നീറ്റ് പരീക്ഷാ സമ്മർദം; ആത്മഹത്യ ചെയ്ത സിമ്രാന്റെ വീട് എസ്എഫ്ഐ അഖിലേന്ത്യാ നേതൃത്വം സന്ദർശിച്ചു

ഹിസാർ: നീറ്റ് പരീക്ഷ റദ്ദാക്കിയതിനെത്തുടർന്നുണ്ടായ മാനസിക സമ്മർദം കാരണം ആത്മഹത്യ ചെയ്ത ഹരിയാനയിലെ ഹിസാർ ജില്ല സ്വദേശിനി സിമ്രാന്റെ വീട് എസ്എഫ്ഐ അഖിലേന്ത്യാ നേതൃത്വം സന്ദർശിച്ചു. എസ്എഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് ആദർശ് എം സജി, ജോയിൻ്റ് സെക്രട്ടറി ഐഷി ഘോഷ്, ഹരിയാന സംസ്ഥാന സെക്രട്ടറി സുഖ്ദേവ്, ഹരിയാന കിസാൻ സഭ സെക്രട്ടറി ദിനേഷ് ഉൾപ്പെടെയുള്ളവർ സംഘത്തിലുണ്ടായിരുന്നു.
സിമ്രാന്റെ മരണത്തിന് കാരണമായത് സർക്കാരിന്റെ അനാസ്ഥയാണെന്നും ഇതിനെതിരെയുള്ള സമരം ശക്തമാക്കുമെന്നും കുടുംബത്തിന് ആവശ്യമായ എല്ലാ നിയമസഹായവും നൽകുമെന്നും അഖിലേന്ത്യാ ഭാരവാഹികൾ കുടുംബത്തെ അറിയിച്ചു. സിമ്രാന് നീതി ലഭിക്കുന്നതിനായി ഹിസാർ ജില്ലാ കളക്ടറേറ്റിന് മുന്നിൽ പ്രതിഷേധ സമരവും നടന്നു.
നീറ്റ് പുനഃപരീക്ഷയ്ക്ക് മണിക്കൂറുകൾക്ക് മുൻപാണ് പത്തൊൻപതുകാരിയായ സിമ്രാൻ വിഷം കഴിച്ച് ആത്മഹത്യ ചെയ്തത്. ഹിസാർ ബാർവാല സ്വദേശിനിയായ പെൺകുട്ടി പരീക്ഷാ കേന്ദ്രത്തിലേക്ക് പുറപ്പെടാൻ ഇരിക്കെ ഞായറാഴ്ച രാവിലെ വീട്ടിൽ വെച്ച് കീടനാശിനി കഴിക്കുകയായിരുന്നു. രാജസ്ഥാനിലെ സികാറിൽ താമസിച്ച് നീറ്റ് പരീക്ഷയ്ക്കായി തയ്യാറെടുക്കുകയായിരുന്ന പെൺകുട്ടിയുടെ മൂന്നാമത്തെ ശ്രമമായിരുന്നു ഇത്. ആദ്യ തവണ യോഗ്യത നേടാൻ കഴിഞ്ഞിരുന്നില്ല. ചോദ്യപേപ്പർ ചോർച്ചാ വിവാദത്തെ തുടർന്ന് റദ്ദാക്കപ്പെട്ട രണ്ടാമത്തെ പരീക്ഷയ്ക്ക് ശേഷമുള്ള പുനഃപരീക്ഷ എഴുതാനിരിക്കെയാണ് ആത്മഹത്യ.
ഞായറാഴ്ച രാവിലെ പത്ത് മണിയോടെ പെൺകുട്ടി പെട്ടെന്ന് ഛർദ്ദിക്കാൻ തുടങ്ങിയതോടെയാണ് വീട്ടുകാർ വിവരം അറിയുന്നത്. ഉടൻ തന്നെ ഗ്രാമത്തിലെ പ്രാദേശിക ഡോക്ടറുടെ അടുത്ത് എത്തിച്ചെങ്കിലും സ്ഥിതി വഷളായി. തുടർന്ന് വീട്ടുകാർ ചോദിച്ചപ്പോഴാണ് വീട്ടിൽ സൂക്ഷിച്ചിരുന്ന കീടനാശിനി കഴിച്ചതായി കുട്ടി വെളിപ്പെടുത്തിയത്. തുടർന്ന് ഹിസാറിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും അതിനോടകം മരണം സംഭവിച്ചിരുന്നു. പെൺകുട്ടി രാവിലെ വരെ തികച്ചും സാധാരണ നിലയിലായിരുന്നുവെന്നും രാത്രി മുഴുവൻ ഇരുന്ന് പഠിക്കുകയായിരുന്നെന്നും അച്ഛൻ പറഞ്ഞു. രാവിലെ 11 മണിക്ക് പരീക്ഷാ കേന്ദ്രത്തിലേക്ക് പോകുമെന്നാണ് മകൾ പറഞ്ഞിരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ചോദ്യപേപ്പർ ചോർച്ചയെ തുടർന്ന് മെയ് 3ന് നടന്ന ആദ്യ പരീക്ഷ റദ്ദാക്കിയിരുന്നു. ഇതിനെത്തുടർന്നുള്ള നീറ്റ് പുനഃപരീക്ഷ ഞായറാഴ്ച ഉച്ചയ്ക്ക് നടന്നു. ഇതിന് തൊട്ടുമുമ്പാണ് വിദ്യാർഥിയുടെ ആത്മഹത്യ.
പരീക്ഷ റദ്ദാക്കിയതിന് ശേഷം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി നിരവധി വിദ്യാർഥികളാണ് പരീക്ഷാ സമ്മർദ്ദം മൂലം ജീവനൊടുക്കിയത്. വിവിധ വിദ്യാർഥി സംഘടനകളും രാഷ്ട്രീയ പാർട്ടികളും കേന്ദ്ര വിദ്യാഭ്യാസ മന്ത്രിക്കെതിരെ ശക്തമായ വിമർശനവുമായി രംഗത്തുണ്ട്. പരീക്ഷാ അട്ടിമറിയിൽ പ്രതിഷേധിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് വിവിധ സംഘടനകളുടെ നേതൃത്വത്തിൽ ഡൽഹിയിൽ ഉൾപ്പെടെ ശക്തമായ സമര പരിപാടികളാണ് നടക്കുന്നത്.










0 comments