നീറ്റ് പ്രക്ഷോഭത്തിലെ പൊലീസ് അതിക്രമം
print edition ഉന്നതസമിതി ഒരു മാസത്തിനകം റിപ്പോർട്ട് നൽകണം

ന്യൂഡൽഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ച പ്രക്ഷോഭത്തിനെതിരെ ജന്തർമന്തറിലും മറ്റിടങ്ങളിലുമുണ്ടായ പൊലീസ് അതിക്രമങ്ങളെക്കുറിച്ച് ഉന്നത സമിതി ഒരു മാസത്തിനകം ഇടക്കാല റിപ്പോർട്ട് സമർപ്പിക്കണമെന്ന് സുപ്രീംകോടതി. നിലവിൽ ലഭിച്ച ദൃശ്യങ്ങളും തെളിവുകളും അടിസ്ഥാനപ്പെടുത്തി മറുപടി നൽകേണ്ടവരിൽനിന്ന് അത് വാങ്ങിയാകണം റിപ്പോർട്ടെന്ന് ചീഫ് ജസ്‌റ്റിസ് സൂര്യകാന്തിന്റെ ബെഞ്ച് നിർദേശിച്ചു. ഇരകളും ഹർജിക്കാരും നൽകുന്ന ദൃശ്യങ്ങളും രേഖകളും സമിതി പരിശോധിക്കണം. ഇരകൾ നേരിട്ട് നൽകുന്ന രേഖകൾ മാത്രമാണ് സമിതി പരിശോധിക്കുന്നതെന്ന് മുതിർന്ന അഭിഭാഷകൻ ഗോപാൽ ശങ്കരനാരായണൻ പരാതിപ്പെട്ടപ്പോഴാണ് ഇൗ നിർദേശം.
മൂന്നാഴ്ച മുമ്പ് ആരംഭിച്ച പോർട്ടൽ വഴി വളരെ കുറച്ച് പരാതികളാണ് ലഭിച്ചത്. ഒക്ടോബർ 29ന് നടത്തിയ സിറ്റിങിൽ ഒരു പരാതിക്കാരൻ മാത്രമാണ് ഹാജരായി സത്യവാങ്‌മൂലം നൽകിയത്. മുന്നോട്ടുവരാൻ ഇരകളെ പ്രോത്സാഹിപ്പിക്കണം–ബെഞ്ച് പറഞ്ഞു.
പ്രഥമദൃഷ്ട്യാ കുറ്റക്കാരായ പൊലീസുകാർക്കെതിരെപോലും ഇതുവരെ നടപടിയെടുത്തിട്ടില്ലെന്ന് ഹർജിക്കാർ പറഞ്ഞു. ന്യായമായ ബലപ്രയോഗം നടത്തിയതിന്റെ പേരിൽ പോലീസിന്റെ മനോവീര്യം തകർക്കരുതെന്നാണ് സോളിസിറ്റർ ജനറൽ തുഷാർ മേത്ത വാദിച്ചത്. കേസ് ഡിസംബർ രണ്ടിന് വീണ്ടും പരിഗണിക്കും.









0 comments