ad
Deshabhimani

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ച ഇതുവരെ അറസ്റ്റിലായത് 11 പേര്‍, പഴുതുകൾ തുറന്നിട്ടവര്‍ പുകമറയിൽ

NEET
വെബ് ഡെസ്ക്

Published on May 23, 2026, 12:28 PM | 5 min read

ന്യൂഡൽഹി: ദേശീയ മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റ് യു ജി ചോദ്യപേപ്പർ ചോർച്ചാ കേസിൽ ഏറ്റവും ഒടുവിലായി പൂനെയിലെ സ്കൂൾ പ്രധാനാധ്യാപിക മനീഷ സഞ്ജയ് ഹവൽദാർ കൂടി പിടിയിലായതോടെ ഈ കേസിൽ ഇതുവരെ അറസ്റ്റിലായവരുടെ എണ്ണം 11 ആയി. നാഷണൽ ടെസ്റ്റിംഗ് ഏജൻസിയിലെ പാനൽ അംഗങ്ങളും അധ്യാപകരും മുതൽ വിവിധ സംസ്ഥാനങ്ങളിലെ ഇടനിലക്കാർ വരെ ഉൾപ്പെടുന്ന വലിയൊരു ശൃംഖലയാണ് ഈ ക്രമക്കേടിന് പിന്നിൽ പ്രവർത്തിച്ചതെന്നാണ് സിബിഐ കണ്ടെത്തൽ.


പ്രതികളായ ദിനേഷ് ബിവാൽ, മാംഗിലാൽ ബിവാൽ എന്നിവരുടെ അറസ്റ്റോടെ നീറ്റ് പരീക്ഷാ പേപ്പർ ചോർച്ചയിലെ ബിജെപി ബന്ധവും പുറത്തായി. ദിനേഷ് ബിവാൽ ബിജെപി പ്രവർത്തകനല്ലെന്ന് നേതാക്കൾ തിടുക്കപ്പെട്ട് നിഷേധിച്ചു എങ്കിലും അദ്ദേഹത്തിന്റെ സോഷ്യൽ മീഡിയ പ്രൊഫൈലിൽ നേതൃ സ്ഥാനം വഹിഹിക്കുന്നത് ഉൾപ്പെടെ വ്യക്തമാക്കുന്നു. ഈ കുടുംബത്തിലെ ചില വിദ്യാര്‍ത്ഥികൾ മുൻവര്‍ഷങ്ങളിൽ നീറ്റ് പരീക്ഷയിൽ ഉയര്‍ന്ന മാര്‍ക്ക് നേടിയതും ആരോപണ വിധേയമായിരിക്കയാണ്.


പണമിടപാടുകാരും റിയൽ എസ്റ്റേറ്റ് വ്യാപാരികളുമായ ഈ കുടുംബം തങ്ങളുടെ കുട്ടികളെ നീറ്റ് പരീക്ഷയ്ക്ക് തയ്യാറാക്കുന്നതിന്റെ പേര് പറഞ്ഞാണ് ഏതാനും വർഷങ്ങൾക്കു മുൻപ് രാജസ്ഥാനിലെ പ്രമുഖ കോച്ചിങ് ഹബ്ബായ സിക്കറിലേക്ക് താമസം മാറ്റിയത്. ഹരിയാന സ്വദേശിയായ യാഷ് യാദവിൽ നിന്ന് ടെലിഗ്രാം വഴി അയച്ചു കിട്ടിയ ചോദ്യപേപ്പറുകൾ ഇവർ വിതരണം ചെയ്ത് വന്നിരുന്നതായി സിബിഐ കണ്ടെത്തിയിട്ടുണ്ട്. മുൻവർഷങ്ങളിൽ ശരാശരി മാർക്ക് മാത്രം നേടിയിരുന്ന ഈ കുടുംബത്തിലെ ചില കുട്ടികൾ പെട്ടെന്ന് ഉയർന്ന റാങ്കുകൾ നേടി സർക്കാർ മെഡിക്കൽ കോളേജുകളിൽ പ്രവേശനം നേടിയത് എങ്ങനെയെന്നതിനെക്കുറിച്ചാണ് ഇപ്പോൾ വിവാദം. സി ബിഐയുടെ പ്രത്യേക സംഘം ഇക്കാര്യത്തിലും അന്വേഷണം നടത്തുന്നു. നിലവിൽ ഈ സഹോദരങ്ങൾ ജുഡീഷ്യൽ കസ്റ്റഡിയിലാണ്.


