ഓണത്തെ വരവേൽക്കാനൊരുങ്ങി നാട്; നാളെ ഉത്രാടപ്പാച്ചിൽ

തിരുവനന്തപുരം : ഓണത്തെ വരവേൽക്കാൻ മലയാളികളൊരുങ്ങി കഴിഞ്ഞു. ഉത്രാടപ്പാച്ചിൽ നാളെയാണെങ്കിലും ഇന്നേ ഒരുക്കങ്ങളുമായി എല്ലാവരും തിരിക്കിലാണ്. എന്തൊക്കെ വാങ്ങിയാലും ഉത്രാടപ്പാച്ചില് നടത്തിയില്ലെങ്കിൽ ഓണത്തിനൊരു പൂർണത വരില്ല കേരളീയർക്ക്. ഇത്തവണ വിലക്കയറ്റമാണ് ഓണത്തിന്റെ ശോഭ കെടുത്തുന്നത്. വെളിച്ചെണ്ണക്കും പച്ചക്കറിക്കും അരിക്കും വരെ വില കുതിച്ചുയരുകയാണ്.
തിരുവോണത്തെ വരവേൽക്കാനുള്ള പൂർണ തയ്യാറെടുപ്പിലാണെങ്കിലും വിപണിയിലെ വിലക്കയറ്റം നിയന്ത്രിക്കാനാവാത്തത് വിലക്കയറ്റത്തിന് കാരണമായിരിക്കുകയാണ്. ഉപ്പേരിക്കും ശർക്കരവരട്ടിക്കും നേന്ത്രക്കുലക്കും വരെ വില കയറുകയാണ്.
ഓണക്കോടി മുതൽ സദ്യക്കുള്ള സാധനങ്ങൾ വാങ്ങാൻ വരെ നാളെ രാവിലെ ആളുകൾ ഉത്രാടപ്പാച്ചിലിനിറങ്ങും. ഇന്ന് പ്രവൃത്തി ദിവസമായതിനാൽ തന്നെ ഓണത്തിരക്കും മഴയും നിരത്തുകളിൽ ഗതാഗത തടസത്തിന് കാരണമായേക്കും.
ഉത്രാടത്തിന് തലേ ദിവസമായ ഇന്ന് സംസ്ഥാനത്തിന്റെ പല ഭാഗത്തും കനത്ത മഴയാണ്. ഇടുക്കിയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴക്ക് സാധ്യതയുള്ളതിനാൽ കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. എട്ട് ജില്ലകളിലാണ് ഇന്ന് മഞ്ഞ അലർട്ട് പുറപ്പെടുവിച്ചിരിക്കുന്നത്.










0 comments