ad
Deshabhimani

സുതാര്യത വെറും വാഗ്‌ദാനം

print edition ചോദ്യച്ചോർച്ച സമിതിയിൽ വിവാദ നായകരും

neet ug modi
avatar
എം അഖിൽ

Published on Jul 28, 2026, 12:03 AM | 2 min read

ന്യൂഡൽഹി: ചോദ്യച്ചോർച്ച തടയാനെന്നപേരിൽ മോദിസർക്കാർ രൂപീകരിച്ച ഉന്നതതല സമിതിയിലെ അംഗങ്ങളെക്കുറിച്ചും ആക്ഷേപം. ശാസ്ത്രവിരുദ്ധരും പദവിയിൽ ഇരുന്ന് വൻ വീഴ്ചകൾ വരുത്തിയെന്ന ഗുരുതര വിമർശനം നേരിടുന്നവരെയും ആണ്‌ സമിതിയിൽ തിരുകിക്കയറ്റിയതെന്നാണ്‌ വിമർശം. ഇതോടെ "സുതാര്യത' എന്ന അവകാശവാദത്തിന്റെ പൊള്ളത്തരമാണ്‌ തുറന്നുകാട്ടപ്പെടുന്നത്‌.


ആറംഗ സമിതിയിലൊരാളായ മദ്രാസ്‌ ഐഐടി ഡയറക്ടർ വി കാമകോടി കഴിഞ്ഞവർഷം ‘ഗോമൂത്രത്തിന്റെ ഒ‍ൗഷധ ഗുണങ്ങൾ’ പ്രചരിപ്പിച്ച്‌ പരിഹാസ്യനായിരുന്നു. ‘ഗോമ‍‍‍ൂത്രം ഫംഗസിനെയും ബാക്‌റ്റീരിയയെയും പ്രതിരോധിക്കും. തൊലിപ്പുറത്തെ അലർജികളെ മാറ്റാനുത്തമമാണ്‌. കടുത്ത പനിബാധിതനായ സന്യാസി ഗോമൂത്രംകുടിച്ച്‌ 15 മിനിറ്റിനകം പനി പന്പ കടന്നു. ദഹനക്കേടിനും ആമാശയ സംബന്ധമായ രോഗങ്ങൾക്കും സിദ്ധ‍ൗഷധമാണ്‌’– ചെന്നൈയിൽ മാട്ടുപ്പൊങ്കലിൽ പരിപാടിയിൽ കാമകോടി അവകാശപ്പെട്ടു. വിവാദമായിട്ടും നിലപാടിൽനിന്ന്‌ പിൻമാറിയില്ല.


മറ്റൊരംഗം ഐബി മുൻ മേധാവി തപൻ ദേഖയാണ്‌. അദ്ദേഹം ഇന്റലിജൻസ്‌ ശേഖരണത്തിന്റെ തലപ്പത്തുണ്ടായിരുന്നപ്പോഴാണ്‌ 26പേർ കൊല്ലപ്പെട്ട പഹൽഗാം ഭീകാരക്രമണമുണ്ടായത്‌. ഇന്റലിജൻസ്‌ ശേഖരണത്തിലെ വീഴ്‌ചകളാണ്‌ ആക്രമണത്തിൽ കലാശിച്ചതെന്ന ആരോപണമുയർന്നിരുന്നു. ഹിമാചൽപ്രദേശ്‌ കേഡർ ഐഎഎസ്‌ ഉദ്യോഗസ്ഥനായ തപൻ ദേഖയ്‌ക്ക്‌ വിരമിച്ചശേഷം രണ്ടുതവണ സർവീസ്‌ ദീർഘിപ്പിച്ചു. ഇതോടെ മൂന്നുപതിറ്റാണ്ടിനിടെ ഏറ്റവും കൂടുതൽ കാലയളവ്‌ ഐബി മേധാവിയായിരുന്ന ഉദ്യോഗസ്ഥനായി.