പൊളിച്ചെഴുതണമെന്ന് പാര്‍ലമെന്ററി സമിതി


നാഷണൽ ടെസ്റ്റിങ് ഏജൻസി ചോദ്യപേപ്പര്‍ ചോര്‍ച്ചയുടെ ഉത്തരവാദിത്തം അധ്യാപകരുടെ മേൽ ചാര്‍ത്തി ഒഴിയാൻ ശ്രമിച്ചു എങ്കിലും ഏജൻസിയുടെ പ്രവര്‍ത്തനം തന്നെ പൊളിച്ചെഴുതണമെന്ന ആവശ്യം ഉയര്‍ന്നിരിക്കയാണ്. പരിശീലന കേന്ദ്രങ്ങൾക്ക് അനുസൃതമായ മാതൃകയിലാണ് നീറ്റ് പരീക്ഷ നടത്തുന്നതെന്ന് വിദ്യാഭ്യാസ പാര്‍ലമെന്ററി സമിതി തുറന്നടിച്ചു. സ്കൂൾ പാഠ്യപദ്ധയിലേക്ക് മാറണമെന്ന കര്‍ശന നിര്‍ദ്ദേശവും നൽകി. പാഠ്യപദ്ധതിക്ക് അനുസൃതമായി പ്രവേശന പരീക്ഷ നിജപ്പെടുത്താൻ ഉന്നത സമിതി രൂപീകരിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. ദിഗ്വിജയ് സിങ് എംപി അധ്യക്ഷനായ സമിതി കഴിഞ്ഞ ദിവസം എൻ ടി എ മേധാവി അഭിഷേക് സിങ്ങിനെയും ഉന്നത വിദ്യാഭ്യാസ സെക്രട്ടറി വിനീത് ജോഷിയെയും വിളിച്ച് വരുത്തിയിരുന്നു. വീഴ്ച എൻടിഎയുടേതല്ല എന്ന ന്യായീകരണം ആവര്‍ത്തിക്കയാണ് ഇവര്‍ ചെയ്തത്. എന്നാൽ എൻടിഎ ഏര്‍പ്പെടുത്തിയ വിഷയ വിദഗ്ധരും തര്‍ജമ ചെയ്തവരും ചോര്‍ച്ചയിൽ മുഖ്യ കണ്ണികളായി വരുന്നു. ഇത്രയും എളുപ്പത്തിൽ ചോദ്യങ്ങൾ ചോരാവുന്ന സാഹചര്യം ഉടനീളം നിലനിന്നിട്ടും എൻടിഎ എന്ത് കൊണ്ട് ഇത് നേരത്തെ മനസിലാക്കിയില്ല എന്ന ചോദ്യം അവശേഷിക്കുന്നു. പ്രവേശന പരീക്ഷകൾ എല്ലാം കേന്ദ്രത്തിന്റെ കൈപ്പിടിയിലാക്കുക എന്ന ലക്ഷ്യത്തോടെ 2017 ലാണ് ബിജെപി സര്‍ക്കാര്‍ നാഷണൽ ടെസ്റ്റിങ് ഏജൻസി രൂപീകരിച്ച് ഉത്തരവാദിത്തങ്ങൾ സംസ്ഥാനങ്ങളിൽ നിന്നും പിടിച്ചു വാങ്ങി നൽകിയത്.


അറസ്റ്റിലായത് അധ്യാപകരും ഇടനിലക്കാരും

പഴുതുകൾ ഉണ്ടാക്കി നൽകിയവര്‍ പുകമറയിൽ


കഴിഞ്ഞ ദിവസം അവസാനമായി അറസിറ്റിലായ മനീഷ സഞ്ജയ് ഹവൽദാർ പൂനെയിലെ 'സേത്ത് ഹീരാലാൽ സറഫ് പ്രശാല' സ്കൂളിലെ പ്രധാനാധ്യാപികയാണ്. ഫിസിക്സ് വിഷയത്തിൽ പ്രാഗൽഭ്യമുള്ള വ്യക്തിയാണ്. നാഷണൽ ടെസ്റ്റിംഗ് ഏജൻസി പരീക്ഷാ പ്രക്രിയയ്ക്കായി നിയോഗിച്ച സബ്ജക്ട് എക്സ്പെർട്ട് ആയിരുന്നു ഇവർ. പരീക്ഷയുടെ ഫിസിക്സ് ചോദ്യപേപ്പറുകൾ കൈകാര്യം ചെയ്യാനുള്ള പൂർണ്ണ അനുമതി ഇവർക്കുണ്ടായിരുന്നു. ചോദ്യപേപ്പർ തയാറാക്കുന്ന ഘട്ടത്തിൽ ലഭിച്ച ഫിസിക്സ് ചോദ്യങ്ങൾ ഇവർ മറ്റൊരു പ്രതിയായ മനീഷ മാംധരെയ്ക്ക് കൈമാറിയതായി സിബിഐ കണ്ടെത്തി.


