്‌ അധ്യാപകരെയും പ്രധാന പ്രതികളാക്കിയാണ്‌ സിബിഐ ഫയൽ മടക്കിയത്‌. ഇവരെ ചോദ്യപേപ്പർ സമിതിയിലെടുത്തതാരെന്നത്‌ അന്വേഷിച്ചില്ല. മുൻവർഷങ്ങളിലെ ചോർച്ചയെ സംബന്ധിച്ചുള്ള അന്വേഷണവും നടന്നില്ല. എൻടിഎയിലേക്കും കേന്ദ്രസർക്കാരിലേക്കും വിരൽ ചൂണ്ടുന്ന തെളിവ്‌ ലഭിച്ചില്ലെന്നാണ്‌ സിബിഐയുടെ വാദം.


രാജസ്ഥാനിലെ ബിജെപി നേതാവ്‌ ദിനേശ്‌ ബിവാളും സഹോദരനും അറസ്റ്റിലായവരിലുണ്ട്‌. അറസ്റ്റിലായ അധ്യാപിക മനീഷ മന്ഥാരെ ആർഎസ്‌എസ്‌ ബന്ധമുള്ള കോളേജിലാണ്‌ ജോലി ചെയ്യുന്നത്‌. ഇ‍ൗ സാഹചര്യത്തിലും കൂടുതൽ ബിജെപി നേതാക്കളിലേക്ക്‌ അന്വേഷണം വ്യാപിപ്പിച്ചില്ല. കുറ്റപത്രം സമർപ്പിച്ചതിനുശേഷം എൻടിഎയ്‌ക്കും കേന്ദ്രസർക്കാരിനും സിബിഐ കേസിനെ സംബന്ധിച്ച വിശദ റിപ്പോർട്ട്‌ അയക്കും. പരീക്ഷാനടത്തിപ്പിലെ വീഴ്‌ച ആവർത്തിക്കാതിരിക്കാനുള്ള നിർദേശങ്ങളും നൽകും.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home