വീണ്ടുമൊരു നീലക്കുറിഞ്ഞിക്കാലം; ചൊക്രമുടിയിലെ കുറിഞ്ഞി ഉദ്യാനം ഇന്ന് മുതൽ സന്ദർശകർക്കായി തുറക്കും

മൂന്നാർ : ഓണാവധി ആഘോഷിക്കാൻ ഇടുക്കിയിലേക്ക് എത്തുന്ന സഞ്ചാരികൾക്ക് കാഴ്ചയുടെ വിരുന്നൊരുക്കി വീണ്ടുമൊരു നീലക്കുറിഞ്ഞിക്കാലം. ഇടുക്കി ചൊക്രമുടിയിലെ കുറിഞ്ഞി ഉദ്യാനം ഇന്ന് മുതൽ സന്ദർശകർക്കായി തുറക്കും. രാവിലെ 11 ന് സിസിഎഫ് ഡി കെ വിനോദ് ഔദ്യോഗിതക ഉദ്ഘാടനം നിർവ്വഹിക്കും.
വനംവകുപ്പ് ഉദ്യോഗസ്ഥരും ജനപ്രതിനിധികളും ചടങ്ങിൽ പങ്കെടുക്കും. ഗ്യാപ് റോഡിന് സമീപം തയാറാക്കിയ കവാടത്തിലൂടെയാണ് നീലക്കുറിഞ്ഞി ഉദ്യാനത്തിൽ പ്രവേശിക്കുന്നത്. പന്ത്രണ്ട് വർഷത്തിന് ശേഷമാണ് ചൊക്രമുടിയിൽ നീലക്കുറിഞ്ഞി പൂത്തിരിക്കുന്നത്. വനംവകുപ്പിന്റെ നിയന്ത്രണത്തിലാകും പ്രവേശനം. ഒൻപത് വയസുവരെയുള്ള കുട്ടികൾക്ക് പ്രവേശനം സൗജന്യമായിരിക്കും. 10 മുതൽ 18 വയസ്സ് വരെ പ്രായമുള്ളവർക്ക് 100 രൂപയും 18 വയസ്സിന് മുകളിൽ പ്രായമുള്ളവർക്ക് 200 രൂപയുമാണ് ഫീസ്. വിദേശ സഞ്ചാരികൾക്ക് 400 രൂപയാണ് ടിക്കറ്റ് നിരക്ക്. കാമറ ഉപയോഗിച്ച് ചിത്രങ്ങളെടുക്കുന്നതിന് 50 രൂപയും വിഡിയോ ചിത്രീകരണത്തിന് 100 രൂപയുമായിരിക്കും ഫീസ്. രാവിലെ 7 മണി മുതൽ വൈകിട്ട് നാല് വരെയാണ് പ്രവേശന സമയം.
മഴ തുടരുന്നതിനാൽ സെപ്റ്റംബറോടെയാകും ചൊക്രമുടി മുഴുവനായും നീലനിറമണിയുക. നീലക്കുറിഞ്ഞിയുടെ ഭംഗി ആസ്വദിക്കുന്നതിനൊപ്പം ചൊക്രമുടിയിൽ ട്രെക്കിങ്ങിനും അവസരമുണ്ട്. നീലക്കുറിഞ്ഞി നശിപ്പിക്കുന്നത് 25,000 രൂപ പിഴയും തടവും ലഭിക്കാവുന്ന കുറ്റമാണെന്നും വനംവകുപ്പ് അറിയിച്ചു.









0 comments