മനീഷ ഗുരുനാഥ് മാംധരെ പൂനെ മോഡേൺ കോളേജ് ഓഫ് ആർട്സ്, സയൻസ് ആൻഡ് കൊമേഴ്സിലെ ബയോളജി അധ്യാപികയാണ്. ഈ മാഫിയയിലെ പ്രധാന സൂത്രധാരികളിൽ ഒരാളാണ്. ചോദ്യപേപ്പർ നിർണ്ണയ പാനലിലെ അംഗമായിരുന്ന ഇവർക്ക് ബോട്ടണി, സുവോളജി (ബയോളജി) ചോദ്യപേപ്പറുകളിലേക്ക് പൂർണ്ണ പ്രവേശനമുണ്ടായിരുന്നു. വലിയ തുക പ്രതിഫലമായി വാങ്ങി ഇവർ ചോദ്യങ്ങൾ ചോർത്തി നൽകി. കൂടാതെ, മറ്റ് പ്രതികളുടെ സഹായത്തോടെ വിദ്യാർത്ഥികളെ സംഘടിപ്പിച്ച് തന്റെ വീട്ടിൽ വെച്ച് പ്രത്യേക കോച്ചിങ് ക്ലാസുകൾ നടത്തി ചോർന്ന ചോദ്യങ്ങൾ പഠിപ്പിച്ചതായും കണ്ടെത്തി.


പ്രഹ്ലാദ് വിട്ടൽ റാവു കുൽക്കർണി കെമിസ്ട്രി വിദഗ്ധനാണ്. ലാത്തൂരിലെ സ്വകാര്യ കോളേജിലെ കെമിസ്ട്രി വിഭാഗം മുൻ മേധാവിയും വിരമിച്ച പ്രൊഫസറുമാണ്. നീറ്റ് പരീക്ഷാ സംവിധാനവുമായി വർഷങ്ങളായി ബന്ധമുള്ളയാളാണ് കുൽക്കർണി. കെമിസ്ട്രി ചോദ്യപേപ്പർ തയാറാക്കുന്ന പാനലിൽ അംഗമായിരുന്ന ഇദ്ദേഹമാണ് ചോദ്യങ്ങൾ ചോർത്താൻ തുടക്കമിട്ട പ്രധാന ഉറവിടങ്ങളിൽ ഒന്ന്. മനീഷ മാംധരെ അടക്കമുള്ളവരുമായി ചേർന്ന് ഇയാൾ ഗൂഢാലോചന നടത്തുകയും പരീക്ഷാ വിവരങ്ങൾ ചോർത്തുകയും ചെയ്തു.


പൂനെ ബിബവേവാഡിയിലെ ബ്യൂട്ടി പാർലർ ഉടമ മനീഷ വാഗ്മരെയാണ് അറസ്റ്റിലായ നാലമത്തെയാൾ. ഇവര്‍ ഇടനിലക്കാരിയാണ്. ചോദ്യപേപ്പർ ചോർത്തിയ അധ്യാപിക മനീഷ മാംധരെയുടെ അയൽവാസിയാണ് ഇവർ. സാമ്പത്തിക ലാഭം ലക്ഷ്യമിട്ട് പരീക്ഷാ ചോദ്യങ്ങൾ ആവശ്യമുള്ള വിദ്യാർത്ഥികളെയും അവരുടെ രക്ഷിതാക്കളെയും കണ്ടെത്തി അധ്യാപകരിലേക്ക് എത്തിച്ചിരുന്ന പ്രധാന ഇടനിലക്കാരിയായി ഇവർ പ്രവർത്തിച്ചു.


