ad
Deshabhimani

നീറ്റ് പ്രതിഷേധം; ഡൽഹി പൊലീസ് അമിത ബലപ്രയോഗം നടത്തിയെന്ന് ആംനസ്റ്റി റിപ്പോർട്ട്

Amnesty on Delhi
വെബ് ഡെസ്ക്

Published on Aug 24, 2026, 07:51 AM | 1 min read

ന്യൂഡൽഹി : നീറ്റ് പരീക്ഷ ക്രമക്കേടിനെതിരെ പ്രതിഷേധിച്ച് ഡൽഹിയിലെ ജന്തർ മന്തറിൽ രാജ്യത്തെ വിദ്യാർഥികൾ നടത്തിയ പ്രതിഷേധത്തിനെതിരെ പൊലീസ് അമിത ബലപ്രയോ​ഗം നടത്തിയതായി ആംനസ്റ്റി ഇന്റർനാഷണൽ. സമാധാനപരമായി പ്രതിഷേധം നടത്തിയ വിദ്യാർഥികൾക്കെതിരെ വൈദ്യുതാഘാത ഉപകരണങ്ങൾ, പെല്ലറ്റ് തോക്കുകൾ എന്നിവയുൾപ്പെടെയുള്ളവ ഉപയോ​ഗിച്ചതായും ആംനസ്റ്റി റിപ്പോർട്ടിൽ പറയുന്നു.


പ്രതിഷേധക്കാർ അക്രമാസക്തരായതിനുശേഷം മാത്രമാണ് ബലപ്രയോഗം നടത്തിയതെന്ന പൊലീസിന്റെ വാദത്തെ റിപ്പോർട്ട് എതിർക്കുന്നു. പൊലീസും പ്രകടനക്കാരും നടത്തിയ അക്രമത്തെക്കുറിച്ച് അന്വേഷിക്കാൻ സുപ്രീം കോടതി വ്യാഴാഴ്ച ഒരു പാനൽ രൂപീകരിച്ചതിന് പിന്നാലെയാണ് ഈ റിപ്പോർട്ട് വരുന്നത്. നീറ്റ്-യുജി ചോദ്യപേപ്പർ ചോർന്നതിനെത്തുടർന്ന് ഡൽഹിയിൽ ജൂലൈ 20ന് ആയിരക്കണക്കിന് പ്രതിഷേധക്കാർ പാർലമെന്റിലേക്ക് മാർച്ച് ചെയ്യാൻ ശ്രമിച്ചപ്പോഴാണ് പൊലീസ് ക്രൂരമായ അതിക്രമം നടത്തിയത്.


ഡൽഹിയിലും ബിഹാറിലും പ്രതിഷേധക്കാർക്കെതിരെ പെല്ലറ്റ് തോക്കുകൾ, ടിയർ ഗ്യാസ് ലോഞ്ചറുകൾ, ഗ്രനേഡുകൾ, ബാറ്റൺ, ഇലക്ട്രിക് ഷോക്ക് ഉപകരണങ്ങൾ എന്നിവ ഉപയോഗിച്ചതായി സാക്ഷി മൊഴികളും ദൃശ്യ തെളിവുകളും സ്ഥിരീകരിച്ചതായി ആംനസ്റ്റി പറഞ്ഞു. ബീഹാറിലെ സിവാൻ ജില്ലയിൽ ഒരു പോലീസ് ഉദ്യോഗസ്ഥൻ നിയമവിരുദ്ധമായി ജനക്കൂട്ടത്തിനെതിരെ മാരകായുധം പ്രയോഗിച്ച രണ്ട് സംഭവങ്ങൾ സ്ഥിരീകരിച്ചതായും റിപ്പോർട്ടിലുണ്ട്. അന്താരാഷ്ട്ര നിയമങ്ങളും മാനദണ്ഡങ്ങളും ആഭ്യന്തര പൊലീസിംഗ് മാർ​ഗനിർദേശങ്ങളും ലംഘിക്കുന്ന രീതിയിലാണ് ആയുധങ്ങൾ ഉപയോ​ഗിച്ചതെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.


ജനക്കൂട്ടത്തെ നിയന്ത്രിക്കാനെന്ന വ്യാജേന ഭരണകൂടം അനുവദിച്ച അക്രമമാണ് ഡൽഹിയിലും ബിഹാറിലും പൊലീസ് നടത്തിയത്. സുപ്രീം കോടതിയിൽ പ്രതിഷേധക്കാർ അക്രമത്തിലേക്ക് നീങ്ങിയതിനുശേഷം മാത്രമാണ് തങ്ങൾ ബലപ്രയോഗം നടത്തിയതെന്ന് ഡൽഹി പോലീസ് പറഞ്ഞിരുന്നു. ഈ വാദത്തെ ശക്തമായി എതിർക്കുന്നതാണ് ആംനസ്റ്റിയുടെ റിപ്പോർട്ട്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home