പശ്ചിമേഷ്യയിൽ വീണ്ടും സംഘർഷ ഭീതി; ക്രൂഡ് ഓയിൽ വിലയിൽ ഇടിവ്

ലണ്ടൻ : ഇറാനെതിരെ യുഎസ് പുതിയ ഉപരോധങ്ങൾ പ്രഖ്യാപിച്ചതോടെ തിങ്കളാഴ്ച എണ്ണവില ബാരലിന് ഒരു ഡോളറിലധികം ഇടിഞ്ഞു. പശ്ചിമേഷ്യയിൽ സംഘർഷം രൂക്ഷമാകാനും ഹോർമുസ് വഴിയുള്ള ക്രൂഡ് ഓയിൽ വിതരണം വീണ്ടും തടസം നേരിട്ടാക്കാമെന്ന് ആശങ്കയുമാണ് എണ്ണവിലയെ ബാധിച്ചത്.
ആഗോള എണ്ണ മാനദണ്ഡമായ ബ്രെന്റ് ക്രൂഡ് ഓയിൽ ഫ്യൂച്ചറുകൾ ബാരലിന് 1.22 ഡോളർ അഥവാ 1.29 ശതമാനം കുറഞ്ഞ് 93.17 ഡോളറിലെത്തി. യുഎസ് വെസ്റ്റ് ടെക്സസ് ഇന്റർമീഡിയറ്റ് (ഡബ്ല്യുടിഐ) ക്രൂഡ് ഓയിൽ 1.20 ഡോളർ അഥവാ 1.38 ശതമാനം കുറഞ്ഞ് 85.86 ഡോളറിലെത്തി.
യുഎസും ഇറാനും തമ്മിലുള്ള സമാധാന ചർച്ചകൾ വീണ്ടും സ്തംഭനാവസ്ഥയിലാവുകയും ഹോർമുസ് കടലിടുക്ക് വഴിയുള്ള കയറ്റുമതി നിയന്ത്രിക്കപ്പെടുകയും ചെയ്തതോടെ എണ്ണവില കുതിച്ചുയരുകയായിരുന്നു, കഴിഞ്ഞ രണ്ടാഴ്ച മാത്രം എണ്ണവില 5 ശതമാനത്തിലധികം വർധനവ് രേഖപ്പെടുത്തി.
ഇറാനെതിരെ ഉപരോധങ്ങൾ കടുപ്പിക്കുമെന്നും, ഇറാനുമായി വ്യാപാര ബന്ധമുള്ള രാജ്യങ്ങളെയും ഇതു ബാധിക്കുമെന്നും യുഎസ് ഭീഷണിപ്പെടുത്തിയതാണ് വിപണിയെ ബാധിച്ചത്. ഉപരോധം കടുപ്പിച്ചാൽ ഹോർമുസ് വഴിയുള്ള എണ്ണ കയറ്റുമതി പൂർണമായും നിർത്തിവെക്കുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകി.










0 comments