പൂനെയിൽ പ്രാക്ടീസ് ചെയ്യുന്ന ആയുർവേദ ഡോക്ടർ ധനഞ്ജയ് ലോഖണ്ഡെയും ഇടനിലക്കാരനായി നിന്നു. ചോദ്യപേപ്പർ മാഫിയയും വിദ്യാർത്ഥികളും തമ്മിലുള്ള സാമ്പത്തിക ഇടപാടുകൾ ഏകോപിപ്പിക്കുകയും, ചോദ്യങ്ങൾ വിതരണം ചെയ്യാൻ സഹായിക്കുകയും ചെയ്ത മറ്റൊരു പ്രധാന കണ്ണിയാണ് ഇയാൾ.


ആറാമത് പിടിയിലായ യാഷ് യാദവ് ഗുരുഗ്രാമിലെ ആയുർവേദ മെഡിക്കൽ വിദ്യാർത്ഥിയാണ്. ചോദ്യപേപ്പർ ചോർത്തിയ പ്രധാനികളിൽ നിന്നും 'ഗസ് പേപ്പർ' കൈക്കലാക്കുകയും അത് മറ്റ് സംസ്ഥാനങ്ങളിലെ ഏജന്റുമാർക്ക് വലിയ തുകയ്ക്ക് കൈമാറുകയും ചെയ്തത് യാഷ് യാദവ് ആണ്. യഥാർത്ഥ ചോദ്യങ്ങളുമായി 120-ലധികം ചോദ്യങ്ങൾ ഒത്തുപോയ പേപ്പറാണ് ഇയാൾ കൈമാറിയത്.


നാസിക്കിൽ നിന്നുള്ള ആയുർവേദ മെഡിക്കൽ വിദ്യാർത്ഥി ശുഭം ഖൈർനാറും ഇതേ പങ്കാണ് വഹിച്ചത്. യാഷ് യാദവ് വഴി ലഭിച്ച ചോദ്യപേപ്പറുകൾ വലിയ തുകയ്ക്ക് വാങ്ങി, കൂടുതൽ ലാഭത്തിനായി മറ്റ് ഉപഭോക്താക്കൾക്കും വിദ്യാർത്ഥികൾക്കും വിറ്റഴിക്കുകയായിരുന്നു ഇയാളുടെ രീതി. മഹാരാഷ്ട്ര പൊലീസിന്റെ സഹായത്തോടെയാണ് സി.ബി.ഐ ഇയാളെ നാസിക്കിൽ നിന്ന് പിടികൂടിയത്.


ചോര്‍ച്ചയുടെ ചങ്ങലയിൽ രാജസ്ഥാൻ ശൃംഖലയിലെ ദിനേഷ് ബിവാൽ, മാംഗിലാൽ ബിവാൽ, വികാസ് ബിവാൽ എന്നിവരുടെ അറസ്റ്റോടെയാണ് ഇതിലെ രാഷ്ട്രീയ ബന്ധം പുറത്തെത്തിയത്. രാജസ്ഥാനിലെ ജയ്‌പൂർ സ്വദേശികളായ സഹോദരങ്ങളാണ് ഇവര്‍. മാംഗിലാലിന്റെ മകനാണ് വികാസ് വിവാൽ. രാജസ്ഥാൻ കേന്ദ്രീകരിച്ച് നീറ്റ് ചോദ്യപേപ്പർ വിൽപ്പന നടത്തിയ സംഘമാണിത്. ഗുരുഗ്രാം സ്വദേശിയായ യാഷ് യാദവിൽ നിന്ന് ചോർന്ന ചോദ്യങ്ങൾ വാങ്ങി ജയ്‌പൂരിലും പരിസര പ്രദേശങ്ങളിലുമുള്ള മെഡിക്കൽ പ്രവേശന പരീക്ഷാ ഉദ്യോഗാർത്ഥികൾക്ക് ലക്ഷങ്ങൾ വാങ്ങി ഇവർ വിതരണം ചെയ്തു.


