നീറ്റ് റദ്ദാക്കി, പുതിയ തീയതി പിന്നീട്
print edition 22 ലക്ഷം വിദ്യാർഥികൾ ആശങ്കയിൽ

നീറ്റ് റദ്ദാക്കിയതിൽ പ്രതിഷേധിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിലേക്ക് എസ്‌എഫ്‌ഐ നടത്തിയ മാർച്ചിനിടെ അഖിലേന്ത്യ പ്രസിഡന്റ് ആദർശ് എം സജിയെ ഡൽഹി പൊലീസ് അറസ്‌റ്റ് ചെയ്ത് നീക്കുന്നു , ഫോട്ടോ: പി വി സുജിത്
ന്യൂഡൽഹി: ചോദ്യപേപ്പർ ചോർച്ച പുറത്തായതോടെ ദേശീയ മെഡിക്കൽ പ്രവേശനപരീക്ഷ (നീറ്റ് യുജി) കേന്ദ്രസർക്കാർ റദ്ദാക്കി. എംബിബിഎസ്, ബിഡിഎസ്, ബിഎസ്‌സി നഴ്‌സിങ്, ആയുഷ് കോഴ്‌സുകളിലേക്കുള്ള പ്രവേശനം ലക്ഷ്യമിട്ട 22 ലക്ഷത്തോളം വിദ്യാർഥികളുടെ ഭാവിയാണ് അനിശ്ചിതത്വത്തിലായത്. പുതിയ പരീക്ഷയുടെ തീയതി പിന്നീട് അറിയിക്കുമെന്ന് നാഷണൽ ടെസ്റ്റിങ് ഏജൻസി (എൻടിഎ) അറിയിച്ചു. പുതിയ പരീക്ഷയുടെ തീയതി ഏഴ് മുതൽ 10 ദിവസത്തിനുള്ളിൽ പ്രഖ്യാപിക്കുമെന്ന് എൻടിഎ ഡയറക്‌ടർ ജനറൽ അഭിഷേക് സിങ് പറഞ്ഞു. സംഭവത്തിൽ സിബിഐ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. വിദ്യാർഥികളുടെ ഭാവി തുലാസിലാക്കുന്ന വീഴ്‌ചകളും ചോദ്യപേപ്പർ ചോർച്ചയും നിരന്തര സംഭവമായിട്ടും കാര്യക്ഷമമായ ഒരിടപെടലും കേന്ദ്രസർക്കാരിന് നടത്താനായിട്ടില്ലെന്ന വിമർശം ശക്തമായി.
മോദി സർക്കാർ അധികാരത്തിലെത്തിയതിനുശേഷം നാലാം തവണയാണ് നീറ്റ് ചോദ്യപേപ്പർ ചോരുന്നത്. ‘ഉൗഹ പേപ്പർ’ എന്ന പേരിൽ വാട്‌സാപ്പ് അടക്കമുള്ള സമൂഹമാധ്യമങ്ങളിലൂടെ കെമിസ്‌ട്രി, ബയോളജി വിഷയങ്ങളിലായി നാന്നൂറിലേറെ ചോദ്യങ്ങളാണ് വെള്ളക്കടലാസിൽ എഴുതിയ നിലയിൽ ഇത്തവണ വിദ്യാർഥികൾക്കിടയിൽ പ്രചരിച്ചത്. 2024ൽ ഉണ്ടായ ചോദ്യപേപ്പർ ചോർച്ച രാജ്യവ്യാപക പ്രതിഷേധങ്ങൾക്കും കോടതി നടപടികൾക്കും കാരണമായിരുന്നു. 2016, 2021 വർഷങ്ങളിലും നീറ്റ് ചോദ്യപേപ്പർ ചോർന്നു.
ഇനി ചോദ്യപേപ്പർ ചോർച്ചയുണ്ടാകില്ലെന്നും അതിനുള്ള നടപടികളെടുക്കുമെന്നും കോടതിക്ക് എൻടിഎ ഉറപ്പുനൽകി രണ്ട് വർഷം പൂർത്തിയാകുന്നതിന് മുന്നേയാണ് വീണ്ടും ചോർച്ച. കേന്ദ്രസർക്കാർ നടത്തുന്ന മറ്റ് പരീക്ഷകളും സംശയനിഴലിലാണ്. പരീക്ഷകൾ കൂടുതൽ ഉത്തരവാദിത്വത്തോടെ നടത്താനാണ് എൻടിഎ സ്ഥാപിക്കുന്നത് എന്നായിരുന്നു കേന്ദ്രസർക്കാർ വാദം. എന്നാൽ നീറ്റ്, യുജിസി നെറ്റ് പരീക്ഷകളിൽ ചോർച്ചയുണ്ടാകുന്നത് പതിവായി. എൻടിഎ നടത്തുന്ന ജെഇഇ പരീക്ഷകളിൽ ആൾമാറാട്ടം ഉൾപ്പെടെയുണ്ടായി. സിബിഎസ്‌ഇ, എസ്‌എസ്‌സി, റെയിൽവേ റിക്രൂട്ട്മെന്റ് പരീക്ഷകളിലും ക്രമക്കേട് കണ്ടെത്തി.