മറ്റൊരംഗമായ ഗുജറാത്ത്‌ കേഡർ ഐഎഎസ്‌ ഉദ്യോഗസ്ഥ അനിതാകാർവാൾ സിബിഎസ്‌ഇ ചെയർപേഴ്‌സണായിരുന്ന 2018ൽ സിബിഎസ്‌ഇ 10–ാം ക്ലാസ്‌ ഗണിതശാസ്‌ത്രം, 12ാം ക്ലാസ്‌ എക്‌ണോമിക്‌സ്‌ ചോദ്യം ചോർന്നിരുന്നു. 2022ൽ വിദ്യാഭ്യാസ സെക്രട്ടറിയായി വിരമിച്ച അവർ 2014 ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഗുജറാത്തിലെ മുഖ്യ തെരഞ്ഞെടുപ്പ്‌ ഓഫീസറായിരുന്നു. കൽക്കരി വകുപ്പ്‌ സെക്രട്ടറിയായ അമൃത്‌ലാൽ മീണയാണ്‌ മറ്റൊരംഗം. 2022ൽ സെക്രട്ടറിയായശേഷം കോൾ ഇന്ത്യാ ലിമിറ്റഡിൽ ജനറൽ മാനേജർമാരുടെ നിയമനത്തിൽ അഴിമതിയാരോപണങ്ങളുയർന്നു.


മുൻ സമിതി 
ശുപാർശകൾ എവിടെ


​2024ൽ നീറ്റ്‌ ഉൾപ്പടെയുള്ള പരീക്ഷകളുടെ ചോദ്യച്ചോർച്ചയ്ക്കുപിന്നാലെ ഐഎസ്‌ആർഒ മുൻ ചെയർമാൻ കെ രാധാകൃഷ്‌ണൻ അധ്യക്ഷനായ സമിതി ര‍ൂപീകരിച്ചിരുന്നു. ‘പരീക്ഷകളുടെ സുഗമവും സുതാര്യവുമായ നടത്തിപ്പിനുള്ള’ ശുപാർശനൽകലായിരുന്നു ചുമതല.

എൻടിഎയെ ഉത്തരവാദിത്വമുള്ളതാക്കണം, സാങ്കേതികവിദ്യയുടെ സാധ്യതകൾ ഉപയോഗിച്ച്‌ പരീക്ഷാനടത്തിപ്പ്‌ ഭദ്രമാക്കണം, എൻക്രിപ്‌റ്റഡ്‌ ഡിജിറ്റൽ ട്രാൻസ്‌മിഷനും ഓൺ സൈറ്റ്‌ പ്രിന്റിങ്ങും നടപ്പാക്കണം,‍ പരീക്ഷകൾ വിവിധഘട്ടങ്ങളിൽ നടപ്പാക്കണം തുടങ്ങി നിരവധി ശുപാർശകൾ കൈമാറിയിരുന്നു. എന്നാൽ സർക്കാർ അവഗണിച്ചു.


നിലേക്കനി സമിതി: കോടതിയെ അറിയിച്ചു


മത്സരപ്പരീക്ഷകളിലെ ചോദ്യചോർച്ച തടയാനുള്ള മാർഗനിർദേശങ്ങൾക്കും പരിഷ്‌ക്കരണങ്ങൾക്കുമായി ഇൻഫോസിസ്‌ സഹസ്ഥാപകൻ നന്ദൻ നിലേക്കനിയുടെ നേതൃത്വത്തിൽ ഉന്നതതല സമിതി രൂപീകരിച്ച വിവരം കേന്ദ്രസർക്കാർ സുപ്രീംകോടതിയെ അറിയിച്ചു. ജസ്‌റ്റിസുമാരായ പി എസ് നരസിംഹ, അലോക് ആരാധെ എന്നിവരുടെ ബെഞ്ചിനെയാണ്‌ സോളിസിറ്റർ ജനറൽ തുഷാർ മേത്ത അറിയിച്ചത്‌.

നന്ദൻ നിലേക്കനിക്ക്‌ പുറമേ ഐഎസ്ആർഒ മുൻ ചെയർമാൻ എസ് സോമനാഥ്, ഐബി മുൻ ഡയറക്ടർ തപൻ ദേഖ, ഐഐടി മദ്രാസ് ഡയറക്ടർ വി കാമകോടി, മുൻ കേന്ദ്രവിദ്യഭ്യാസ സെക്രട്ടറി അനിത കർവാൾ, ലോജിസ്റ്റിക്സ് വിദഗ്ദ്ധൻ അമൃത് ലാൽ മീണ എന്നിവരാണ്‌ സമിതിയംഗങ്ങളെന്നും അറിയിച്ചു. നീറ്റ്‌ കംപ്യൂട്ടർ അധിഷ്‌ഠിത പരീക്ഷയാക്കണമന്നാവശ്യപ്പെട്ട്‌ സമർപ്പിച്ച ഹർജികൾ പരിഗണിക്കുകയായിരുന്നു ബെഞ്ച്‌.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home