മറ്റൊരു പ്രതി ധനഞ്ജയ് പൂനെയിൽ വിദ്യാഭ്യാസ കൺസൾട്ടൻസി സ്ഥാപനം നടത്തിവന്നയാളാണ്. അഡ്മിഷൻ കൺസൾട്ടൻസിയുടെ മറവിൽ മെഡിക്കൽ സീറ്റുകൾ ആഗ്രഹിക്കുന്ന സമ്പന്നരായ വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും കണ്ടെത്തുകയും, ചോർന്ന ചോദ്യപേപ്പറുകൾ ഇവർക്ക് വിറ്റ് കോടികളുടെ സാമ്പത്തിക ഇടപാടുകൾ നടത്തുകയും ചെയ്തു. ഈ ഏജൻസികളും ഇടനിലക്കാരും സമാഹരിച്ച പണം മുകളിൽ ഏതറ്റം വരെ വിതരണം ചെയ്യപ്പെട്ടു എന്നത് വ്യക്തമല്ല. അതിലേക്ക സിബിഐ അന്വേഷണം എത്തുമോ എന്നതും ആശങ്കയാണ്. എൻടിഎ വീഴ്ചകളെ പുറത്ത് സംഭവിച്ചത് എന്ന വിശേഷണത്തോടെ ലഘൂരിക്കയാണ്.


എവിടെ വരെ എത്തും


പിടിയിലായവരിൽ നിന്നും പിടിച്ചെടുത്ത ലാപ്ടോപ്പുകൾ, മൊബൈൽ ഫോണുകൾ, ബാങ്ക് അക്കൗണ്ട് രേഖകൾ എന്നിവ സി ബിഐ വിശദമായി പരിശോധിച്ചുവരികയാണ്. പണം നൽകി ചോദ്യങ്ങൾ വാങ്ങിയ ചില ഡോക്ടർമാരും രക്ഷിതാക്കളും നിലവിൽ സി ബി ഐ നിരീക്ഷണത്തിലാണ്. വരും ദിവസങ്ങളിൽ കൂടുതൽ അറസ്റ്റുകൾ ഉണ്ടായേക്കുമെന്നാണ് സൂചന.


പേപ്പർ ചോർച്ചാ മാഫിയകൾക്കെതിരെ കർശന നടപടിയെടുക്കുമെന്ന് നിയമസഭാ തെരഞ്ഞെടുപ്പുകൾക്ക് മുന്നോടിയായി പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും ആവര്‍ത്തിച്ച് പറഞ്ഞിരുന്നു. പക്ഷേ രാഷ്ട്രീയ ബന്ധങ്ങൾ കൂടി പുറത്തെത്തിയതോടെ അന്വേഷണത്തിന്റെ ദിശ അധ്യാപകരിൽ എത്തി നിൽക്കുന്ന ചിത്രമാണ്.


വിദ്യാര്‍ഥികളുടെ കണ്ണുനീര്‍ വീണ വഴികൾ


രാജ്യത്ത് ആദ്യമായാണ് നീറ്റ് പ്രവേശന പരീക്ഷ ഒന്നാകെ റദ്ദാക്കിയ സാഹചര്യം വന്നത്. ലക്ഷകണക്കിന് വിദ്യാര്‍ഥികളുടെ ഭാവിയും സ്വപ്നങ്ങളും വഴിമുട്ടിച്ചാണ് തുടരുന്ന അശ്രദ്ധ. ഗോവ, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ രണ്ട് വിദ്യാർഥികൾ ജീവനൊടുക്കിയതായി വാര്‍ത്തകൾ പുറത്തു വന്നു. പൊലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തിൽ ആത്മഹത്യ കുറിപ്പ് കണ്ടെടുത്തു. വലിയ രീതിയിലുള്ള മാനസിക സമ്മർദ്ദമാണ് നേരിടുന്നതെന്നും ഇനി മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കാൻ സാധിക്കില്ലെന്നും ആത്മഹത്യ കുറിപ്പിൽ വ്യക്തമാക്കിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.


പ്രവേശന പരീക്ഷകൾ കേന്ദ്ര സര്‍ക്കാരിന് കീഴിൽ കേന്ദ്രീകരിക്കുക എന്ന തന്ത്രത്തിന്റെ ഭാഗമായി 2017 ൽ രൂപീകരിച്ച നാഷണൽ ടെസ്റ്റിങ് ഏജൻസിയാണ് പരീക്ഷ നടത്തിയിരുന്നത്. എൻടിഎ നടത്തിയ മിക്ക പരീക്ഷകളിലും വീഴ്ചകൾ ആരോപിക്കപ്പെട്ടിരുന്നു. 2024 ലും ഇതേ പരീക്ഷയിൽ ക്രമക്കേട് കണ്ടെത്തിയിരുന്നു. എന്നാൽ അന്ന് നിശ്ചിത കേന്ദ്രത്തിൽ മാത്രം പുനപരീക്ഷ നടത്തി മുഖം രക്ഷിക്കയാണ് ഉണ്ടായത്. ഇതിന് പിന്നാലെ പോരായ്മകൾ പഠിക്കാനും പുതിയ മാര്‍ഗ്ഗങ്ങൾ നിര്‍ദ്ദേശിക്കാനുമായി കെ രാധാകൃഷ്ണൻ കമ്മീഷനെ നിയമിച്ചു. എങ്കിലും കമ്മീഷന്റെ റിപ്പോര്‍ട് അവഗണിക്കപ്പെട്ടു.