വിദ്യാർഥി പ്രതിഷേധം
ന്യൂഡൽഹി: വിദ്യാർഥികളുടെ ഭാവി തുലാസിലാക്കിയ നീറ്റ് ചോദ്യപേപ്പർ ചോർച്ചയിൽ പ്രതിഷേധം ശക്തമായി. ഡൽഹിയിൽ വിദ്യാഭ്യാസ മന്ത്രാലയത്തിലേക്ക് എസ്‌എഫ്‌ഐ സംഘടിച്ച പ്രതിഷേധ മാർച്ചിനെ ഡൽഹി പൊലീസ് ക്രൂരമായി നേരിട്ടു. വിദ്യാർഥിനികൾ ഉൾപ്പെടെയുള്ളവരെ പൊലീസ് വലിച്ചിഴച്ചു. എസ്‌എഫ്‌ഐ അഖിലേന്ത്യ പ്രസിഡന്റ് ആദർശ് എം സജി, ജോയിന്റ് സെക്രട്ടറി ഐഷി ഘോഷ്, ഡൽഹി സംസ്ഥാന പ്രസിഡന്റ് സൂരജ് ഇളമൺ ഉൾപ്പെടെയുള്ളവരെ അറസ്റ്റ് ചെയ്തു. എൻഎസ്‌യുഐ ഡൽഹി ജന്തർ മന്തറിൽ പ്രതിഷേധിച്ചു.
ചോദ്യപേപ്പർ ചോർച്ചയ്‌ക്കെതിരെ സംസ്ഥാനത്തും വിദ്യാർഥിരോഷമിരമ്പി. തിരുവനന്തപുരത്ത് എജീസ് ഓഫീസിലേക്ക് എസ്എഫ്ഐ നടത്തിയ മാർച്ച് സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവ് ഉദ്ഘാടനംചെയ്തു. കന്റോൺമെന്റ് റോഡിൽ ഇരുമ്പുഗേറ്റുവച്ച് മാർച്ച് തടഞ്ഞ പൊലീസ് രണ്ടുതവണ ജലപീരങ്കി പ്രയോഗിച്ചു. എജീസ് ഓഫീസ് വളപ്പിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചവരെ മർദിച്ചു. കസ്‌റ്റഡിയിലെടുത്ത ജില്ലാ കമ്മിറ്റി അംഗം അരുൺ ഷിബുവിനെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് കന്റോൺമെന്റ് പൊലീസ് സ്റ്റേഷനിലേക്കും മാർച്ച് നടത്തി.
എൻടിഎ പിരിച്ചുവിടണം: സിപിഐ എം
ന്യൂഡൽഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ചയുടെ പശ്ചാത്തലത്തിൽ പരീക്ഷാനടത്തിപ്പിന്റെ ചുമതലയുള്ള നാഷണൽ ടെസ്റ്റിങ് ഏജൻസി (എൻടിഎ) കേന്ദ്രസർക്കാർ പിരിച്ചുവിടണമെന്ന് സിപിഐ എം പൊളിറ്റ്‌ബ്യൂറോ ആവശ്യപ്പെട്ടു. എൻടിഎയ്ക്ക് ചുമതല കെൈമാറിയശേഷം ഇതാദ്യമായല്ല ചോദ്യപേപ്പർ ചോരുന്നത്. പരീക്ഷാനടത്തിപ്പ് വികേന്ദ്രീകരിക്കണം. പരീക്ഷാനടത്തിപ്പിന്റെ ചുമതല ബന്ധപ്പെട്ട സർക്കാർ ഏജൻസികൾക്ക് കൈമാറണം. ചോർച്ചയെ കുറിച്ച് സമഗ്രമായി അന്വേഷിച്ച് ഉത്തരവാദികളെ കണ്ടെത്തി കടുത്ത ശിക്ഷ ഉറപ്പുവരുത്തണം.
22 ലക്ഷത്തിലേറെ വിദ്യാർഥികളാണ് നീറ്റ് എഴുതിയത്. ചോദ്യപേപ്പർ ചോർച്ച ഇവരെ കടുത്ത മാനസിക സംഘർഷത്തിലേക്ക് തള്ളിവിട്ടിരിക്കുകയാണ്. വിദ്യാർഥികളുടെ ഭാവി അപകടത്തിലാകില്ലെന്ന് ഉറപ്പാക്കണമെന്നും പിബി ആവശ്യപ്പെട്ടു.











0 comments