നീറ്റ് ചോദ്യപ്പേപ്പർ ചോർച്ച: കോടികളുടെ തട്ടിപ്പ് പണം ഉപയോഗിച്ച് സ്കൂളും കോളേജും തുടങ്ങാൻ പ്രതി വാങ്ങിക്കൂട്ടിയത് എട്ടേക്കർ ഭൂമി

പ്രതീകാത്മക ചിത്രം
പട്ന: നീറ്റ് മെഡിക്കൽ പ്രവേശന പരീക്ഷാ ചോദ്യപ്പേപ്പർ ചോർച്ചാക്കേസിലെ മുഖ്യപ്രതി പരീക്ഷാ അട്ടിമറിയിലൂടെ ലഭിച്ച കള്ളപ്പണം ഉപയോഗിച്ച് സ്വന്തമായി സ്കൂളും മെഡിക്കൽ-എഞ്ചിനീയറിംഗ് കോളേജുകളും ആരംഭിക്കാനായി പ്രതി ബീഹാറിൽ എട്ടേക്കറോളം ഭൂമി വാങ്ങിക്കൂട്ടിയതായി ബിഹാർ പൊലീസിന്റെ സാമ്പത്തിക കുറ്റകൃത്യ വിഭാഗം കണ്ടെത്തി.
കേസിലെ സൂത്രധാരനായ സഞ്ജീവ് മുഖിയ എന്നറിയപ്പെടുന്ന സഞ്ജീവ് കുമാറും കൂട്ടാളികളുമാണ് ഈ ഭൂമി ഇടപാടുകൾക്ക് പിന്നിൽ. ബിഹാറിലെ നളന്ദ ജില്ലയിലാണ് ഇവർ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ സ്ഥാപിക്കാനായി കോടിക്കണക്കിന് രൂപ വിലമതിക്കുന്ന ഭൂമി രജിസ്റ്റർ ചെയ്തിരിക്കുന്നത്. ചോദ്യപ്പേപ്പർ ചോർത്തി നൽകി ലക്ഷക്കണക്കിന് വിദ്യാർത്ഥികളുടെ ഭാവി തുലാസിലാക്കിയ പണം ഉപയോഗിച്ചാണ് പ്രതികൾ ഈ നിയമവിരുദ്ധ സ്വത്തുക്കൾ സമ്പാദിച്ചതെന്ന് അന്വേഷണ ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു.
അന്വേഷണസംഘത്തിന്റെ റിപ്പോർട്ട് പ്രകാരം സഞ്ജീവ് മുഖിയയും സംഘവും വിവിധ ബാങ്ക് അക്കൗണ്ടുകൾ വഴിയും ബനാമി ഇടപാടുകളിലൂടെയുമാണ് ഭൂമി വാങ്ങിയിട്ടുള്ളത്. ചോദ്യപ്പേപ്പർ ചോർച്ചയിലൂടെ ലഭിക്കുന്ന കള്ളപ്പണം നിയമവിധേയമാക്കാനുള്ള സുരക്ഷിത മാർഗ്ഗമായാണ് പ്രതികൾ വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങാൻ പദ്ധതിയിട്ടത്. ഈ ഭൂമിയുടെ ആധാരങ്ങളും അനുബന്ധ രേഖകളും അന്വേഷണസംഘം പിടിച്ചെടുത്തിട്ടുണ്ട്.
കേസിൽ അറസ്റ്റിലായ മറ്റ് പ്രതികളെ ചോദ്യം ചെയ്തതിൽ നിന്നാണ് സഞ്ജീവ് മുഖിയയുടെ ഈ കോടികളുടെ ഭൂമി ഇടപാടുകളെക്കുറിച്ചുള്ള നിർണായക വിവരങ്ങൾ പുറത്തുവന്നത്. പ്രതികളുടെ പേരിൽ വിവിധ സംസ്ഥാനങ്ങളിലുള്ള മറ്റ് സ്വത്തുക്കളെക്കുറിച്ചും ബാങ്ക് നിക്ഷേപങ്ങളെക്കുറിച്ചും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. കള്ളപ്പണ നിരോധന നിയമപ്രകാരം ഈ സ്വത്തുക്കൾ കണ്ടുകെട്ടാനുള്ള നടപടികൾ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉടൻ ആരംഭിക്കുമെന്നാണ് സൂചന.










0 comments