എങ്ങിനെ പുറത്ത് പോയി


നാഷണൽ ടെസ്റ്റിംഗ് ഏജൻസിയുടെ അതീവ രഹസ്യ സ്വഭാവമുള്ള സെർവറുകളിൽ നിന്നോ, പ്രിന്റിംഗ് പ്രസ്സുകളിൽ നിന്നോ, അല്ലെങ്കിൽ ചോദ്യപേപ്പർ ബാങ്കുകളിൽ സൂക്ഷിച്ചിരിക്കുന്ന ലോക്കറുകളിൽ നിന്നോ ഇത് എങ്ങനെ പുറത്തുപോയി എന്നതിന്റെ 'റൂട്ട് കോസ്' പലപ്പോഴും കൃത്യമായി പുറത്തുകൊണ്ടുവരാറില്ല. ഔദ്യോഗിക പാനലിൽ ഉള്ളവർക്ക് ഇതിൽ പങ്കുണ്ടെങ്കിൽ പോലും, സിസ്റ്റത്തിന്റെ ഘടനാപരമായ പരാജയങ്ങൾ മൂടിവെക്കപ്പെടാനാണ് തിടുക്കം കൂടുതൽ. 12 ഭാഷകളിലേക്ക് ചോദ്യ പേപ്പര്‍ തര്‍ജമ ചെയ്യുന്നുണ്ട്. എന്നാൽ ഇത് പേപ്പര്‍ പൂര്‍ണ്ണമാക്കിയ ശേഷമാണോ എന്നത് വ്യക്തമല്ല. അങ്ങിനെ ചോദ്യ പേപ്പര്‍ പൂര്‍ത്തിയാക്കിയതിന് ശേഷമാണ് നൽകിയത് എങ്കിൽ അത്രയും വലിയ ശ്രദ്ധക്കുറവ് എൻടിഎ കാണിച്ചു എന്നും വരും.


പരീക്ഷാ നടത്തിപ്പ് ചുമതലയുള്ള ഉയർന്ന ഉദ്യോഗസ്ഥരുടെ മേൽനോട്ട പിഴവുകൾക്ക് മേൽ കർശനമായ ക്രിമിനൽ നടപടികൾ ഉണ്ടാകാത്തതും ഇത്തരം വീഴ്ചകൾ ആവർത്തിക്കാൻ കാരണമാകുന്നു. കേവലം സാമ്പത്തിക ലാഭത്തിന് വേണ്ടി ഏതാനും അധ്യാപകരും ഇടനിലക്കാരും മാത്രം ചെയ്ത ചോര്‍ത്തൽ എന്ന നിലയിൽ കേസ് തീരുമോ എന്ന് കാത്തിരുന്നു കാണേണ്ടി വരും. അതല്ല കോച്ചിങ് മാഫിയ ശൃഖലകൾ കൂടി ഉൾപ്പെട്ട വലിയ ആസൂത്രിത സംഘം നിലനിൽക്കുന്നുണ്ടോ എന്നതും പുറത്തു വരാനുണ്ട്. അങ്ങിനെ എങ്കിൽ അവര്‍ക്ക് എവിടെയൊക്കെ ബന്ധങ്ങളുണ്ട്. ഈ പഴുതുകളിലേക്ക് അവരെ സ്വാഗതം ചെയ്ത ശക്തികൾ ഏത് എന്നതെല്ലാം പുറത്ത് എത്തിക്കേണ്ടി വരും. വ്യാപം കേസ് മുതൽ ഒന്നിലും അത്രയും ആഴത്തിലുള്ള അന്വേഷണത്തിനും നടപടികൾക്കും കേന്ദ്ര സര്‍ക്കാര്‍ തയാറായ ചരിത്രമില്ല.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home